ദശഭാഷാ സാംസ്‌കാരിക സംഗമോത്സവം: ഉദ്ഘാടനം 3ന് കാസര്‍കോട്ട്

Posted on: February 17, 2018 10:04 pm | Last updated: February 17, 2018 at 10:04 pm

കാസര്‍കോട്: പലമയില്‍ ഒരുമ, ഒരുമയില്‍ പലമ എന്ന പ്രമേയത്തില്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ ഭാരത് ഭവന്‍ മാര്‍ച്ച് ആദ്യ വാരത്തില്‍ ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ദശഭാഷാ സാംസ്‌കാരിക സംഗമോത്സവിന്റെ ഉദ്ഘാടനം മാര്‍ച്ച് മൂന്നിന് കാസര്‍കോട്ട് നടക്കും.
സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 4,5 തീയതികളില്‍ മഞ്ചേശ്വരം, ബദിയടുക്ക എന്നിവിടങ്ങളിലും 6ന് സമാപന പരിപാടി കാഞ്ഞങ്ങാട് വെള്ളിക്കോത്തും നടക്കും. പരിപാടികളില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രമുഖ സാംസ്‌കാരിക നായകര്‍, കവികള്‍ സംബന്ധിക്കും.

മൂന്നിന് കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയം, മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലായി നടക്കുന്ന കവിയരങ്ങ്, ഭാഷാ വൈവിധ്യങ്ങളെ കുറിച്ചുള്ള സെമിനാര്‍, കാസര്‍കോടിന്റെ തനത് കലാ രൂപങ്ങളെ കോര്‍ത്തിണക്കിയുള്ള സ്‌കിറ്റ്, പ്രമുഖ വ്യക്തികളെ ആദരിക്കല്‍ എന്നിവയെ കുറിച്ച് ഇന്നലെ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണയോഗം ചര്‍ച്ച ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു മുഖ്യാതിഥിയായിരുന്നു. കെ ആര്‍ ജയാനന്ദ സംസാരിച്ചു. പ്രൊഗ്രാം കോര്‍ഡിനേറ്റര്‍ എം. ചന്ദ്രപ്രകാശ് സ്വാഗതം പറഞ്ഞു.

മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കരുണാകരന്‍ എം പി, കലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, പി എസ് പുണിഞ്ചിത്തായ എന്നിവര്‍ രക്ഷാധികാരികളും എന്‍ എ നെല്ലിക്കുന്ന് എം എല്‍എ ചെയര്‍മാനും രവീന്ദ്രന്‍ കൊടക്കാട് ജനറല്‍ കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. ബീഫാത്തിമ ഇബ്‌റാഹിം, സി എച്ച് കുഞ്ഞമ്പു, എല്‍ എ മഹ്മൂദ് ഹാജി, ടി ഇ അബ്ദുല്ല, എന്‍ എ അബൂബക്കര്‍, കെ എം അബ്ദുര്‍റഹ്മാന്‍(വൈസ്.ചെയര്‍.), അഡ്വ. പി വി ജയരാജന്‍, ടി എ ഷാഫി, പി ദാമോദരന്‍, വി വി പ്രഭാകരന്‍, രത്‌നാകരന്‍ മല്ലമൂല (ജോ. കണ്‍.).