നൂതനാശയ മാസാചരണം; അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടില്‍ വ്യത്യസ്ത പരിപാടികളൊരുക്കി

Posted on: February 17, 2018 9:17 pm | Last updated: February 17, 2018 at 9:17 pm

ഷാര്‍ജ: നൂതനാശയ മാസാചരണത്തിന്റെ ഭാഗമായി ഷാര്‍ജ എന്‍വയണ്‍മെന്റ്ആന്‍ഡ് പ്രൊട്ടക്ടഡ് ഏരിയ അതോറിറ്റി (ഇ പി എ എ) ഒട്ടനവധി പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. മാസാചരണത്തിന്റെ ഭാഗമായി ഷാര്‍ജ എമിറേറ്റില്‍ നൂതനാശയ വാരാചരണം നടത്തുന്നത്.

അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടില്‍ പ്രത്യേക പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിക്കുന്നതിന് ഏറെ പ്രാമുഖ്യം നല്‍കുന്ന പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുക. മാസാചരണത്തിന്റെ ഭാഗമായി ഏര്‍പെടുത്തുന്ന സുസ്ഥിര അവാര്‍ഡിനെ കുറിച്ചും പരിസ്ഥിതി സൗഹൃദ മാതൃകകളുടെ പ്രദര്‍ശനവും പരിപാടികളോടൊപ്പം ഉണ്ടാകും. പാരമ്പരാകൃതമായ വന സമ്പത്ത് പരിപാലിക്കുന്നതിനുള്ള ആശയങ്ങളും പരിപാടികളില്‍ പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കുന്നുണ്ട്.

ഈ മാസം 21 വരെ നടക്കുന്ന പരിപാടികളില്‍ വ്യത്യസ്തങ്ങളായ പ്രദര്‍ശനങ്ങള്‍, ശില്പശാലകള്‍ തുടങ്ങിയവ ഉണ്ടാകും. രാവിലെ 10 മുതല്‍ വൈകീട്ട് എട്ട് വരെയാണ് പരിപാടികള്‍ നടക്കുക. ഇ പി എ എ പ്രോഗ്രാമിന്റെ ചുവടുപിടിച്ചാണ് എമിറേറ്റില്‍ വ്യത്യസ്ത പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണം നടത്തുക എന്നതാണ് വിവിധ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിരമായ പരിസ്ഥിതിക്കും സുരക്ഷിതവും ഉന്നതവുമായ ജീവിത രീതി ഒരുക്കുന്നതിനും മറ്റു ജീവജാലങ്ങള്‍ക്ക് മികച്ച ആവാസ വ്യവസ്ഥ ഒരുക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്ന് ഇ പി എ എ ചെയര്‍പേഴ്‌സണ്‍ ഹന സൈഫ് അല്‍ സുവൈദി പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വ്യതിരിക്തങ്ങളായ ആശയ രൂപീകരണത്തിനായി മികച്ച മാതൃകകളും ആചരണത്തിന്റെ ഭാഗമായി ക്ഷണിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.