ഒടുവില്‍ ജേക്കബ് സുമ രാജിവെച്ചു

Posted on: February 15, 2018 10:07 am | Last updated: February 15, 2018 at 12:59 pm

ജോഹന്നാസ്ബര്‍ഗ്: : അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. സുമയെ നീക്കാന്‍ ആഫിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എഎന്‍സി) നീക്കങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് രാജി. ടെലിവിഷന്‍ അഭിസംബോധനയിലൂടെയായിരുന്നു രാജി പ്രഖ്യാപനം. അധികാരത്തിലെത്തി ഒമ്പത് വര്‍ഷത്തിന് ശേഷമാണ് രാജി. തന്നോട് രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതിനോട് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ സുമ, താന്‍ എന്നും പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനായിരുന്നെന്നും പറഞ്ഞു. സുമക്ക് പകരം പാര്‍ട്ടി നേതാവും അഭിഭാഷകനുമായി സിറില്‍ റാമഫോസയെ അധികാരത്തില്‍ എത്താനാണ് സാധ്യത.

സുമയുടെ ഭരണകാലത്ത് അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാണിരുന്നു. ഇത് പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തെ സുമക്ക് എതിരാക്കി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറക്കും ഇത് വിള്ളലേല്‍ച്ചു. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷം നടന്ന ഓരോ തിരഞ്ഞെടുപ്പിലും പാര്‍ട്ടി്ക്ക് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഇത് സുമയുടെ പുറത്തേക്കുള്ള പോക്കിന് ഇടയാക്കി. 783 അഴിമതി കേസുകളാണ് സുമയുടെ പേരിലുള്ളത്. ഇവയിലൊന്നും സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല.

താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ തിരക്കിട്ട് രാജിവെക്കേണ്ട ആവശ്യമില്ലെന്നും സുമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്ഥാനം രാജിവെക്കാന്‍ ഭരണപക്ഷ പാര്‍ട്ടിയായ എ എന്‍ സി ആവശ്യപ്പെട്ടതിനോടുള്ള പ്രതികരണമായാണ് സുമ ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ, ജേക്കബ് സുമയുടെ സുഹൃത്തും സഹായിയുമായ ഇന്ത്യന്‍ വംശജനായ അതുല്‍ഗുപ്തയുടെ വീട് പോലീസ് റെയ്ഡ് നടത്തിയിരുന്നു. വീട്ടില്‍ നിന്ന് അന്വേഷണാടിസ്ഥാനത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ ഗുപ്തയുടെ കുടുംബാംഗമാണ്. വ്‌റെദെ ഫാം അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ഗുപ്തയുടെ വീട് റെയ്ഡ് നടത്തിയത്.

ജേക്കബ് സുമയുമായുള്ള ബന്ധങ്ങള്‍ ദുര്‍വിനിയോഗം ചെയ്ത് ഗുപ്തയടക്കമുള്ള വ്യവസായികള്‍ കരാറുകള്‍ നേടുകയും മന്ത്രിസഭാ തീരുമാനങ്ങളില്‍ ഇടപെടുകയും ചെയ്തുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പോലീസിന്റെ പ്രത്യേകാന്വേഷണ സംഘം ഗുപ്തയുടെ വീട്ടിലേക്കുള്ള വഴി അടച്ചിരിക്കയാണ്. സുമയും ഗുപ്തയും തമ്മിലുള്ള ഇടപാടുകള്‍ പ്രത്യേക പോലീസ് സംഘം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.