മൈസൂരു- തലശ്ശേരി റെയില്‍പ്പാതക്കെതിരെ കര്‍ണാടകയില്‍ സമരം

Posted on: February 18, 2018 10:34 pm | Last updated: February 18, 2018 at 11:36 pm

ബെംഗളൂരു: നിര്‍ദിഷ്ട മൈസൂരു- തലശ്ശേരി റെയില്‍പ്പാതയുടെ നിര്‍മാണത്തില്‍ നിന്നും കുടക് മേഖലയെ ഒഴിവാക്കണമെന്നും ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ മൈസൂരു റെയില്‍വേ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. കുടക് വൈല്‍ഡ് ലൈഫ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സംഘടനകള്‍ സമരം നടത്തിയത്. ധര്‍ണക്ക് തുടക്കം കുറിച്ച് നഗരത്തിലെ ജെ കെ മൈതാനത്ത് നിന്ന് ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഡി ഡി അരശ് റോഡ്, ഫീല്‍ഡ് മാര്‍ഷല്‍ കെ എം കരിയപ്പ സര്‍ക്കിള്‍, സിറ്റി റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലൂടെ കടന്നുപോയ റാലി റെയില്‍വേ സ്റ്റേഷന് മുന്നില്‍ സമാപിച്ചു.

തുടര്‍ന്ന് നടന്ന യോഗത്തില്‍ വിവിധ പരിസ്ഥിതി സംഘടനാ നേതാക്കള്‍ സംസാരിച്ചു. കുടക്, ബെംഗളൂരു, മാണ്ഡ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. കുടക് മേഖലയിലൂടെയുള്ള പാതയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചു. പ്രതാപ്‌സിംഹ്ന എം പിക്കും നിവേദനം നല്‍കും.

കുടക് മേഖലയെ ഒഴിവാക്കി പാത യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നത് വരെ പ്രക്ഷോഭം കനപ്പിക്കാനാണ് കുടക് മേഖല വൈല്‍ഡ് ലൈഫ് സൊസൈറ്റിയുടെ നീക്കം. കുടക് വനമേഖലയിലൂടെ കടന്നുപോവുന്ന പാതക്ക് അനുമതി നല്‍കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് സൊസൈറ്റി ഭാരവാഹികള്‍ പറയുന്നത്.