ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; കേരളം റെഡി

Posted on: February 16, 2018 11:00 am | Last updated: February 16, 2018 at 11:00 am

കോഴിക്കോട്: വോളിബോളിന്റെ ഈറ്റില്ലമായ കോഴിക്കോടന്‍ മണ്ണില്‍ ദേശീയ വോളിയിലെ ചാമ്പ്യന്‍ പെരുമ ഉയര്‍ത്തിപ്പിടിക്കാന്‍ സജ്ജരായി കേരളം.
യുവത്വവും പരിചയ സമ്പത്തും കോര്‍ത്തിണക്കി 66-ാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പുരുഷ- വനിതാ വിഭാഗത്തില്‍ 12 അംഗങ്ങള്‍ വീതമുള്ള ടീമിനെയാണ് ഇന്നലെ കോഴിക്കോട് നടന്ന ട്രയല്‍സിന് ശേഷം സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. പുരുഷ ടീമിനെ ബി പി സി എല്‍ താരം ജെറോം വിനീതും വനിതാ ടീമിനെ പോലീസ് താരമായ അഞ്ജുമോളും നയിക്കും.

മുതിര്‍ന്ന താരങ്ങളായ ജി എസ് അഖിനും ഫാത്വിമ റുക്‌സാനയുമാണ് വൈസ് ക്യാപ്റ്റന്‍മാര്‍. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയായ ജെറോം കഴിഞ്ഞ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും ദേശീയ ഗെയിംസിലും കേരളത്തിനായി ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.
14 ഓളം ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തിനായി ജേഴ്‌സിയണിഞ്ഞ അന്തരാഷ്ട്ര താരം വിബിന്‍ ജോര്‍ജ്, മുത്തുസാമി എന്നിവര്‍ ടീമില്‍ ഇടംപടിച്ചിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരള നിരയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങള്‍ തന്നെയാണ് ഇത്തവണയും ടീമിലുള്ളത്.

പുരുഷ ടീം: ജെറോം വിനീത് (ക്യാപ്റ്റന്‍), ജി എസ് അഖിന്‍ (വൈസ് ക്യാപ്റ്റന്‍), മുത്തുസ്വാമി, എന്‍ ജിതിന്‍, പി രോഹിത്, അബ്ദുല്‍റഹീം, സി അജിത്ത്‌ലാല്‍, വിബിന്‍ എം ജോര്‍ജ്, അനു ജെയിംസ്, രതീഷ്, ഒ അന്‍സബ്, ഇ കെ രതീഷ് (ലിബറോ).
വനിത ടീം: ജി അഞ്ജുമോള്‍ (ക്യാപ്റ്റന്‍), ഫാത്വിമ റുക്‌സാന (വൈസ് ക്യാപ്റ്റന്‍), കെ എസ് ജിനി, ഇ അശ്വതി, അഞ്ജു ബാലകൃഷ്ണന്‍, എ എസ് സൂര്യ, എസ് രേഖ, എം ശ്രുതി, എന്‍ എസ് ശരണ്യ, കെ പി അനുശ്രീ, അഞ്ജലി ബാബു, അശ്വതി രവീന്ദ്രന്‍.
17 വര്‍ഷത്തിന് ശേഷം കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന ടീമില്‍ കേരളം കിരീടം നിലനിര്‍ത്തുമെന്ന് ക്യാപ്റ്റന്‍ ജെറോം അവകാശപ്പെട്ടു. ഒരുമിച്ച് കളിച്ച് പരിജയ സമ്പത്ത് ആര്‍ജിച്ച ടീമാണ് ഇത്തവണത്തേതെന്നും ജെറോം പറഞ്ഞു. മുന്‍വര്‍ഷങ്ങളിലേത് പോലെ മികച്ച വിജയങ്ങള്‍ക്ക് ശേഷം റെയില്‍വേസിന് മുന്നില്‍ മുട്ടുമടക്കുന്ന പതിവ് രീതി ഇത്തവണ ഉണ്ടാകില്ലെന്ന് വനിതാ ക്യാപ്റ്റന്‍ അഞ്ജുമോള്‍ പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 58 (പുരുഷ 28, വനിത 25) ടീമുകളാണ് 21 മുതല്‍ 28 വരെയായി വി കെ കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, സ്വപ്ന നഗരയിലെ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായുള്ള ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളായി തിരിച്ച് ലീഗ് കം നോക്കൊട്ട് അടിസ്ഥാനത്തിലായാണ് മത്സരം.

ലീഗ് മത്സരത്തിന് ശേഷം എട്ട് ടീമുകളാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടുക. ഓരോ ഗ്രൂപ്പിലും ആദ്യ സ്ഥാനത്തെത്തുന്ന ആറ് ടീമുകള്‍ നോക്കൗട്ടിലേക്ക് നേരിട്ട് യോഗ്യത നേടും.
ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ടാമതെത്തിയവര്‍ തമ്മിലുള്ള പ്ലേഓഫ് മത്സരത്തിലൂടെയാണ് മറ്റ് രണ്ട് ടീമുകളെ കണ്ടെത്തുക.
പുരുഷ വിഭാഗത്തില്‍ കേരള, പഞ്ചാബ്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, റെയില്‍വേസ്, തമിഴ്‌നാട്, സര്‍വ്വീസസ്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ചണ്ഡിഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, ത്രിപുര, ഒഡീഷ, ഹരിയാന, മഹാരാഷ്ട്ര, പോണ്ടിച്ചേരി, അസം, ഡല്‍ഹി, കര്‍ണാടക, ചത്തീസ്ഗഢ്, ജമ്മുകാശ്മീര്‍, ബീഹാര്‍, തെലുങ്കാന, ഉത്തരാഖഢ്, ജാര്‍ഖഢ്, ബംഗാള്‍, ഗോവ ടീമുകളാണ് പങ്കെടുക്കുന്നത്.
വനിതാ വിഭാഗത്തില്‍ റെയില്‍വേസ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ബംഗാള്‍, കേരള, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലുങ്കാന, പഞ്ചാബ്, കര്‍ണാടക, പോണ്ടിച്ചേരി, ബീഹാര്‍,
ചത്തീസ്ഗഢ്, ഹരിയാന, മധ്യപ്രദേശ്, ജാര്‍ഖഢ്, രാജസ്ഥാനല്‍, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ചത്തീസ്ഗഢ്, ജമ്മുകാശ്മീര്‍ ടീമുകളാണുള്ളത്.
പുരുഷ വിഭാഗത്തില്‍ പഞ്ചാബ്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളം കളിക്കുക. വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തെലുങ്കാന ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളമുള്ളത്.