വീഡിയോ കോള്‍ ആപ്ലിക്കേഷന് പ്രിയമേറുന്നു

Posted on: February 17, 2018 8:18 pm | Last updated: February 17, 2018 at 8:18 pm

അല്‍ ഐന്‍: വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ ബോട്ടിമിന് യു എ ഇയില്‍ പ്രിയമേറുന്നു. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഇത് ഉപയോഗിക്കുന്നത്. തുടക്കത്തില്‍ യു എ യില്‍ ഇത് ഉപയോഗിക്കല്‍ സൗജന്യമായിരുന്നെങ്കിലും ഇപ്പോള്‍ ഉപയോഗിക്കുന്നതിനു നിശ്ചിത തുക ഈടാക്കുന്നുണ്ട്.

ജി സി സി രാജ്യങ്ങളില്‍ അടക്കം എല്ലായിടത്തും ഇത് ഇപ്പോള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നത് കാരണം കൂടുതല്‍ ആളുകള്‍ ഇവ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുവരെ പ്രവര്‍ത്തിച്ചു വന്നിരുന്ന എല്ലാ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകള്‍ക്കും യു എ യില്‍ നിരോധനം ഏര്‍പെടുത്തിയിരിക്കുകയാണ്. പല ആളുകളും വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക് (വി പി എന്‍) ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വി പി എന്‍ ഉപയോഗം ഗവണ്‍മെന്റ് ശിക്ഷാര്‍ഹമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈയവസരത്തിലാണ് ട്രായുടെ അംഗീകാരത്തോടെ പ്രവര്‍ത്തനാനുമതി നേടി യു എ യില്‍ ബോട്ടിം, സിമീ എന്നീ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഡു, ഇത്തിസലാത് എന്നീ ടെലികോം കമ്പനികളില്‍ യഥാക്രമം 50 ദിര്‍ഹം മാസത്തില്‍ ഫീസ് ഈടാക്കിയാണ് പരിധിയില്ലാതെ വീഡിയോ കോള്‍ സൗകര്യം പ്രദാനം ചെയ്യുന്നത്. ഇ ലൈഫ് ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ 100 ദിര്‍ഹം നല്‍കിയാല്‍ ഇത് ഉപയോഗപ്പെടുത്താം. വൈഫൈ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ആയതിനാല്‍ ഇ ലൈഫ് കണക്ഷനുകളില്‍ പാക്കേജ് ആക്ടീവാക്കുകയാണ് പലരും ചെയ്യുന്നത്. ഒരു കണക്ഷനില്‍ എത്ര പേര്‍ക്കും ഇത് ഉപയോഗിക്കാം എന്നതും സൗകര്യമാണ്.

ബോട്ടിമില്‍ മൊബൈല്‍ നമ്പര്‍ കൊടുത്തു ആപ്ലിക്കേഷന്‍ ആക്റ്റീവ് ആക്കുകയാണ് വേണ്ടത്. 500 ആളുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പുകള്‍ നിര്‍മിക്കാനും ഇപ്പോള്‍ സൗകര്യമുണ്ട്. ഡു, ഇത്തിസലാത്ത് എന്നീ കമ്പനികള്‍ ഇവയുടെ പരസ്യങ്ങള്‍ മെസേജുകള്‍ ആയി ഉപഭോക്താക്കള്‍ക്ക് അയക്കുന്നുണ്ട്.