Connect with us

Kerala

ശുഐബ് വധത്തിന് മുമ്പ് കൊടി സുനി ഉള്‍പ്പെട 19 പ്രതികള്‍ക്ക് പരോള്‍; ദുരൂഹമെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും സജീവ സുന്നി പ്രവര്‍ത്തകനുമായ ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി ഉള്‍പ്പെടെ 19 പ്രതികള്‍ക്ക് ശുഐബിന്റെ കൊലപാതകത്തിനു മുന്‍പ് പരോള്‍ നല്‍കിയെന്ന് ചെന്നിത്തല ആരോപിച്ചു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. ടിപിയെ കൊലപ്പെടുത്തിയ അതേരീതിയില്‍ തന്നെയാണ് ശുഐബിനെയും കൊന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു.

ശുഐബ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം പ്രതികള്‍ക്ക് പ്രോത്സാഹനമാകുകയാണെന്നും കേസിലെ പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ കള്ളക്കളിയാണ് ഇത് വ്യക്തമാക്കുന്നത്. സിപിഎം ഡമ്മി പ്രതികളെ നല്‍കുന്നതുവരെ അറസ്റ്റ് ഉണ്ടാകില്ല എന്ന് വ്യക്തമാണ്. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല സിപിഎമ്മെന്നും ഭീകര സംഘടകളുടെ അതേ മാതൃകയിലുള്ള പ്രാകൃത രീതിയിലെ കൊലപാതകങ്ങളും അക്രമങ്ങളുമാണ് അവര്‍ കേരളത്തില്‍ നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.