റോഡ് നവീകരണം തുടരുന്നു; താമരശ്ശേരി ചുരത്തില്‍ ഇന്നു മുതല്‍ വീണ്ടും ഗതാഗത നിയന്ത്രണം

Posted on: February 22, 2018 9:10 am | Last updated: February 22, 2018 at 11:10 am

കല്‍പ്പറ്റ: ദേശീയ പാതയില്‍ താമരശ്ശേരി ചുരം 1, 6, 7, 8 വളവുകളില്‍ റോഡിന്റെ ഉപരിതല ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി അവസാനിക്കുന്നതു വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ദേശീയപാതാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
അതിനിടെ, ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ടണല്‍ റോഡ് നിര്‍മാണം സംബന്ധിച്ച ആലോചനകള്‍ നടന്നുവരികയാണ്. രണ്ട് ടണല്‍ റോഡ് നിര്‍മാണ പദ്ധതികള്‍ പരിഗണനയിലുണ്ട്. ചുരം റോഡ് നവീകരണത്തിനായി സ്ഥിരം സംവിധാനമുണ്ടാക്കാനും കഴിഞ്ഞ ദിവസം കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. മരുതിലാവ്-വൈത്തിരി-കല്‍പ്പറ്റ, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ഭൂഗര്‍ഭ പാതകളുടെ ഡി പി ആര്‍ (ഡീറ്റയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട്) കൊങ്കണ്‍ റെയില്‍വേയുടെ സഹായത്തോടെ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും.

പദ്ധതിക്കായി കിഫ്ബിയില്‍ നിന്ന് പണം കണ്ടെത്തുന്ന കാര്യവും പരിഗണനയിലാണ്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡിന് ആറര കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. മരുതിലാവ്-വൈത്തിരി വരെ ആറ് കിലോമീറ്ററും കല്‍പ്പറ്റ വരെയുള്ള ടണല്‍ റോഡിന് 13 കിലോമീറ്ററും ദൈര്‍ഘ്യമുണ്ടായിരിക്കും.
അറ്റകുറ്റപ്പണികള്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന യോഗ തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്. വലിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിദിനം 14,000 വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ ഉത്സവ സീസണുകളില്‍ 20,000 വാഹനങ്ങള്‍ വരെ സഞ്ചരിക്കുന്നു. കുഴികള്‍ അതതു സമയത്ത് തന്നെ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ സൗകര്യമുണ്ടാക്കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ചുരത്തിലെ എല്ലാ ഹെയര്‍പിന്‍ വളവുകളിലും ടൈല്‍ പാകും. ചുരം റോഡിന്റെ വീതി കൂട്ടുന്ന പ്രവൃത്തിയും ഉടന്‍ ആരംഭിക്കും. വനംവകുപ്പില്‍ നിന്ന് 0.98 ഹെക്ടര്‍ ഭൂമി വിട്ടുകിട്ടുന്ന മുറക്ക് റോഡ് വീതി കൂട്ടല്‍ പ്രവൃത്തി ആരംഭിക്കും. ഭൂമി വിട്ടുകിട്ടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.