Connect with us

Articles

നഷ്ടം സംഭവിച്ചതല്ല; വരുത്തി വെച്ചത്

Published

|

Last Updated

കെ എസ് ആര്‍ ടി സി
എങ്ങനെ
കട്ടപ്പുറത്തായി?: 3

കൈ കാണിച്ചാല്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന കെ എസ് ആര്‍ ടി സി ബസ് മലയാളിയുടെ ഒരു പൊതു അനുഭവമാണ്. സ്റ്റോപ്പില്‍ നിറയെ ആള്‍ക്കാര്‍ ഏറെ നേരം കാത്തു നിന്നാലും ബസ് വരാത്തതും നാമമാത്രമായ യാത്രക്കാര്‍ സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഒരേ സ്ഥലത്തേക്ക് ഒന്നിലേറെ ബസ് ഒരുമിച്ച് വരുന്നതുമെല്ലാം കെ എസ് ആര്‍ ടി സി മാത്രം മലയാളിക്ക് നല്‍കിയിരുന്ന അനുഭവങ്ങളാണ്. ഇത് എപ്പോഴുമുള്ള അനുഭവങ്ങളല്ലെന്ന് സമ്മതിക്കുമ്പോഴും കെ എസ് ആര്‍ ടി സിയെന്ന് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിവരുന്ന കാര്യങ്ങള്‍ ഇവയാണ്. സര്‍വീസില്‍ ആവര്‍ത്തിക്കുന്ന ഇത്തരം സമീപനങ്ങളും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള പിടിപ്പുകേടുകളുമാണ് കെ എസ് ആര്‍ ടി സിയെ നഷ്ടത്തിലാക്കുന്ന ഘടകങ്ങള്‍. ജനങ്ങള്‍ക്ക് സേവനം നല്‍കേണ്ട കോര്‍പ്പറേഷനില്‍ നിന്നുണ്ടാകുന്ന ജനോപകാരമല്ലാത്ത നടപടികള്‍ ആത്യന്തികമായി കോര്‍പ്പറേഷനെ പ്രതിക്കൂട്ടിലാക്കാന്‍ വഴിതെളിക്കും.

കോര്‍പ്പററേഷന്റെ അഴിമതി തുറന്നു കാട്ടുന്ന ചില ഉദാഹരണങ്ങളെങ്കിലും ചൂണ്ടിക്കാട്ടാതെ മുന്നോട്ട് പോകാനാവില്ല. ഗുണനിലവാരമില്ലാത്ത പെയിന്റ് വാങ്ങിയതിലൂടെ കെ എസ് ആര്‍ ടി സിക്ക് കോടികളുടെ നഷ്ടമുണ്ടായ സംഭവം ഇതിലൊന്നാണ്. 2011 വരെ ബെര്‍ജര്‍ പോലുള്ള കമ്പനികളുടെ ഗുണനിലവാരമുള്ള പെയിന്റാണ് ബസുകള്‍ക്കായി വാങ്ങിയിരുന്നത്. എന്നാല്‍ 2011 ന്‌ശേഷം പെയിന്റിംഗിന്റെ ചിലവ് ഇരട്ടിയായി വര്‍ധിച്ചു. ഇതേ കുറിച്ച് കെ എസ്ആര്‍ ടി സിയുടെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൃന്ദാവന്‍ എന്ന കമ്പനിയില്‍ നിന്നാണ് കെ എസ് ആര്‍ ടിസി പെയിന്റ് വാങ്ങിയത്. ഒട്ടും ഗുണനിലവാരം ഇല്ലാത്ത പെയിന്റായിരുന്നു കമ്പനിയുടേത്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇവരുടെ പെയിന്റാണ് ഉപയോഗിക്കുന്നതെന്ന വാദഗതി ഉദ്യോഗസ്ഥര്‍ നിരത്തിയെങ്കിലും ഈ കരാര്‍ കോര്‍പ്പറേഷന് കോടികളുടെ നഷ്ടമാണ് വരുത്തിയത്. ഇവരുടെ ഒരു ലിറ്റര്‍ പെയിന്റ് ടിന്നിനുള്ളില്‍ പകുതിയോളം ഓയിലായിരുന്നു. മൂന്നു കോട്ട് അടിച്ചാല്‍ പോലും ഫിനിഷിംഗ് കിട്ടാത്ത അവസ്ഥ. അമിതമായി പിഗ്മെന്റ് അടിഞ്ഞുകൂടിയിരിക്കുന്നതിനാല്‍ ടിന്നിന്റ പകുതി മാത്രമേ ഉപയോഗിക്കാനാകുന്നുള്ളൂ. ടിന്‍ തുറന്ന് അപ്പോള്‍ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ കട്ടപിടിക്കും.പെട്ടെന്ന് കട്ടിയാവുന്നത് കൊണ്ട് പകുതി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അതു കൊണ്ടു തന്നെ സാധാരണ ഗതിയില്‍ ഒരു ബസിനു 12 ലിറ്റര്‍ പെയിന്റാണ് വേണ്ടതെങ്കില്‍ ബൃന്ദാവന്‍ പെയിന്റ് 16ഉം 20ഉം ലിറ്റര്‍ ഉണ്ടെങ്കിലേ പെയിന്റിംഗ് പൂര്‍ത്തിയാക്കാനാകൂ. അന്ന് കെ എസ് ആര്‍ ടി സിക്ക് ഉണ്ടായിരുന്നത് 5803 ബസുകളാണ്. ഒരു വഷം ഒരു ബസിന് 6169 രൂപ വച്ച് മൊത്തം ബസുകള്‍ക്കായി 3,57,98,707 രൂപയാണ് പെയിന്റിംഗിനായി വേണ്ടിയിരുന്നത്. ഇത്തരത്തില്‍ രണ്ടര വര്‍ഷത്തിലേറെയാണ് കെ എസ് ആര്‍ ടി സി ഈ പെയിന്റ് ഉപയോഗിച്ചത്. ഫലം 6.5 കോടി രൂപയുടെ നഷ്ടം. മൂന്നര കോടിയില്‍ തീരേണ്ട പെയിന്റിംഗിന് 10 കോടിയോളം ചിലവ്.
ഡിപ്പോകള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതില്‍ പല തവണ അഴിമതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്്.

യൂനിയനുകള്‍ തന്നെ പല തവണ ഉദ്യോഗസ്ഥര്‍ക്കെതിരായി പരാതികളും നല്‍കാറുണ്ട്. എന്നാലും വീണ്ടും സമാനമായ അഴിമതികള്‍ ആവര്‍ത്തിക്കാറാണ് കെ എസ് ആര്‍ ടി സിയില്‍ പതിവ്. സ്‌പെയര്‍ പാര്‍ട്‌സ് പര്‍ച്ചേസിന് പൊതു രീതിയുണ്ട്. തിരുവനന്തപുരത്തെ ടെണ്ടര്‍ സ്റ്റോറിലേക്ക് എത്തുന്ന സാധനങ്ങള്‍ ഓരോ ഡിപ്പോകളുടെ ആവശ്യമനുസരിച്ച് കൈമാറുകയാണ് പതിവ്. ടാറ്റ ബസുകള്‍ ഓടുന്ന ഡിപ്പോകളിലും ലൈലാന്റ് ബസുകള്‍ ഓടുന്ന ഡിപ്പോകളിലുമായി ആവശ്യമനുസരിച്ച് സ്‌പെയര്‍ പാര്‍ട്‌സുകള്‍ സ്റ്റോക്ക് ചെയ്യുകയാണ് പതിവ്. എന്നാല്‍ ബൃന്ദാവന്‍ പെയിന്റിന്റെ കാര്യം പോലെ ഇത്തരത്തില്‍ എത്തുന്ന സ്‌പെയര്‍ പാര്‍ട്‌സുകളുടെ നിലവാരവും ഉപയോഗക്ഷമതയും പരിശോധിക്കാറേയില്ലെന്നതാണ് വസ്തുത. സ്റ്റോക്കില്‍ നിന്ന് എടുത്ത് ബസില്‍ ഉപയോഗിച്ച് അധിക നാള്‍ കഴിയും മുമ്പ് തന്നെ വീണ്ടും അതേ പ്രശ്‌നവുമായി ബസുകള്‍ ഗ്യാരേജിലെത്തുന്നത് പതിവാണെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. പര്‍ച്ചേസ് ഓര്‍ഡര്‍ ഇല്ലാതെ തന്നെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന അവസ്ഥയും പല തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെ എസ് ആര്‍ ടി സിയുടെ സെന്‍ട്രല്‍ സ്റ്റോറിലും പ്രാദേശിക സ്റ്റോറുകളിലുമെല്ലാം സാധനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാപ്പനം കോട് സെന്‍ട്രല്‍ വക്‌ഷോപ്പില്‍ മാത്രം കോടികളുടെ സാധനങ്ങള്‍ ആവശ്യമില്ലാതെ കൂട്ടിയിട്ടിരിക്കുന്നതായി കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകള്‍ വന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ എസ് ആര്‍ ടി സി നിര്‍ത്തലാക്കിയ ഐഷര്‍ മിനി ബസുകളുടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇവിടെ അനാവശ്യമായി സൂക്ഷിക്കുന്നു. കേന്ദ്രീകൃത പര്‍ച്ചേസിന്റെ പേരില്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങി കമ്മീഷന്‍ തട്ടാനുളള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴും ആവശ്യമില്ലാത്ത സാധനങ്ങള്‍ ഇവിടെ കിടന്ന് തുരുമ്പെടുക്കാന്‍ കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. കേന്ദ്രീകൃത പര്‍ച്ചേസ് വഴി ഇത്തരത്തില്‍ കമ്മീഷന്‍ വാങ്ങുന്നതിന് പുറമേ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലോക്കല്‍ പര്‍ച്ചേസ് എന്ന പേരില്‍ അധിക വില കൊടുത്തും സാധനങ്ങള്‍ വാങ്ങുന്നു. ഒരു പക്ഷേ ഇടത്തരക്കാരുടെ ഇടപെടലില്‍ വാങ്ങുന്ന ഇത്തരം സാധനങ്ങള്‍ക്ക് ആവശ്യമുള്ള ഗുണമേന്‍മ പോലും ഉണ്ടാകാറില്ല എന്നതാണ് സത്യം. രണ്ട് വര്‍ഷം മുമ്പ് ഡിപ്പോകളില്‍ ഫാന്‍ വാങ്ങുന്നതിനായി പൊതുവിപണിയില്‍ 1000 രൂപ വിലയുള്ള ഫാന്‍ ടെണ്ടര്‍ വഴി വാങ്ങിയത് 1302 രൂപക്കായിരുന്നു.

ഒരു ഭാഗത്ത് ആവശ്യമില്ലാതെ ദുര്‍വ്യയം ചെയ്യുമ്പോഴും ആവശ്യത്തിന് സാധനങ്ങള്‍ വാങ്ങാത്തതിനാല്‍ ബസുകള്‍ സര്‍വീസ് നടത്താനാകാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്. കെ യു ആര്‍ ടി സിയുടെ വോള്‍വോ ബസുകള്‍ റിയര്‍വ്യൂ മിറര്‍ ഇല്ലെന്ന കാരണത്താല്‍ മാസങ്ങളോളം സര്‍വീസ് മുടക്കേണ്ടിവന്നു. ഒരു ദിവസം 25,000 രൂപയോളം വരുമാനമുണ്ടായിരുന്ന സമയത്താണ് ഇത്തരം കാര്യങ്ങളുടെ പേരില്‍ ബസുകളുടെ സര്‍വീസ് മുടക്കിയത്. വോള്‍വോയുമായി വാറണ്ടി കരാര്‍ ഒപ്പിടാത്തതിനാല്‍ 5000 രൂപ വരുന്ന റിയര്‍വ്യൂ മിറര്‍ പുറമേ നിന്ന് വാങ്ങേണ്ടുന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഇത് ലോക്കല്‍ പര്‍ച്ചേസ് ചെയ്യാനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ന്യായീകരണം. എഴുത്തു കുത്തുകളൊക്കെ ശരിയാക്കി റിയര്‍വ്യൂ മിറര്‍ മാറി ബസ് നിരത്തിലിറങ്ങിയപ്പോഴേക്ക് കോര്‍പ്പറേഷന് ലക്ഷങ്ങള്‍ നഷ്ടം സംഭവിച്ചിരുന്നു.

സ്വകാര്യ ബസുകളെ സഹായിക്കാനായി ജീവനക്കാര്‍ മനപ്പൂര്‍വം വോള്‍വോ ബസിന് കേടുപാടുകള്‍ വരുത്തിയെന്ന് മറ്റ് ജീവനക്കാര്‍ തന്നെയാണ് കഴിഞ്ഞ വര്‍ഷം പരാതി ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം 10 ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. കെ എസ് ആര്‍ ടി സി ഒരു വെള്ളാനയാണെന്ന ചിന്തയില്‍ ഇടപെടല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഇതിന് ഏക പരിഹാരം. ജോലിയോട് കൂടുതല്‍ പ്രതിബദ്ധതയുള്ള യാത്രക്കാരോട് സൗഹൃദ മനോഭാവമുളള തൊഴിലാളികളിലാണ് ഇപ്പോഴും കോര്‍പ്പറേഷന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. ഷെഡ്യൂള്‍ മുതല്‍ തുടങ്ങുന്നു കെ എസ് ആര്‍ ടി സിയുടെ കെടുകാര്യസ്ഥത. അതേ കുറിച്ച് നാളെ.

 

---- facebook comment plugin here -----

Latest