മര്‍കസ് റൂബി ജൂബിലി സ്മാരകം ഹിജ്‌റ മുസാഫിര്‍ ഭവന്‍ ഉദ്ഘാടനം 24ന്

Posted on: February 22, 2018 9:28 am | Last updated: February 22, 2018 at 9:28 am

മലപ്പുറം: മര്‍കസ് റൂബി ജൂബിലി സ്മാരകമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൂര്‍ത്തിയായി വരുന്ന ഹജ്ജ് ഇസ്തിറാഹ ആന്‍ഡ് ജാമിഉ ളുയൂഫുര്‍റഹ്മാന്‍ ആര്‍ക്കേഡ് (ഹിജ്‌റ) ഉദ്ഘാടനവും ഹജ്ജ് എമ്പാര്‍ക്കേഷന്‍ സംബന്ധമായ ജനകീയ വിചാരണയും ഈ മാസം 24ന് കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് ത്വയ്ബ എയര്‍പോര്‍ട്ട് ഗാര്‍ഡനില്‍ നടക്കും. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഇഹ്‌റാമിനും വിശ്രമിക്കാനും യാത്രാ മുന്നൊരുക്കങ്ങള്‍ക്കുമുള്ള വിശാലമായ സൗകര്യമാണ് യാഥാര്‍ഥ്യമാകുന്നത്.

600 പുരുഷന്‍മാര്‍ക്കും 200 സ്ത്രീകള്‍ക്കുമുള്ള നിസ്‌കാര ഹാള്‍, എയര്‍പോര്‍ട്ട് വ്യൂ ലോഞ്ച്, ഹജ്ജ് ഇസ്തിറാഹ, ഉംറ ഇഹ്‌റാം സെന്റര്‍, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ഷോപ്പിംഗ് സെന്റര്‍, സാന്ത്വനം സെന്റര്‍, കാര്‍ പാര്‍ക്കിംഗ്, സുന്നി കാര്യാലയം എന്നിവ അടങ്ങുന്നതാണ് ഹിജ്‌റാ ഭവന്‍. വൈകീട്ട് ഏഴ് മണിക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എം എ എച്ച് അസ്ഹരി, അബൂഹനീഫല്‍ ഫൈസി തെന്നല, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, പ്രൊഫ. കെ എം എ റഹീം പ്രസംഗിക്കും. പ്രവേശനവും കെട്ടിട സമര്‍പ്പണം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.

മൂന്ന് മണിക്ക് നടക്കുന്ന ‘ഹജ്ജ് എമ്പാര്‍ക്കേഷന്‍: കരിപ്പൂര്‍ അയോഗ്യമോ?’ എന്ന വിഷയത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ കുഞ്ഞി മുഹമ്മദ് മൗലവി ക്ലാസെടുക്കും. എം എല്‍ എമാരായ അഡ്വ. പി ടി എ റഹീം, വി അബ്ദുര്‍റഹ്മാന്‍, പി അബ്ദുല്‍ ഹമീദ് സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി ഇന്ന് വൈകീട്ട് എട്ടിന് എസ് എം എ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ തങ്ങളുടെ ആഭിമുഖ്യത്തില്‍ ആത്മീയ സമ്മേളനം നടക്കും. നാളെ വൈകിട്ട് മൂന്നിന് കരിപ്പൂര്‍ സര്‍ക്കിള്‍ മഹല്ല് സംഗമവും ദഅ്‌വ ക്യാമ്പും നടക്കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, എസ് എം എ ജില്ലാ സെക്രട്ടറി പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി ക്ലാസെടുക്കും. രാത്രി ഏഴിന് സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, ശാക്കിര്‍ ബാഖവി മമ്പാട് പ്രഭാഷണം നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ തറയിട്ടാല്‍ ഹസന്‍ സഖാഫി, ജനറല്‍ കണ്‍വീനര്‍ എ കെ ഹസന്‍ മുസ്‌ലിയാര്‍, കണ്‍വീനര്‍മാരായ പി ടി മുഹമ്മദ് കോയ മൗലവി, പി ടി അബ്ദുല്‍ ലത്വീഫ് പങ്കെടുത്തു.