Connect with us

Gulf

പുരസ്‌കാര ലബ്ധിയില്‍ ഏറെ സന്തുഷ്ടന്‍: പി കെ പാറക്കടവ്

Published

|

Last Updated

ദുബൈ: സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലബ്ധിയില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്ന് കഴിഞ്ഞ ദിവസം യു എ ഇയിലെത്തിയ സാഹിത്യകാരന്‍ പി കെ പാറക്കടവ്. അബുദാബിയിലെ ഒരു പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞ ദിവസമാണ് ദുബൈ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ പുരസ്‌കാര വാര്‍ത്ത അറിഞ്ഞത് തന്നെ ഏറെ ആഹ്ലാദഭരിതനാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ എഴുത്തിന്റെ ലോകത്തേക്ക് ആദ്യമായി സമ്മാനിച്ച പുസ്തകം പ്രവാസത്തെ കുറിച്ചായിരുന്നു. “ഖോര്‍ഫുഖാന്‍ കുന്ന്” എന്നായിരുന്നു ആദ്യ കഥാസമാഹാരത്തിന്റെ പേര്. അതിലൂടെ ഏറെ വായനക്കാരെ തനിക്ക് പ്രവാസ ലോകത്തു നിന്ന് നേടി തന്നു. പിന്നീട് 37 കൃതികള്‍ തന്റേതായി സാഹിത്യ ലോകത്തുണ്ട്. ഇതില്‍ അവസാനമായി എഴുതിയ കൃതിയും പ്രവാസ ലോകത്തെ കുറിച്ചായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീനിലെ പോരാട്ടവും പ്രണയവും ഇതിവൃത്തമായിട്ടുള്ള “ഇടിമിന്നലുകളുടെ പ്രണയം” ഇതിനോടകം മൂന്ന് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഈ പുസ്തകത്തിനാണ് അബുദാബി മലയാളി സമാജം പുരസ്‌കാരം ഏര്‍പെടുത്തിയത്. ഏറെ പ്രിയപ്പെട്ട വായനക്കാരുള്ള പ്രവാസ ലോകത്തു നിന്നും തനിക്ക് പുരസ്‌കാര വാര്‍ത്ത ശ്രവിക്കാന്‍ കഴിഞ്ഞതില്‍ താനേറെ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കല്‍ ബുര്‍ഗിയടക്കമുള്ള എഴുത്തിന്റെ കുലപതികളെ അസഹിഷ്ണുതയുടെ വാക്താക്കള്‍ കൊന്ന് തള്ളിയപ്പോള്‍ മൗനം പൂണ്ട കേന്ദ്രത്തിന്റെയും അക്കാദമിയുടെയും നടപടിയില്‍ പ്രതിഷേധിച്ചു കേന്ദ്ര അക്കാഡമി രാജി വെച്ച വ്യക്തിയാണ് താന്‍. താനെന്നും ഇരകളുടെ പക്ഷത്താണ് നിലകൊള്ളാറുള്ളത്. പ്രവാസത്തിന്റെ ഊഷരതയില്‍ ചൂടേറ്റ് തളരുന്ന പ്രവാസി സുഹൃത്തുക്കളുടെ പക്ഷം പിടിക്കാനും താന്‍ ഏറെ ഇഷ്ടപെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Latest