‘ഇറച്ചി വെട്ടുന്നത് പോലെ വെട്ടിനുറുക്കി’; ശുഐബിനെ കൊന്നത് അതിക്രൂരമായെന്ന് സാക്ഷികള്‍

Posted on: February 15, 2018 10:31 am | Last updated: February 15, 2018 at 3:26 pm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും സജീവ സുന്നി പ്രവര്‍ത്തകനുമായ എടയന്നൂര്‍ സ്വദേശി ശുഐബി(29) നെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് സാക്ഷികള്‍. നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നതുപോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയതെന്നും
ഇന്റര്‍നെറ്റ് കോളിലൂടെ ശുഐബിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന ശുഐബിന്റെ സുഹൃത്ത് നൗഷാദ് സ്വകാര്യ ചാനലിലോട് പറഞ്ഞു.

ശുഐബും സുഹൃത്തുക്കളും തട്ടുകടയില്‍നിന്ന് ചായ കുടിക്കുമ്പോഴാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. ബോംബെറിഞ്ഞശേഷം വാളുകൊണ്ട് ശുഹൈബിന്റെ കാലില്‍ വെട്ടി. നിലത്തു വീണ ശുഹൈബിനെ രണ്ട് പേര്‍ ചേര്‍ന്ന് നിരവധിതവണ വെട്ടി. വെട്ടേറ്റ് വീണ ശേഷവും ആക്രമണം തുടര്‍ന്നതായും സാക്ഷികള്‍ പറയുന്നു. ഒരാള്‍ ഇരുന്ന് വെട്ടി രണ്ടാമന്‍ കുനിഞ്ഞ് നിന്നും വെട്ടി, തടഞ്ഞപ്പോള്‍ കൈക്ക് വെട്ടി, ബെഞ്ച് കൊണ്ട് തടഞ്ഞതുകൊണ്ട് അരക്ക് മുകളിലേക്ക് വെട്ടിയില്ല. കൊല്ലണമെന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. ഓടിയെത്തിയ നാട്ടുകാരുടെ നേരെയും ബോംബെറിഞ്ഞ ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ തെരൂരില്‍ വെച്ച് ഒരു സംഘം ബേംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ശുഐബിനെയും സുഹൃത്തുക്കളെയും വെട്ടിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകും വഴി രാത്രി ഒരു മണിയോടെയാണ് മരണം. പരുക്കേറ്റ എസ് വൈ എസ് യൂനിറ്റ് വൈസ് പ്രസിഡന്റ് കെ റിയാസ്, നൗഷാദ് എന്നിവര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെ എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശുഐബിന്റെ കൊലപാതകം.