നടിക്കെതിരായ ആക്രമണത്തിന് ഇന്നേക്ക് ഒരു വര്‍ഷം

Posted on: February 17, 2018 10:35 am | Last updated: February 17, 2018 at 1:00 pm

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. 2017 ഫെബ്രുവരി 17ന് സിനിമയുടെ ഡബ്ബിംഗിനായി തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട നടിയെ രാത്രി 9.30ഓടെ ദേശീയപാത 47ല്‍ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം കോട്ടായില്‍ വെച്ചാണ് തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.

നടി സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ചെന്ന വ്യാജേന സഞ്ചരിച്ചിരുന്ന വാഹനം നിര്‍ത്തിച്ച് ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോവുകയും കളമശ്ശേരി, തൃക്കാക്കര, കാക്കനാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

ഒളിവില്‍ പോയ പള്‍സര്‍ സുനി എറണാകുളം സി ജെ എം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ ഫെബ്രുവരി 23നാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് പള്‍സര്‍ സുനി അടക്കമുള്ളവരെ പ്രതിയാക്കി പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ അന്വേഷണം നടന്നപ്പോഴാണ് ദിലീപ് അടക്കമുള്ളവര്‍ പ്രതികളായത്.

കേസില്‍ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, വിജീഷ്, പ്രദീപ്, വടിവാള്‍ സലിം, തമ്മനം മണികണ്ഠന്‍, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, അഡ്വ. പ്രദീഷ് ചാക്കോ,അഡ്വ. രാജു ജോസഫ് തുടങ്ങിയ പന്ത്രണ്ടോളം പേരാണ് കുറ്റകൃത്യത്തിന്റെ സൂത്രധാരന്മാര്‍.