ഇസ്‌റാഈലിനെതിരെ ഐക്യ നിര രൂപപ്പെടണം: ഹസന്‍ റൂഹാനി

Posted on: February 17, 2018 9:21 am | Last updated: February 17, 2018 at 9:21 am
ഹൈദരാബാദിലെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മക്ക മസ്ജിദില്‍ ജുമുഅ നിസ്‌കാരത്തിന് ശേഷം പുറത്തേക്ക് വരുന്നു.

ഹൈദരാബാദ്: ത്രിദിന സന്ദര്‍ശനത്തിന് രാജ്യത്തെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഹൈദരാബാദിലെ ഖുതുബ് ഷാഹി മഖ്ബറ സന്ദര്‍ശിച്ചു. ഗോല്‍കൊണ്ടാ മേഖലയിലെ ഈ സ്മാരകങ്ങള്‍ പണിതിരിക്കുന്നത് ഇറാനിയന്‍ വാസ്തു ശില്‍പ മാതൃകയിലാണ്. ഒമ്പത് മണിയോടെ മഖ്ബറിയിലെത്തിയ റൂഹാനിക്ക് പ്രദേശത്തിന്റെ ചരിത്ര പ്രാധാന്യം വിശദീകരിച്ചു നല്‍കിയെന്നും ഏറെ സംതൃപ്തിയോടെയാണ് അദ്ദേഹം സന്ദര്‍ശനം പൂര്‍ത്തിയാക്കിയതെന്നും വെസ്റ്റ് സോണ്‍ ഡി സി പി. വെങ്കിടേശ്വര്‍ റാവു പറഞ്ഞു.

അതിനിടെ, ഇസ്‌റാഈലിന്റെ ശത്രുതാ രാഷ്ട്രീയം ചെറുക്കാന്‍ ലോകത്തെ മുഴുവന്‍ മുസ്‌ലിംകളും ഒന്നിക്കണമെന്ന് റൂഹാനി ആവശ്യപ്പെട്ടു. മക്കാ മസ്ജിദില്‍ ജുമുഅ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ റൂഹാനി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഫലസ്തീന്റെ സ്വാതന്ത്ര്യ പോരാട്ടത്തെ എല്ലാവരും പിന്തുണക്കണമെന്നും റൂഹാനി ആവശ്യപ്പെട്ടു.