Connect with us

National

ബേങ്ക് വായ്പാ തട്ടിപ്പ്: റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബേങ്ക് വായ്പാ തട്ടിപ്പ് കേസില്‍ റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി ആയിരം കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. കോത്താരിയുടെ കാണ്‍പൂരിലെ വീട്ടില്‍ സിബിഐ റെയ്ഡ് തുടരുകയാണ്.

യൂനിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എന്നിവയാണ് ചട്ടങ്ങള്‍ ലംഘിച്ച് കോത്താരിക്ക് വായ്പ അനുവദിച്ചത്. യൂണിയന്‍ ബാങ്ക് 485 കോടി രൂപയും അലഹബാദ് ബാങ്ക് 352 കോടി രൂപയുമാണ് നല്‍കിയത്. ഇത് മാത്രം 837 കോടി വരും. മറ്റ് ബാങ്കുകള്‍ നല്‍കിയ വായ്പയുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. എല്ലാംകൂടി ആയിരം കോടിയിലേറെ വരുമെന്നാണ് കരുതുന്നത്. വായ്പയില്‍ ഇതുവരെ പലിശയോ മുതലോ തിരിച്ചടച്ചിട്ടില്ല.

സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം കോത്താരി രാജ്യം വിട്ടെന്ന അഭ്യൂഹങ്ങള്‍ നിലനിന്നെങ്കിലും താന്‍ കാണ്‍പൂരില്‍ തന്നെയുണ്ടെന്നും തിരിച്ചടയ്‌ക്കേണ്ട തുക ഉടന്‍ തന്നെ ബാങ്കുകളില്‍ അടയ്ക്കുമെന്നും കോത്താരി പ്രതികരിച്ചിരുന്നു. അതിനിടെയാണ് അറസ്റ്റ്.

പലിശയടക്കം 5,000 കോടി രൂപയോളം തിരിച്ചടവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിംഗ് ചട്ടങ്ങള്‍ അട്ടിമറിച്ചാണ് കോത്താരിക്ക് ഇത്രയും വലിയ തുക ബാങ്കുകള്‍ നല്‍കിയതെന്നും ആരോപണമുയര്‍ന്നിരുന്നു. കോത്താരിയുടെ സ്വത്തുകള്‍ കണ്ടുകെട്ടുമെന്ന് അലഹബാദ് ബാങ്ക് മാനേജ്‌മെന്റ് പ്രതികരിച്ചു. ഒരാഴ്ചയായി കാണ്‍പൂര്‍ നഗരത്തിലെ കോത്താരിയുടെ ഓഫീസ് പൂട്ടിയിട്ട നിലയിലായിരുന്നു.

 

Latest