Connect with us

Articles

ചില ആഫ്രിക്കന്‍ വീഴ്ചകള്‍

Published

|

Last Updated

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മഴവില്‍ സൗന്ദര്യമുണ്ട്. കറുപ്പ് കരുത്തിന്റെ നിറമാണ്. വന്യമായ നിഷ്‌കളങ്കതയാണ് ആ ജനതയുടെ മുഖമുദ്ര. അവര്‍ക്ക് ഒന്നും മറച്ച് വെക്കാനാകില്ല. രോഷവും പ്രതിഷേധവും ഗോത്രാഭിമാനവും ഇടക്ക് മാത്രം സംഭവിക്കുന്ന സന്തോഷവുമെല്ലാം അവര്‍ എല്ലാവര്‍ക്കും കാണാവുന്ന നിലയില്‍ ആഘോഷിക്കുന്നു. രാകിമിനുക്കിയെടുത്ത ശില്‍പ്പഭംഗിയല്ല, പരുവപ്പെടുത്താത്ത പാറയാണവര്‍. ക്രൂരമായ വിഭവക്കൊള്ളയാണ് ആ ജനത ചരിത്രത്തിലുടനീളം അനുഭവിച്ചത്. പൗരസ്ത്യ, ആഫ്രിക്കന്‍ ജനതക്ക് ഭരിക്കാനറിയില്ലെന്ന് സ്വയം നിശ്ചയിച്ചാണല്ലോ കൊളോണിയല്‍ ശക്തികള്‍ അവരെ പങ്കിട്ടെടുത്തത്. അവരുടെ സ്വയം നിര്‍ണയാവകാശങ്ങളെ ശൈഥില്യം വിതച്ച് പാശ്ചാത്യര്‍ കവര്‍ന്നെടുത്തു. ലോകത്താകെ സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങളുടെ കുത്തൊഴുക്കില്‍ സ്വഭാവികമായി നേടിയതോ പൊരുതി പിടിച്ചു വാങ്ങിയതോ ആയ സ്വാതന്ത്ര്യം പോലും പഴയ മേലാളന്‍മാര്‍ നടത്തിപ്പെനെടുക്കുന്നുവെന്നതാണ് ഈ ജനപഥങ്ങളുടെ വര്‍ത്തമാനകാല അനുഭവം. വിദേശകമ്പനികള്‍ പ്രകൃതി വിഭവങ്ങള്‍ കൈയാളുന്നു. സാമ്പത്തിക നയങ്ങള്‍ എവിടെയോ തീരുമാനിക്കപ്പെടുന്നു. അനുദിനം ശക്തി സംഭരിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ പടിഞ്ഞാറന്‍ താത്പര്യങ്ങളുടെ നടത്തിപ്പുകാരും ആയുധങ്ങളുടെ പറ്റുകാരുമാണ്. ഇവിടുത്തെ മനുഷ്യര്‍ക്ക് മേല്‍ പുതിയ മരുന്നുകളും ആയുധങ്ങളും പരീക്ഷിക്കപ്പെടുന്നു. കറുത്തവര്‍ അപകര്‍ഷതയില്‍ കുനിഞ്ഞ ശിരസ്സുമായി, നിഷ്‌കളങ്കമായ ചിരിയുമായി ലോകത്താകെ അലയുന്നു.

ഈ ജനതയെ സര്‍വനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ നിയുക്തരായ ഭരണാധികാരികള്‍ അഴിമതിയിലും സ്വജനപക്ഷപാതത്തിലും സുഖലോലുപതയിലും അഭിരമിച്ചുവെന്നതാണ് ഏറ്റവും ദയനീയം. ഈയിടെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കേട്ട വാര്‍ത്തകള്‍ നോക്കൂ. സിംബാബ്‌വേയുടെ വിമോചകനായിരുന്നു റോബര്‍ട്ട് മുഗാബെ. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു, മാര്‍ക്‌സിസ്റ്റെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ ഗ്രാമീണന്‍. പോരാട്ടത്തിന്റെ നാളുകളില്‍ ആര്‍ജിച്ച ജനസമ്മതിയുടെ ബലത്തില്‍ 1987 മുതല്‍ 2017വരെ പ്രസിഡന്റ്പദവിയില്‍ ഇരുന്നു. രണ്ടാം ഭാര്യയെ പാര്‍ട്ടിയുടെയും ഭരണത്തിന്റേയും തലപ്പത്ത് പ്രതിഷ്ഠിക്കാനുള്ള വൃത്തികെട്ട ശ്രമങ്ങളില്‍ മുഖം കെട്ടാണ് മുഗാബെ പടിയിറങ്ങിയത്. ജനം വലിച്ച് താഴെയിട്ടുവെന്ന് പറയുന്നതാകും ശരി. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കക്കള്ളിയില്ലാതെയായിരുന്നു പതനം. എത്യോപ്യയില്‍ പ്രധാനമന്ത്രിക്ക് രാജിവെച്ചൊഴിയേണ്ടി വന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് അവിടെ. സൊമാലിയയും കെനിയയും നൈജീരിയയുമെല്ലാം തീവ്രവാദത്തിന്റെ പിടിയിലാണ്. ഭരണസ്ഥിരതയുടെ പ്രശ്‌നം ഇവിടെയെല്ലാമുണ്ട്. സുഡാന്‍ വിഭജിച്ച ശേഷം ലോകത്തെ ഏറ്റവും അശാന്തമായ ഭൂവിഭാഗമായി അത് മാറി. മുഅമ്മര്‍ ഗദ്ദാഫിയുടെ പതനത്തിന് ശേഷം അരാജകത്വത്തിന്റെ പിടിയില്‍ ലിബിയ കരകയറിയിട്ടില്ല. ടുണീഷ്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലും അതേത്തുടര്‍ന്നുള്ള പ്രക്ഷോഭപരമ്പരയിലുമാണ്. ഇങ്ങേത്തലക്കല്‍ ഈജിപ്ത് പോലും പ്രശ്‌നസങ്കുലമായാണ് കടന്ന് പോകുന്നത്. വിപ്ലവത്തെ അട്ടിമറിച്ചവരെ ജനം താഴെയിറക്കിയപ്പോള്‍ പട്ടാള ഭരണാധികാരിയാണല്ലോ അവിടെ ഭരണം പിടിച്ചത്.

ഈ ആഫ്രിക്കന്‍ പരാജയ ഗാഥയുടെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് നെല്‍സണ്‍ മണ്ടേലയുടെ ദക്ഷിണാഫ്രിക്ക. ആഫ്രിക്കന്‍ യൂനിയന്റെ നേതൃരാജ്യം. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ ഭൂമിക. ഈ പോരാട്ടങ്ങളില്‍ മണ്ടേലയോടൊപ്പം നിലകൊണ്ട ജേക്കബ് സുമയുടെ ദയനീയമായ പതനമാണ് ഈ നാടിനെ ഇപ്പോള്‍ വാര്‍ത്തയുടെ കേന്ദ്രത്തില്‍ നിര്‍ത്തുന്നത്. ഔപചാരിക വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത ജേക്കബ് സുമക്ക് രാജ്യത്തെ കുറിച്ചുള്ള ഉത്കണ്ഠമാത്രമേ ഉണ്ടായിരുന്നുള്ളൂ ഒരു കാലത്ത്. അപാര്‍തീഡ് ഭരണകൂടത്തെ താഴെയിറക്കാന്‍ അന്നത്തെ യുവാവിന് മുമ്പില്‍ ഒരു വഴിയേ തെളിഞ്ഞുള്ളൂ- ഒളിപ്പോര്. ആത്മാര്‍ഥമായിരുന്നു ആ നിലപാട്. ഇരുപതാം വയസ്സ് മുതല്‍ പല തവണ ജയിലില്‍ കഴിഞ്ഞു. അതില്‍ പലതും മണ്ടേലയോടൊപ്പമായിരുന്നു. 1973ല്‍ മൊസാംബിക്കിലേക്ക് പലായനം ചെയ്തു. റഷ്യയുമായുള്ള ബന്ധം സായുധ വിപ്ലവത്തിന്റെ സാധ്യതകളില്‍ അദ്ദേഹത്തെ ഉറപ്പിച്ചു നിര്‍ത്തി. രാജ്യത്ത് ജനാധിപത്യം സാധ്യമാകുകയും ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് അധികാരം കൈയാളുകയും ചെയ്തപ്പോള്‍ ഇരുത്തം വന്ന രാഷ്ട്രീയക്കാരനായി സുമ രൂപാന്തരപ്പെട്ടു. സമ്പത്തിന്റെ സമമായ വിതരണത്തിനും പ്രകൃതി വിഭവങ്ങളുടെ ദേശസാത്കരണത്തിനുമായി വാദിച്ച് അദ്ദേഹം ജനങ്ങളുടെ മനം കവര്‍ന്നു. ക്രിമിനലുകള്‍ ഉണ്ടാകുന്നത് ദാരിദ്ര്യത്തില്‍ നിന്നാണെന്നും ആഫ്രിക്കയുടെ എല്ലാ സ്വഭാവവിശേഷങ്ങള്‍ക്കും എടുത്തു ചാട്ടങ്ങള്‍ക്കും പിന്നില്‍ സാമ്പത്തിക കാരണങ്ങളാണെന്നും സുമ തുറന്നടിച്ചു, ആവേശം വിതറി. മണ്ടേലക്ക് ശേഷം 1999ല്‍ താബോ എംബക്കി പ്രസിഡന്റായപ്പോള്‍ ജേക്കബ് സുമ വൈസ് പ്രസിഡന്റായി. പാര്‍ട്ടിയുടെ ഉപാധ്യക്ഷ സ്ഥാനവും അദ്ദേഹത്തിന് കൈവന്നു.

ഈ ഇരട്ട പദവിയില്‍ തന്നെ സുമയുടെ തനിസ്വഭാവം പുറത്ത് വന്ന് തുടങ്ങി. തന്റെ ധനകാര്യ ഉപദേഷ്ടാവ് മുഖേന ആയുധ ഇടപാടുകാരില്‍ നിന്ന് 500 കോടി ഡോളര്‍ വാങ്ങിയെന്ന ആരോപണമുയര്‍ന്നത് ഈ ഘട്ടത്തിലാണ്. താബോ എംബക്കി അദ്ദേഹത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. പക്ഷേ, നിയമനടപടികളില്‍ നിന്ന് സുമ തടിയൂരി. ഉപദേശകന് 15 വര്‍ഷം ജയില്‍ ശിക്ഷ കിട്ടി. 2009ല്‍ അതിശക്തനായി തിരിച്ചു വരുന്ന സുമയെയാണ് കണ്ടത്. എംബക്കിയെ തറപറ്റിച്ച് അദ്ദേഹം പ്രസിഡന്റായി. കുടുംബക്കാരിയായ 31കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന നാറ്റക്കേസ് നിലനില്‍ക്കെയായിരുന്നു ഈ അധികാര ലബ്ധി. പീഡിപ്പിക്കപ്പെട്ട സ്ത്രീ എയിഡ്‌സ് രോഗിയായിരുന്നുവെന്നും സുരക്ഷിത സംവിധാനങ്ങളില്ലാതെയാണ് താന്‍ ബന്ധത്തിലേര്‍പ്പെട്ടതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. 15- 49 പ്രായപരിധിയില്‍ പെട്ട അഞ്ചിലൊരാള്‍ എച്ച് ഐ വി പോസിറ്റീവായ രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ പരമ യോഗ്യന്‍! “അത് കുഴപ്പമില്ല ഞാന്‍ ഷവറിന്‍ ചുവട്ടിലിരുന്ന് നന്നായി കുളിച്ചുവെന്നായുരുന്നു” സുമയുടെ മറുപടി. പിന്നീട് വന്ന രാഷ്ട്രീയ കാര്‍ട്ടൂണുകളിലെല്ലാം സുമയുടെ തലയില്‍ വെള്ളം വീഴ്ത്തുന്ന ഷവര്‍ ഉണ്ടായിരുന്നുവെന്നതൊഴിച്ചാല്‍ ആ കേസിനും സുമയെ തൊടാനായില്ല. ഉഭയകക്ഷി സമ്മത പ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്ന ന്യായത്തില്‍ അദ്ദേഹം കുറ്റവിമുക്തനായി.

അഴിമതിക്കഥകള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. യൂറോപ്യന്‍ കമ്പനികള്‍ക്ക് രാജ്യത്തേക്ക് പരവതാനി വിരിച്ച് വ്യക്തിപരമായി സമ്പത്ത് കുന്നു കൂട്ടുകയായിരുന്നു സുമ. എന്നിട്ടും, ചരിത്രത്തിലെ പ്രതിച്ഛായയുടെ പുറത്ത് 2014ല്‍ ജേക്കബ് സുമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അതോടെ എല്ലാ നിയന്ത്രണങ്ങളും അസ്തമിച്ച് താന്‍ നിലകൊണ്ട സര്‍വമൂല്യങ്ങള്‍ക്കും വിരുദ്ധമായ നിലപാടെടുക്കുന്ന ജേക്കബ് സുമയെയാണ് കണ്ടത്. തന്റെ ഗ്രാമീണ വസതിയില്‍ സുരക്ഷക്കെന്ന് പറഞ്ഞ് കോടികള്‍ ചെലവിട്ട് കൂറ്റന്‍ സ്വിമ്മിംഗ് പൂളും ആംഫി തിയേറ്ററും പണിതത് അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ ചെറു നിദര്‍ശനം മാത്രമായിരുന്നു. ഇന്ത്യയില്‍ നിന്നെത്തി ആഫ്രിക്കയില്‍ ബിസിനസ് സാമ്രാജ്യം പണിത ഗുപ്ത കുടുംബവുമായുള്ള വഴിവിട്ട ബന്ധം “ഗുപ്ത ഗേറ്റ്” എന്ന പേരില്‍ സുമയെ വരിഞ്ഞു മുറുക്കി. ഏറ്റവും ഒടുവില്‍ രാജ്യത്തെ പരമോന്നത കോടതി സുമയുടെ പേരിലുള്ള മുഴുവന്‍ ആരോപണങ്ങളും അന്വേഷിക്കാന്‍ ഉത്തരവിട്ടതോടെയാണ് എല്ലാ വഴികളും അടഞ്ഞത്. 783 അഴിമതി കേസുകളാണ് സുമയുടെ പേരിലുള്ളത്. ഇവയിലൊന്നും സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല.

സ്വന്തം പാര്‍ട്ടിയില്‍ നിന്നും പ്രതിപക്ഷത്ത് നിന്നും ഒരു പോലെ സമ്മര്‍ദം ശക്തമായപ്പോഴാണ് ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെ സുമ അധികാരമൊഴിയാന്‍ സന്നദ്ധമായിരിക്കുന്നത്. തെരുവുകള്‍ സുമയുടെ രാജിക്കായി ത്രസിക്കുകയായിരുന്നു. പഴയ ഹീറോയായല്ല, വെറുക്കപ്പെട്ട വില്ലനായാണ് സുമ ഇറങ്ങുന്നത്. പകരം വരുന്നത് കഴിഞ്ഞ ഏതാനും വര്‍ഷമായി പാര്‍ട്ടിയില്‍ പ്രബലനായി മാറിയ സിറിള്‍ റാമഫോസയാണ്. നിഷ്പക്ഷ നിരീക്ഷകര്‍ അദ്ദേഹത്തിലും വലിയ പ്രതീക്ഷയൊന്നും അര്‍പ്പിക്കുന്നില്ല. 2012ലെ മാരിക്കാന ഖനി സമരത്തിനിടെ നടന്ന പോലീസ് വെടിവെപ്പില്‍ 34 പേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ അദ്ദേഹമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

സുമക്കെതിരെ ജനം ആഗ്രഹിക്കുന്ന പ്രോസിക്യൂഷന്‍ നടത്താന്‍ പുതിയ പ്രസിഡന്റ് തയ്യാറാകുമെന്ന് തോന്നുന്നില്ല. എല്ലാം മയപ്പെടുത്തും. ഇനി അഥവാ കോടതി ഇടപെട്ട് ഈ നീക്കം തടഞ്ഞാല്‍ സുമക്ക് നാട് വിടാനുള്ള അവസരമൊരുക്കി കൊടുക്കും.
അതാണ് കഷ്ടം. ഈ നേതാക്കളെല്ലാം രാജ്യത്തിന്റെ വിപ്ലവ പാരമ്പര്യം പേറുന്നവരാണ്. എന്നുവെച്ചാല്‍ മണ്ടേലയുടെ അതേ തലമുറ. പക്ഷേ അധികാരം സിദ്ധിക്കുമ്പോള്‍ എല്ലാ പാരമ്പര്യവും അസ്ഥാനത്താകുന്നു. ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത പുതുതലമുറയായിരിക്കും ഈ ജനതയെ ആത്മാഭിമാനത്തിലേക്ക് ഉയര്‍ത്തുക.

പഴയ നേതാക്കളുടെ തലക്ക് മുകളില്‍ അവര്‍ യുവാവായിരുന്നപ്പോള്‍ ഏര്‍പ്പെട്ട പോരാട്ടത്തിന്റെ പ്രഭാവലയമുണ്ടായിരുന്നു. ജനാധിപത്യത്തിന്റെ ചൂടന്‍ ചോദ്യങ്ങളില്‍ നിന്ന് അവര്‍ രക്ഷപ്പെടുന്നത് ഈ പ്രഭാപൂരമുള്ളത് കൊണ്ടാണ്. എന്നാല്‍ പുതുതലമുറക്ക് അത്തരം തഴമ്പുകളൊന്നുമില്ല. അവര്‍ക്ക് ചരിത്ര ബോധമില്ല, ചരിത്ര ഭാരവുമില്ല. വിമോചനത്തിന്റെ കാല്‍പ്പനികതയെ വകഞ്ഞ് മാറ്റി രാജ്യത്തെ പരിവര്‍ത്തനത്തിലേക്ക് നയിക്കാന്‍ അവര്‍ക്ക് സാധിച്ചേക്കും. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ നിന്ന് യുവാക്കള്‍ അകലുന്നതിനെ, ആ അര്‍ഥത്തില്‍ ശരിയായ മാറ്റമായി കാണാവുന്നതാണ്.

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest