ചാര്‍ജ് വര്‍ധന ബസ് വ്യവസായത്തെ രക്ഷിക്കുമോ?

  നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ കെ എസ് ആര്‍ ടി സിക്ക് പ്രതിദിനം 23 ലക്ഷം രൂപ അധിക വരുമാനം ഉണ്ടാകുമെന്നാണ് മന്ത്രി എ കെ ശശീന്ദ്രന്‍ പറയുന്നതെങ്കിലും ദീര്‍ഘദൂര യാത്രക്കാരില്‍ മിക്കവരും ബസ് യാത്ര അവസാനിപ്പിച്ച് ട്രെയിനിനെ ആശ്രയിക്കുമെന്നാണ് കരുതുന്നത്. ഇങ്ങനെ വന്നാല്‍ കനത്ത തിരിച്ചടിയായിരിക്കും കെ എസ് ആര്‍ ടി സിക്ക് നേരിടേണ്ടി വരിക. കെ എസ് ആര്‍ ടി സിയുടെ നട്ടെല്ല് തന്നെ ദീര്‍ഘദൂര സ്ഥിരം യാത്രക്കാരാണ്. ബസില്‍ പോകുന്ന പണമുണ്ടെങ്കില്‍ രണ്ട് പേര്‍ക്ക് ബൈക്കില്‍ യാത്ര ചെയ്യാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഒരുപക്ഷേ സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത മാര്‍ഗമായ സ്വകാര്യ ബസുകളെയും കെ എസ് ആര്‍ ടി സിയെയും യാത്രക്കാര്‍ കൈയൊഴിഞ്ഞതിന്റെ പ്രകടമായ ലക്ഷണങ്ങളാകാം ഇരുചക്ര വാഹനങ്ങളുടെ ദിനേനയുള്ള എണ്ണപ്പെരുപ്പം.  
Posted on: February 16, 2018 6:03 am | Last updated: February 16, 2018 at 12:05 am

തമിഴ്‌നാട്ടില്‍ ആറ് വര്‍ഷത്തിന് ശേഷം ജനുവരിയില്‍ സ്വകാര്യ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ശക്തമായ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. മിനിമം ചാര്‍ജ് മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തിയതോടെ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങി. ഡി എം കെയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ മുന്‍ നിരയില്‍ സി പി എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമുണ്ടായിരുന്നു. ഒടുവില്‍ മിനിമം നിരക്ക് അഞ്ചില്‍ നിന്ന് നാലാക്കി കുറക്കേണ്ടി വന്നു.

എന്നാല്‍ തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിന്റെ അവസ്ഥ നേരെ തിരിച്ചാണ്. 2014ല്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചതിന് ശേഷം നാല് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ബസ് ഉടമകള്‍ വീണ്ടും നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. പത്ത് രൂപ മിനിമം വേണമത്രെ. ഭരണകൂടത്തിന് ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്തത് കൊണ്ടും പ്രതിപക്ഷ സമരത്തെ നേരിടേണ്ട ആവശ്യമില്ലാത്തതിനാലും ചൊവ്വാഴ്ച ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗത്തില്‍ മിനിമം നിരക്ക് എട്ടാക്കി ഉയര്‍ത്താന്‍ അനുമതിയും നല്‍കി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുത്താനും തീരുമാനിച്ചു. ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ രണ്ട് മുതല്‍ അഞ്ച് രൂപ വരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം കിലോമീറ്ററിന് 70 പൈസയായി വര്‍ധിക്കും.

ഡീസല്‍ വിലയില്‍ കാര്യമായി ഇക്കാലയളവില്‍ വര്‍ധനയുണ്ടായിരുന്നുവെന്നത് നേര് തന്നെയാണ്. എന്നാല്‍ 2014 മെയ് 20ന് നാറ്റ്പാക്കിന്റെ നിര്‍ദേശ പ്രകാരം ബസ് യാത്രാ നിരക്ക് പുതുക്കിയതിന് ശേഷം 2015 ഏപ്രിലിലോടെ ഡീസല്‍ വിലയില്‍ ഗണ്യമായ വിലയിടിവുണ്ടായിരുന്നു. ലിറ്ററിന് 13 രൂപയോളം കുറവുണ്ടായിട്ടും ബസ് യാത്രാ നിരക്ക് കൂടിയ നിലയില്‍ തന്നെ നിലനിന്നു.

ഒരു ഓര്‍ഡിനറി ബസ് ഒരു കിലോ മീറ്റര്‍ ഓടാന്‍ വരുന്ന ചെലവ് 37.29 രൂപയാണെന്ന നാറ്റ്പാക്ക് കണക്കിന്റെ അടിസ്ഥാനത്തിലായിരുന്നു 2014ല്‍ മിനിമം നിരക്ക് ആറില്‍ നിന്ന് ഏഴാക്കി ഉയര്‍ത്തിയത്. കിലോ മീറ്റര്‍ നിരക്ക് 58 പൈസയില്‍ നിന്ന് 64 പൈസയാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഭവിച്ച ഡീസല്‍ വിലയിടിവ് സ്വകാര്യ ബസ് ലോബിയെ വില കുറക്കാന്‍ പ്രേരിപ്പിച്ചില്ല. അസംബന്ധ നാടകം കളിച്ച് പൊതുസമൂഹത്തെ വിഡ്ഢികളാക്കാനാണ് ബസ് മുതലാളിമാര്‍ ശ്രമിക്കുന്നത്. സ്വകാര്യ ബസ് ലോബിയെ വഴിവിട്ട് സഹായിക്കുന്ന രാഷ്ട്രീയ ക്കാര്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.

ഡീസല്‍ വിലയില്‍ കുറവുണ്ടായാല്‍ സ്‌പെയര്‍ പാര്‍ട്‌സിലും നികുതിയിലും വര്‍ധനയുണ്ടെന്ന പരാതികളുമായാണ് കൂടിയ യാത്രാ നിരക്ക് ഇവര്‍ പിടിച്ചുനിര്‍ത്താറുള്ളത്. ഇപ്പോള്‍ വീണ്ടും ഡീസലിന് വിലക്കയറ്റമുണ്ടായതോടെ വീണ്ടും ചാര്‍ജ് വര്‍ധനക്ക് പുറപ്പെട്ടു ബസുടമകള്‍. മിനിമം എട്ട് രൂപയായി വര്‍ധിപ്പിച്ചതിലും തൃപ്തരാകാതെ വിദ്യാര്‍ഥികളുടെ യാത്രാ നിരക്കും ഇരട്ടിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. മുതലാളിമാര്‍ ഒരു പൂവ് ചോദിച്ചാല്‍ തിരികെ പൂന്തോട്ടം നല്‍കുന്ന ഭരണകൂടമുള്ള നാട്ടില്‍ നഷ്ടം ഉണ്ടാകുന്നത് സാധാരണക്കാര്‍ക്ക് മാത്രമാണ്.

ആഗോള വിപണിയില്‍ അസംസ്‌കൃത ഇന്ധനവില അടിക്കടി കുറഞ്ഞപ്പോള്‍ ഇന്ധനത്തിന് പ്രതിദിന വില നിര്‍ണയം നടപ്പാക്കി തുടങ്ങുന്നതിന് മുമ്പ് അതിന്റെ നേട്ടം ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചിരുന്നു. എന്നാല്‍, ഡീസല്‍ ഇന്ധനമാക്കി ഓടുന്ന ബസ് പോലെയുള്ള സേവന മേഖലയില്‍ കൂടിയ നിരക്കില്‍ മാറ്റമുണ്ടായില്ല. ഡീസലിന് വില കൂടിയതിന്റെ പേരില്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ച ബസ് മുതലാളിമാര്‍, ഡീസലിന് വില കുറഞ്ഞപ്പോള്‍ എന്തുകൊണ്ട് യാത്രാ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നുവെന്ന് ചോദിക്കാനും പറയാനും മലയാള മണ്ണില്‍ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയെയും കണ്ടില്ല. എല്ലാവരും മുതലാളിമാര്‍ക്ക് അടിയറവ് വെച്ച് അവരുടെ താത്പര്യം സംരക്ഷിച്ച് സ്വയം നിലനില്‍പ്പ് കണ്ടെത്തുകയായിരുന്നു. സര്‍ക്കാറാകട്ടെ ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലും മുന്നോട്ട് പോയി.

സംസ്ഥാനത്ത് ബസില്‍ പോകുന്ന പണമുണ്ടെങ്കില്‍ രണ്ട് പേര്‍ക്ക് ബൈക്കില്‍ യാത്ര ചെയ്യാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഒരുപക്ഷേ സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത മാര്‍ഗമായ സ്വകാര്യ ബസുകളെയും കെ എസ് ആര്‍ ടി സിയെയും യാത്രക്കാര്‍ കൈയൊഴിഞ്ഞതിന്റെ പ്രകടമായ ലക്ഷണങ്ങളാകാം ഇരുചക്ര വാഹനങ്ങളുടെ ദിനേനയുള്ള എണ്ണപ്പെരുപ്പം. ഡീസല്‍ വില കുറഞ്ഞ നാളുകളില്‍ അഞ്ച് പേര്‍ കാറില്‍ പോയി വരുന്നതിന്റെ ചെലവ് ബസ് യാത്രാ നിരക്കിനോളമേ വരുമായിരുന്നുള്ളൂ.

പെന്‍ഷനും ശമ്പളവും പോലും കൊടുക്കാന്‍ പാടുപെടുന്ന കെ എസ് ആര്‍ ടി സിയെ സംബന്ധിച്ചിടത്തോളം യാത്രാ നിരക്ക് വര്‍ധന ഇവരുടെയും ആവശ്യമാണ്. പഴയ നിരക്കില്‍ തന്നെ കെ എസ് ആര്‍ ടി സിയെ നിലനിര്‍ത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കില്ല. നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ കെ എസ് ആര്‍ ടി സിക്ക് പ്രതിദിനം 23 ലക്ഷം രൂപ അധിക വരുമാനം ഉണ്ടാകുമെന്നാണ് മന്ത്രി എ കെ ശശീന്ദ്രന്‍ പറയുന്നതെങ്കിലും ദീര്‍ഘദൂര യാത്രക്കാരില്‍ മിക്കവരും ബസ് യാത്ര അവസാനിപ്പിച്ച് ട്രെയിനിനെ ആശ്രയിക്കുമെന്നാണ് കരുതുന്നത്. ഇങ്ങനെ വന്നാല്‍ കനത്ത തിരിച്ചടിയായിരിക്കും കെ എസ് ആര്‍ ടി സിക്ക് നേരിടേണ്ടി വരിക. കെ എസ് ആര്‍ ടി സിയുടെ നട്ടെല്ല് തന്നെ ദീര്‍ഘദൂര സ്ഥിരം യാത്രക്കാരാണ്. ചെറിയ ദൂരം പോകണമെങ്കില്‍ പുതിയ നിരക്ക് പ്രകാരം ഓട്ടോറിക്ഷയെ ആശ്രയിക്കുന്നതായിരിക്കും യാത്രികര്‍ക്ക് നല്ലത്. ചെറിയ ദൂരത്തേക്ക് മൂന്ന് പേര്‍ ഒരുമിച്ച് ഓട്ടോറിക്ഷ പിടിച്ചാല്‍ 20 രൂപയേ ആവുകയുള്ളൂ. എന്നാല്‍ ബസിന് 24 രൂപ നല്‍കണം.

സ്വകാര്യ ബസുകളെ അപേക്ഷിച്ച് കെ എസ് ആര്‍ ടി സി ബസുകളില്‍ ഇന്‍ഷ്വറന്‍സ് സെസ് കൂടി യാത്രക്കാര്‍ നല്‍കണമെന്നതിനാല്‍ 15 രൂപക്ക് ഒരു രൂപ മുതല്‍ 100 രൂപക്ക് 10 രൂപ വരെ അധികം നല്‍കണം. യാത്രാ നിരക്ക് വര്‍ധനയോടൊപ്പം ഇതും കൂടി കെ എസ് ആര്‍ ടി സി യാത്രികര്‍ താങ്ങേണ്ടി വരും. വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ കൂടി സര്‍ക്കാര്‍ വര്‍ധന നടപ്പിലാക്കിയാല്‍ സൗജന്യ യാത്ര അനുവദിക്കുന്ന കെ എസ് ആര്‍ ടി സിയെ മിക്ക വിദ്യാര്‍ഥികളും ആശ്രയിക്കും. ഇതോടെ കെ എസ് ആര്‍ ടി സിയില്‍ വിദ്യാര്‍ഥികളുടെ തിരക്ക് അനുഭവപ്പെടുകയും മറ്റു യാത്രികര്‍ സമാന്തര സര്‍വീസുകളില്‍ ലക്ഷ്യ സ്ഥാനത്തെത്തുകയും ചെയ്യും.

നിരക്ക് വര്‍ധനക്ക് മുറവിളി കൂട്ടുമ്പോഴും യാത്രക്കാരുടെ എണ്ണത്തില്‍ കുറവുവരുമോയെന്ന ഭീതി ബസ് ഉടമകള്‍ക്ക് ഇല്ലാതില്ല. മിനിമം നിരക്ക് 10 രൂപയായി നിജപ്പെടുത്തിയാലുള്ള അനന്തര ഫലം അവര്‍ക്ക് തന്നെ ഊഹിക്കാന്‍ പറ്റാത്തതാണ്.

2005-2007 കാലങ്ങളില്‍ ദിവസം ശരാശരി 1200 വരെ യാത്രികര്‍ ഒരു ബസില്‍ കയറിയിരുന്നുവെങ്കില്‍ 2014ല്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചതോടെ യാത്രികരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നിലവില്‍ ദിനംപ്രതി 700 യാത്രികരില്‍ കൂടുതല്‍ ഒരു ബസില്‍ കയറുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ വീണ്ടും യാത്രികരുടെ എണ്ണത്തില്‍ കുറവുണ്ടായേക്കും. ഹ്രസ്വ യാത്രകള്‍ക്ക് ഓട്ടോറിക്ഷയെ ജനങ്ങള്‍ ആശ്രയിക്കുമെന്ന് തിരിച്ചറിഞ്ഞ ബസ് ലോബി, ബസ് ചാര്‍ജ് വര്‍ധനക്ക് പുറമെ ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും മുറവിളി കൂട്ടുന്നുണ്ട്.