ശുഐബ് വധം: പിടിയിലായത് യഥാര്‍ഥ പ്രതികള്‍ തന്നെയെന്ന് എഡിജിപി

Posted on: February 19, 2018 5:48 pm | Last updated: February 20, 2018 at 9:32 am
എഡിജിപി രാജേഷ് ധിവാന്‍

കണ്ണൂര്‍: ശുഐബ് വധക്കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികള്‍ തന്നെ ആണെന്ന് ഉത്തരമേഖലാ എഡിജിപി രാജേഷ് ധിവാന്‍. അറസ്റ്റിലായ രണ്ട് പേരും സിപിഎം പ്രവര്‍ത്തകരാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതികള്‍ കീഴടങ്ങിയതല്ലെന്നും പോലീസ് അറസ്റ്റ് ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും എഡിജിപി പറഞ്ഞു.

കേസന്വേഷണത്തില്‍ പോലീസിന് മേല്‍ ഒരു സമ്മര്‍ദവും ഇല്ല. പിടികൂടിയ രണ്ട് പേരും യഥാര്‍ഥ പ്രതികളാണ്. അവര്‍ക്ക് കുറ്റകൃത്യത്തില്‍ വ്യക്തമായ പങ്കുണ്ട്. പ്രതികളല്ലാത്ത നിരപരാധികളെ അറസ്റ്റ് ചെയ്യേണ്ട കാര്യം തനിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ട കാര്യം പോലീസിനില്ലെന്നും എഡിജിപി വ്യക്തമാക്കി.