ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പാണ്ഡെ കുറ്റവിമുക്തന്‍

Posted on: February 22, 2018 9:44 am | Last updated: February 22, 2018 at 9:44 am

അഹമ്മദാബാദ്: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ഡി ജി പി. പി പി പാണ്ഡെയെ കുറ്റവിമുക്തനാക്കി. സി ബി ഐ പ്രത്യേക കോടതി ജഡ്ജി ജെ കെ പാണ്ഡ്യയാണ് പാണ്ഡെയെ കേസില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ ജാമ്യത്തിലുള്ള പാണ്ഡെ സംസ്ഥാനത്തെ മുതിര്‍ന്ന ഐ പി എസ് ഓഫീസറാണ്. ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2013ലാണ് പാണ്ഡെയെ സി ബി ഐ അറസ്റ്റ് ചെയ്യുന്നത്.

ഇതാദ്യമാണ് ഇശ്‌റത്ത് ജഹാന്‍ കേസില്‍ കുറ്റാരോപിതനായ ഒരാളെ വിചാരണയില്‍ നിന്നൊഴിവാക്കുന്നത്. പാണ്ഡെയെ കുറ്റവിമുക്തനാക്കുന്നതിനെ കോടതിയില്‍ സി ബി ഐ എതിര്‍ത്തിരുന്നു. പാണ്ഡെക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന് ദൃക്‌സാക്ഷികളുണ്ടെന്ന് കോടതിയില്‍ എഴുതി നല്‍കിയ മറുപടിയില്‍ സി ബി ഐ വ്യക്തമാക്കിയിരുന്നു.
1980 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് പാണ്ഡെ. അറസ്റ്റിലായ ശേഷം പത്തൊമ്പത് മാസം ജയിലിലായിരുന്നു. 2015 ഫെബ്രുവരിയിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. പിന്നീട് സംസ്ഥാന പോലീസില്‍ തിരികെ കയറിയ പാണ്ഡെ, കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.

ഇശ്‌റത്ത് ജഹാന്‍ കേസില്‍ പാണ്ഡെക്ക് പുറമെ റിട്ട. ഐ പി എസ് ഓഫീസര്‍ ഡി ജി വന്‍സാര, ഐ പി എസ് ഓഫീസര്‍ ജി എല്‍ സിംഘാല്‍, റിട്ട. ഡി എസ് പി. എന്‍ കെ അമിന്‍, റിട്ട. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തരുണ്‍ ബറോട്ട്, രണ്ട് പോലീസുകാര്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇശ്‌റത്ത് ജഹാന്‍, സുഹൃത്തും മലയാളിയുമായ പ്രാണേഷ് പിള്ള എന്ന ശെയ്ഖ് ജാവേദ്, രണ്ട് പാക്കിസ്ഥാന്‍ സ്വദേശികള്‍ എന്നിവരെ 2004ലാണ് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചത്. ഗുജറാത്ത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഐ ബിയിലെ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.