മൂന്ന് ദിവസത്തിനിടെ 300 മരണം; മരണം കാത്ത് ഹൗതയില്‍ ആയിരങ്ങള്‍

Posted on: February 22, 2018 9:23 am | Last updated: February 22, 2018 at 12:21 pm

ദമസ്‌കസ്: സിറിയയിലെ വിമത കേന്ദ്രമായ ഹൗതയിലെ തെക്കന്‍ മേഖലയില്‍ സൈനിക ആക്രമണം തുടരുന്നു. റഷ്യയുടെ യുദ്ധവിമാനം തെക്കന്‍ ഹൗതയിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെ വട്ടമിട്ടുപറക്കുകയാണ്. ഏത് നിമിഷവും മരണം കാത്ത് നില്‍ക്കുന്ന അവസ്ഥയിലാണ് ഹൗതയിലെ ആയിരക്കണക്കിന് ജനങ്ങളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയുണ്ടായ സൈനിക ആക്രമണത്തില്‍ തെക്കന്‍ ഹൗതയില്‍ മാത്രം 27 പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ഇവിടെ 300 ഓളം പേര്‍ കൊല്ലപ്പെട്ടതായും ഇവരില്‍ 60 കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 1,400 ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.

അതിനിടെ, ഹൗതയിലെ സ്ഥിതി മഹാവിപത്തായി മാറിയിരിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹം സിറിയന്‍ ജനതയെ ഉപേക്ഷിക്കുകയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സംഘര്‍ഷ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഡോക്ടറെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. ‘ഞങ്ങള്‍ക്കിടവിടെ ഒന്നുമില്ല. ഭക്ഷണമോ മരുന്നോ പാര്‍പ്പിടമോ ലഭിക്കുന്നില്ല. ഓരോ മിനിട്ടിലും ഇവിടെ പത്തോ ഇരുപതോ വ്യോമാക്രമണം നടക്കുകയാണ്’ ഡോ. ബഅസ്സാം വ്യക്തമാക്കി.

വിമത തീവ്രവാദികളില്‍ നിന്ന് ഹൗതയിലെ ജനതയെ സ്വതന്ത്രമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിറിയന്‍ സൈന്യം വ്യക്തമാക്കുന്നുണ്ടെങ്കിലും കൊല്ലപ്പെടുന്നവരില്‍ നല്ലൊരു ശതമാനവും സിവിലിയന്മാരാണ്. റഷ്യന്‍ സൈന്യത്തിന്റെ യുദ്ധവിമാനം വിമതര്‍ വെടിവെച്ചിട്ടതിന് പിന്നാലെയാണ് തെക്കന്‍ ഹൗതയിലെ ആക്രമണം സൈന്യം ശക്തമാക്കിയത്.