ദേശീയ സീനിയര്‍ വോളി: കേരളാ ടീമുകള്‍ ഇന്നിറങ്ങും

Posted on: February 21, 2018 9:16 am | Last updated: February 21, 2018 at 11:01 am

കോഴിക്കോട്: കേരളത്തിന്റെ ഗ്രാമാന്തരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വോളിയുടെ ദേശീയ ഉത്സവത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം. സ്വപ്‌നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. 16 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സീനിയര്‍ ദേശീയ വോളിബോള്‍ വീണ്ടും കേരളത്തിലെത്തുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവ് എ സി ഏലമ്മയുടെ നേതൃത്വത്തിലുള്ള ദിപശിഖാ പ്രയാണ ജാഥ ഇന്നലെ വൈകീട്ട് ആറോടെ സ്റ്റേഡിയത്തിലെത്തി.
ഇന്ന് രാവിലെ മറ്റ് സംസ്ഥാനങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ക്ക് ശേഷം വൈകീട്ട് 4.30ന് കേരള ടീം രാജസ്ഥാനെ നേരിടും. വൈകീട്ട് ഏഴിന് കേരള വനിതകള്‍ തെലങ്കാന ടീമിനോട് ഏറ്റുമുട്ടും. പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും സ്വപ്‌നനഗരിയില്‍ താത്കാലികമായി ഉയര്‍ത്തിയ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക. പുരുഷ വിഭാഗത്തില്‍ 28ഉം വനിതാ വിഭാഗത്തില്‍ 26ഉം ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. നിലവിലെ ജേതാക്കളായ കേരളത്തിന് പുറമെ റെയില്‍വേ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ്, കര്‍ണാടക, സര്‍വീസസ്, പഞ്ചിമബംഗാള്‍, ആന്ധ്ര തുടങ്ങിയ ടീമുകള്‍ക്ക് സ്വപ്‌നനഗരിയാണ് മത്സരവേദി.
രാജസ്ഥാന് പുറമെ 22ന് 4.30ന് ആന്ധ്രയോടും 23ന് 5.30ന് പഞ്ചാബിനോടുമാണ് കേരളത്തിന്റെ പുരുഷ വിഭാഗം ഗ്രൂപ്പ് മത്സരങ്ങള്‍. വനിതാ വിഭാഗത്തില്‍ തെലങ്കാനക്ക് പുറമെ 22ന് ആറിന് യു പിയുമായും 24ന് 8.30ന് മഹാരാഷ്ട്രയുമായും കേരള വനിതകള്‍ ഏറ്റുമുട്ടും. തമിഴ്‌നാട്ടുകാരന്‍ ജെറോം വിനീതാണ് കേരള പുരുഷ ടീമിന്റെ ക്യാപ്റ്റന്‍. വനിതാ ടീമിനെ ജി അഞ്ജുമോള്‍ നയിക്കും.

ഉദ്ഘാടന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ അധ്യക്ഷത വഹിച്ചു. വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ രാമവതാര്‍ സിംഗ് ജാഖര്‍, കെ കെ മൊയ്തീന്‍കോയ സംസാരിച്ചു. വോളിബോള്‍ ഫെഡറേഷന്‍ ഇന്ത്യ പ്രസിഡന്റ് ഇര്‍വിന്‍ സോര്‍, അസോസിയേറ്റ് സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീര്‍, കേരള സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇന്‍ ചാര്‍ജ് ആര്‍ ബിജുരാജ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മെഹ്്ബൂബ്, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സി സത്യന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.