ജനപ്രിയ ബജറ്റുമായി സിദ്ധരാമയ്യ സര്‍ക്കാര്‍

Posted on: February 17, 2018 9:24 am | Last updated: February 17, 2018 at 10:38 am

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആരവമുയരാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ, ജനപ്രിയ ബജറ്റുമായി സംസ്ഥാന സര്‍ക്കാര്‍. ധനവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അവസാന ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. ഗതാഗതത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യ മേഖലക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ബെംഗളൂരുവില്‍ അനുദിനം രൂക്ഷമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ജപ്പാനില്‍ നിന്ന് നൂതന രീതിയിലുള്ള സാങ്കേതിക സഹായം തേടും. ഗാന്ധി നഗര്‍, കോറമംഗല എന്നിവിടങ്ങളില്‍ ഒന്നിലേറെ നിലകളുള്ള പാര്‍ക്കിംഗ് സംവിധാനം ഒരുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഐ ടി നഗരമായ ബെംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ളതാണ് ബജറ്റ്. മള്‍ട്ടിമീഡിയ കമ്പ്യൂട്ടര്‍ ലാബുകള്‍ക്കായി 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കന്നട സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫെല്ലോഷിപ്പ് അനുവദിക്കും.
പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസവും പത്രപ്രവര്‍ത്തകര്‍ മരിച്ചാല്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെയും മിശ്രവിവാഹിതര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെയും ധനസഹായം ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങളാണ്. സോളിഗ, ജുനുകുര്‍ബ, കടുകുറുബ അടക്കമുള്ള പിന്നാക്ക വിഭാഗക്കാര്‍ക്ക് 300 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. ഊര്‍ജ മേഖലക്ക് 14,136 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് 25 ശതമാനം സീറ്റ് സംവരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി അനില ഭാഗ്യയോജന പദ്ധതി പ്രകാരം 30 ലക്ഷം പേര്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ ലഭ്യമാക്കും. ഉദ്യോഗിനി പദ്ധതി അനുസരിച്ചുള്ള വായ്പ ഒരു ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാക്കി ഉയര്‍ത്തി. പഞ്ചായത്ത് അടിസ്ഥാനത്തില്‍ 100 സ്‌കൂളുകള്‍ തുടങ്ങാന്‍ അഞ്ച് കോടി രൂപ വകയിരുത്തി. 250 പുതിയ അങ്കണ്‍വാടികളും 100 മൊബൈല്‍ അങ്കണ്‍വാടികളും ആരംഭിക്കും. സര്‍ക്കാര്‍ കോളജുകളില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യസം നല്‍കുന്നതിന് 95 കോടി രൂപയും അനുവദിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി അഞ്ച് കോടി രൂപയും റോഡപകടങ്ങള്‍ ഒഴിവാക്കുന്ന പദ്ധതികള്‍ക്കായി 150 കോടി രൂപയും വകയിരുത്തി. പരിസ്ഥിതി സംരക്ഷണത്തിന് 1949 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.