വിദേശ ചികിത്സ കഴിഞ്ഞെത്തിയ സായിദ് ബിന്‍ ഹംദാനെ രാഷ്ട്ര നേതാക്കള്‍ സന്ദര്‍ശിച്ചു

Posted on: February 20, 2018 8:06 pm | Last updated: February 20, 2018 at 8:06 pm
SHARE
ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനെ അബുദാബി അല്‍ ബഹര്‍ കൊട്ടാരത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിച്ചപ്പോള്‍

ദുബൈ: യമനില്‍ ഹൂത്തി തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരുക്കേറ്റ് വിദേശ ചികിത്സ കഴിഞ്ഞെത്തിയ അബുദാബി ഭരണകുടുംബാംഗം ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാ(27)നെ രാഷ്ട്ര നേതാക്കള്‍ സന്ദര്‍ശിച്ചു. 2017 ആഗസ്റ്റില്‍ ഷബ്‌വ ഗവര്‍ണറേറ്റിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ രണ്ട് യു എ ഇ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും നാലു പേര്‍ രക്തസാക്ഷ്യം വരിക്കുകയും ചെയ്തിരുന്നു.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ അബുദാബിയിലെ അല്‍ ബഹര്‍ കൊട്ടാരത്തിലെത്തിയാണ് ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനെ കണ്ടത്.

‘സായിദ് ബിന്‍ ഹംദാന്‍ ആരോഗ്യത്തോടെ സ്വരാജ്യത്ത് തിരിച്ചെത്തിയതായി’ ജനറല്‍ ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

അദ്ദേഹത്തിന്റെ തലമുറയിലുള്ളവര്‍ക്ക് ശൈഖ് സായിദ് ബിന്‍ ഹംദാന്‍ മാതൃകയാണ്. രാജ്യം അദ്ദേഹത്തെയും തങ്ങളുടെ സേനാംഗങ്ങളെയുംതൊട്ട് അഭിമാനിക്കുന്നു, ശൈഖ് മുഹമ്മദ് പറഞ്ഞു.
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പേരമകനാണ് സായിദ് ബിന്‍ ഹംദാന്‍. യു എ ഇ സായുധസേനയില്‍ അംഗമാകുന്നതിന് മുമ്പ് 2009ല്‍ ബ്രിട്ടനിലെ സാന്ദ്രസ്റ്റ് റോയല്‍ മിലിട്ടറി കോളജിലായിരുന്നു പഠനം പൂര്‍ത്തീകരിച്ചത്.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here