ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തണമെന്ന് പോലീസ്

Posted on: February 14, 2018 9:57 am | Last updated: February 14, 2018 at 11:58 am

ടെല്‍ അവീവ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തണമെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കൈക്കൂലി, വഞ്ചന എന്നീ കേസുകളില്‍ നെതന്യാഹുവിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പോലീസിന്റെ നിഗമനം പ്രധാനമന്ത്രിക്കെതിരായ കേസുകളും തെളിവുകളും പോലീസ് അറ്റോര്‍ണി ജനറലിന് സമര്‍പിച്ചു. കേസിലെ തുടര്‍ നടപടികള്‍ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക അറ്റോര്‍ണി ജനറല്‍ ആയിരിക്കും.

അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച നെതന്യാഹു താന്‍ പ്രധാനമന്ത്രിയായി തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു. സത്യം തെളിയുമെന്ന് ഉറപ്പുണ്ടെന്നും ദൈവം സഹായിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പിലും താന്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില കോടീശ്വരന്‍മാര്‍ക്ക് ചെയ്തുകൊടുത്ത ഉപകാരത്തിന് വന്‍ വിലവരുന്ന ചുരുട്ടും ആഭരണങ്ങളും സമ്മാനങ്ങളായി സ്വീകരിച്ചുവെന്നതാണ് ഒരു ആരോപണം. ഇസ്‌റാഈലിലെ യെദ്യോത് അഹ്‌റോനത് എന്ന പ്രമുഖ പത്രത്തിന്റെ പ്രസാധകനുമായി രഹസ്യ കരാര്‍ ഉണ്ടാക്കി എന്നതാണ് രണ്ടാമത്തെ കേസ്. വിമത പത്രമായ ഇസ്‌റാഈലി ഹയോം എന്ന പത്രത്തിന്റെ സ്റ്റാറ്റസ് കുറച്ചാല്‍ നെതന്യാഹുവിനെ പ്രകീര്‍ത്തിക്കുന്ന ധാരാളം വാര്‍ത്തകള്‍ നല്‍കാമെന്നായിരുന്നു കരാര്‍.