കാവേരി ജലം: കേരളത്തിനു അര്‍ഹമായ വിഹിതം കിട്ടാത്തതിനു സര്‍ക്കാരിനെ പഴിച്ച് ജനം

കല്‍പ്പറ്റ
Posted on: February 17, 2018 11:07 pm | Last updated: February 17, 2018 at 11:07 pm

കാവേരി നദീജലതര്‍ക്ക ട്രൈബ്യൂണല്‍ ഉത്തരവ് ഭേദഗതി ചെയ്ത സുപ്രീം കോടതി കേരളത്തിനു അര്‍ഹമായ വിഹിതം അനുവദിക്കാത്തിനു സംസ്ഥാന സര്‍ക്കാരിനെ പഴിച്ച് ജനം. ട്രൈബ്യൂണല്‍ അനുവദിച്ച വിഹിതം ഉപയോഗപ്പെടുത്തുന്നതിലെ പരാജയവും മാറിയ സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം ആവശ്യമാണെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംഭവിച്ച വീഴ്ചയുമാണ് കേരളത്തിനു തിരിച്ചടിയായതെന്നാണ് പൊതുവെ വിലയിരുത്തല്‍.

കാവേരി വിഹിതമായി 99.8 ടിഎംസി വെള്ളം ലഭിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തമസ്‌കരിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് കെപിസിസി മെമ്പര്‍ കെ എല്‍ പൗലോസ് പറഞ്ഞു. കാവേരി ജലത്തില്‍ 96 ടിഎംസി കേരളത്തിലെ കബനി, ഭവാനി, പാമ്പാര്‍ നദികളില്‍നിന്നുള്ളതാണെന്ന് 1972ലെ സി.സി. പട്ടേല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിനു കൂടുതല്‍ ജലം അനുവദിക്കാത്ത വിധത്തില്‍ സുപ്രീം കോടതി െ്രെടബ്യൂണല്‍ ഉത്തരവില്‍ വരുത്തിയ ഭേദഗതി ദൗര്‍ഭാഗ്യകരമാണെന്ന് സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ജെ ദേവസ്യ, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ. ചാക്കോ, ഹരിത സേന പ്രസിഡന്റ് എം സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിനു 15 വര്‍ഷത്തെ പ്രാബല്യം ഉള്ള സാഹചര്യത്തില്‍ ട്രൈബ്യുണല്‍ വിധി പ്രകാരമുള്ള വെള്ളം പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതിനു പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള പദ്ധതികള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

കാവേരി െ്രെടബ്യുണല്‍ 30 ടിഎംസി വെള്ളമാണ് കേരളത്തിനു അനുവദിച്ചത്. ഇതില്‍ 21 ടിഎംസി കബനി തടത്തിലും ആറ് ടിഎംസി പാലക്കാട് ഭവാനി തടത്തിലും മൂന്നു ടിഎംസി ഇടുക്കി പാമ്പാര്‍ തടത്തിലുമാണ്. കബനി തടത്തില്‍ കാരാപ്പഴ, ബാണാസുര അണക്കെട്ടുകളിലടക്കം 6 ടിഎംസി വെള്ളം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കബനി തടത്തില്‍ ലഭ്യമായതില്‍ 12 ടിഎംസി വെള്ളം ഉപയോഗപ്പെടുത്തുന്നതിനു 1980കളില്‍ കടമാന്‍തോട്, നൂല്‍പ്പുഴ, ചുണ്ടാലിപ്പുഴ, കല്ലാപതി, ചേകാട്ട്, മഞ്ചാട്ട്, തിരുനെല്ലി, തൊണ്ടാര്‍, പെരിങ്ങോട്ടുപുഴ എന്നിങ്ങനെ ഒമ്പത് പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഭവാനി തടത്തില്‍ അട്ടപ്പാടി വാലി, അഗളി, തുടുക്കി, പന്താന്‍തോട്, പാമ്പാര്‍ തടത്തില്‍ പട്ടിശേരി, തലയാര്‍, ചെങ്ങല്ലാര്‍, വട്ടവട എന്നിങ്ങനെയും പദ്ധതികള്‍ രൂപകല്‍പന ചെയ്തിരുന്നു.

കബനി തടത്തില്‍ മീനങ്ങാടി ചുണ്ടാലിപ്പുഴ, പുല്‍പ്പള്ളി കടമാന്‍തോട് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനു ജലവിഭവ വകുപ്പ് സര്‍വേ നടത്തി പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കിയതാണ്. എന്നാല്‍ ജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പുമൂലം വകുപ്പിനു ഈ പദ്ധതികളുമായി മുന്നോട്ടുപോകാനായില്ല. വന്‍കിട പദ്ധതികള്‍ക്കു പകരം ചെറുകിട പദ്ധതികള്‍ ആവിഷ്‌കരിച്ച നടപ്പിലാക്കാനും കഴിഞ്ഞില്ല. കടമാന്‍തോട് പദ്ധതിക്കായി 1.53 ടിഎംസി(43.32 മില്യണ്‍ ക്യുബിക് മീറ്റര്‍) ജലം ഉപയോഗപ്പെടുത്തുന്നതിനാണ് കാവേരി ട്രൈബ്യൂണലിന്റെ അനുമതി.

കാവേരി ജലവിഹിതമായി കേരളത്തിനു നേരത്തേ അനുവദിച്ചതില്‍ ബാക്കിയുള്ള 15 ടിഎംസി ജലത്തിന്റെ വിനിയോഗത്തിനു സൂക്ഷ്മതല പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് കെ പി സി സി സെക്രട്ടറി കെ കെ എബ്രഹാം, കേരള കോണ്‍ഗ്രസ്‌ജേക്കബ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം സി സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.

കാവേരി നദിയുടെ മുഖ്യകൈവഴികളില്‍ ഒന്നാണ് കബനി നദി. പശ്ചിമഘട്ട മലനിരകളിലാണ് കബനിയുടെ നദിയുടെ ഉദ്ഭവം. കബനിയുടെ പ്രധാന കൈവഴികളാണ് വയനാട്ടിലെ മാനന്തവാടി, പനമരം പുഴകള്‍. കിഴക്കോട്ടൊഴുകുന്ന കബനി കര്‍ണാടകയിലെ തിരുമക്കടലു നരസിപ്പുരയിലാണ് കാവേരിയില്‍ ചേരുന്നത്. 234 കിലോമീറ്റാണ് കബനി നദിയുടെ നീളം. 7040 ചതുരശ്ര കിലോ മീറ്ററാണ് നദീതട പ്രദേശം.
കര്‍ണാടകയിലെ മൈസൂരു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് കബനിയിലെ ജലമാണ്. കബിനി ജലത്തില്‍നിന്ന് കര്‍ണാടകം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. കാവേരി ജലത്തില്‍ തമിഴ്‌നാടിനുള്ള വിഹിതം 419 ടിഎംസിയില്‍നിന്നു 404.25 ടിഎംസിയായി കുറവുവരുത്തിയാണ് െ്രെടബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തത്. സൂപ്രീം കോടതി ഉത്തരവനുസരിച്ച് കര്‍ണാടകയുടെ ഉപയോഗത്തിനു 14.75 ടി.എം.സി ജലം കൂടുതല്‍ ലഭിക്കും.