Connect with us

National

ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ അരിസ് ഖാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരനെന്ന് സംശയിക്കുന്ന അരിസ് ഖാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി കോടതി 25 ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടത്. ഉത്തരാഖണ്ഡിന് സമീപമുള്ള നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ തലക്ക് 15 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി, ജയ്പൂര്‍, വാരാണസി ബോംബ് സ്‌ഫോടന പരമ്പരകളില്‍ ജുനൈദ് എന്ന അരിസ് ഖാന് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

പത്ത് വര്‍ഷം മുമ്പ് നടന്ന ബട്‌ല ഹൗസ് ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടയാളാണ് ജുനൈദെന്ന് പോലീസ് പറയുന്നു. ഭട്കല്‍ സഹോദരന്മാരായ യാസീന്‍, ഇഖ്ബാല്‍ എന്നിവരുമായി അടുത്ത് പ്രവര്‍ത്തിച്ചയാളാണ് ജുനൈദ്. ഭട്കല്‍ സഹോദരന്മാര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ മുജാഹിദീന്‍ രൂപവത്കരിച്ചത്. ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന സ്‌ഫോടന പരമ്പരകളില്‍ 165 പേര്‍ കൊല്ലപ്പെടുകയും 535 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഉത്തരാഖണ്ഡിന് സമീപമുള്ള നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മാണ വിദഗ്ധനായ ഇയാള്‍ കൂട്ടാളിയെ കാണാനാണ് ഇന്ത്യയിലെത്തിയത്. ബട്‌ല ഹൗസ് ഏറ്റുമുട്ടലിന് ശേഷം നേപ്പാളില്‍ താമസിക്കുകയായിരുന്നു ഇയാള്‍. അവിടെ നിന്ന് സഊദി അറേബ്യയിലേക്ക് പോയ ജുനൈദ്, കഴിഞ്ഞ വര്‍ഷമാണ് നേപ്പാളില്‍ തിരിച്ചെത്തിയത്.
വ്യാജ രേഖ ഉപയോഗിച്ച് നേപ്പാള്‍ പൗരത്വം നേടി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപകനായി കഴിയുകയായിരുന്നു.
2008ലെ ഡല്‍ഹി, ജയ്പൂര്‍ സ്‌ഫോടനങ്ങളില്‍ ഉപയോഗിക്കാന്‍ ഭട്കല്‍ സഹോദരന്മാരുടെ സഹായത്തോടെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് ജുനൈദ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് പോലീസ് പറയുന്നു. ഇന്ത്യന്‍ മുജാഹിദീനും സിമിയും പുനരുജ്ജീവിപ്പിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

ഇന്ത്യന്‍ മുജാഹിദീന്‍ ഉള്‍പ്പെട്ട കേസുകള്‍ എന്‍ ഐ എ ഏറ്റെടുത്തിട്ടുണ്ട്. ജുനൈദ്, ഭട്കല്‍ സഹോദരന്മാര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ എന്‍ ഐ എ 2012 സെപ്തംബറില്‍ എഫ് ഐ ആര്‍ രേഖപ്പെടുത്തിയിരുന്നു. വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഗൂഢാലോചകനും ആസൂത്രകനും ജുനൈദാണെന്നാണ് എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഭട്കല്‍ സഹോദരന്മാര്‍ക്ക് പുറമെ ആമിര്‍ രിള ഖാന്‍, തഹ്‌സിന്‍ അക്തര്‍, അസദുല്ല അക്തര്‍ എന്നിവരാണ് ഇയാളുടെ കൂട്ടാളികള്‍.

Latest