Connect with us

National

താജ്മഹല്‍ കാണാന്‍ ഇനി ചെലവേറും

Published

|

Last Updated

ന്യൂഡല്‍ഹി: താജ്മഹല്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി ചെലവേറും. ഏപ്രില്‍ ഒന്ന് മുതല്‍ പ്രവേശന നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാന ശവകുടീര മണ്ഡപം കാണുന്നതിന് 200 രൂപ നിരക്ക് ഏര്‍പ്പെടുത്തി. പ്രധാന ശവകുടീരം സന്ദര്‍ശിക്കുന്നതിന് ഇതുവരെ നിരക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല. പ്രവേശന നിരക്ക് 40 രൂപയില്‍ നിന്ന് അമ്പതാക്കി. പ്രധാന ശവകുടീരത്തിലേക്കുള്ള പ്രവേശനം കുറക്കുന്നതിന് അടിയന്തര ചുവടുവെപ്പ് നടത്തണമെന്ന് നാഷനല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (നീരി) ശിപാര്‍ശ ചെയ്തിരുന്നു. താജ്മഹല്‍ സംരക്ഷിക്കുന്നതിനും ജനത്തിരക്ക് കൈകാര്യം ചെയ്യുന്നതിനുമാണ് നിരക്ക് ഉയര്‍ത്തിയതെന്ന് സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ അറിയിച്ചു.

പുതിയ ബാര്‍കോഡ് ഉള്‍പ്പെടുത്തിയതായിരിക്കും പ്രവേശന ടിക്കറ്റ്. ഇതിന് മൂന്ന് മണിക്കൂര്‍ കാലാവധിയേയുണ്ടാകൂ. വിദേശ വിനോദസഞ്ചാരികള്‍ക്ക് 1250 രൂപയാണ്. ഇവരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് പ്രത്യേക നടപടികള്‍ കൈക്കൊള്ളും. വിദേശ വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക വരി, ശൗചാലയം, ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സുരക്ഷിതമായ ഇടനാഴി തുടങ്ങിയവ നിര്‍മിക്കും. താജ് മഹല്‍ പരിസരത്തെ ഉപഭോക്താക്കളെ പിടിക്കല്‍ സംസ്‌കാരം അവസാനിപ്പിക്കാനും കര്‍ശന നടപടി കൈക്കൊള്ളും.

 

Latest