ദീപങ്ങളാല്‍ ജ്വലിച്ച ഷാര്‍ജയില്‍ പ്രദര്‍ശനം കാണാനെത്തിയത് 10 ലക്ഷം സന്ദര്‍ശകര്‍

Posted on: February 19, 2018 7:06 pm | Last updated: February 26, 2018 at 8:11 pm

ഷാര്‍ജ: കഴിഞ്ഞ 11 ദിവസങ്ങളിലായി ഷാര്‍ജയെ വര്‍ണദീപങ്ങളാല്‍ കുളിപ്പിച്ച പ്രകാശോത്സവം കാണാനെത്തിയത് വിവിധ രാജ്യക്കാരായ 10 ലക്ഷം സന്ദര്‍ശകര്‍. മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര-പ്രാദേശിക മാധ്യമങ്ങളാണ് പ്രകാശോത്സവത്തെ ഒപ്പിയെടുത്തത്. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഷാര്‍ജയുടെ സ്ഥാനം ഉന്നതയിലെത്തിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടിനനുസൃതമായി നടത്തിവരുന്ന പ്രകാശോത്സവം, അതിന്റെ ലക്ഷ്യം നിറവേറ്റിയതിന്റെ ഉദാഹരണമാണ് സന്ദര്‍ശകരുടെ ബാഹുല്യമെന്ന് ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു. രാജ്യം ‘സായിദ് വര്‍ഷം’ ആചരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനോടുള്ള ആദരസൂചകമായി ശൈഖ് സായിദിന്റെ അപൂര്‍വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള നയമനോഹരമായ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

2021ഓടെ പ്രദര്‍ശനം ആസ്വദിക്കാന്‍ ഒരു കോടി സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് ഖാലിദ് ജാസിം അല്‍ മിദ്ഫ വ്യക്തമാക്കി. ഷാര്‍ജയുടെ സവിശേഷതയും സാംസ്‌കാരിക-പൈതൃകവും വാസ്തുശില്‍പ ഭംഗിയും ലോകത്തിന് തുറന്നുകാണിക്കാന്‍ വരുംവര്‍ഷങ്ങളില്‍ പ്രകാശോത്സവം പോലുള്ള കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം ഏഴു മുതല്‍ 17 വരെ ഷാര്‍ജയിലെ 18 സ്ഥലങ്ങളിലാണ് പ്രകാശോത്സവ പ്രദര്‍ശനങ്ങള്‍ അവതരിപ്പിച്ചത്.