‘നീ ശുഐബിന്റെ പേരില്‍ ഫണ്ട് പിരിക്കും അല്ലെടാ’… ശുഐബ് രക്തസാക്ഷി ഫണ്ട് സമാഹരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനം

Posted on: February 21, 2018 10:10 am | Last updated: February 21, 2018 at 10:10 am

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായിരുന്ന എടയൂരിലെ ശുഐബിന്റെ കുടുംബത്തിനായി സഹായധന സമാഹരണം നടത്തുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനം. ഉള്ള്യേരി ബൂത്ത് പ്രസിഡന്റ് ഗംഗാധരനാണ് മര്‍ദനമേറ്റത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പരുക്കേറ്റ ഇദ്ദേഹത്തെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ആശുപത്രിയിലെത്തി ഗംഗാധരനെ സന്ദര്‍ശിച്ചു. ശുഐബിന്റെ ഗതി വരുമെന്ന് ഭീഷണിമുഴക്കിയാണ് ഗംഗാധരനെ മര്‍ദിച്ചതെന്ന് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് പറഞ്ഞു. നീ ശുഐബിന്റെ പേരില്‍ ഫണ്ട് പിരിക്കും അല്ലെടാ… നിന്റെ പേരിലും ഇതു പോലെ ഫണ്ട് പിരിക്കേണ്ടി വരും എന്നാക്രോശിച്ചുകൊണ്ടായിരുന്നു മര്‍ദനമെന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.