Connect with us

International

അഴിമതി ആരോപണം: പാര്‍ക് ഗ്യൂന്റെ സഹായിക്ക് 20 വര്‍ഷം തടവ്

Published

|

Last Updated

സിയൂള്‍: അഴിമതി കേസില്‍ അറസ്റ്റിലായ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയുടെ സന്തത സഹചാരി ചൊയ് സൂണ്‍ സില്ലിന് 20 വര്‍ഷത്തെ തടവ്. രാജ്യത്തെ പ്രഥമ വനിത പ്രസിഡന്റായ പാര്‍ക്കിന്റെ രാജിയിലേക്കെത്തിച്ച അഴിമതി കേസിലെ മുഖ്യപ്രതിയാണ് ചൊയ്.

സാംസംഗ് മേധാവിയുള്‍പ്പെടെയുള്ള വ്യവസായി പ്രമുഖരുമായി ചേര്‍ന്ന് അഴിമതി നടത്തിയെന്നും ഇതിനായി പാര്‍ക്കുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയെന്നുമാണ് ചൊയ്‌ക്കെതിരെയുള്ള കേസ്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ചൊയ്‌യുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ലാഭകരമല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ചൊയ് മുഖേന പൊതുഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ സംഭാവന നല്‍കിയെന്നാണ് പ്രധാന ആരോപണം. ഇതേതുടര്‍ന്ന് പാര്‍ക്കിനെതിരെ 12 കേസുകളും ചുമത്തിയിട്ടുണ്ട്.

ചൊയ്‌ക്കെതിരെ 180 ബില്യണ്‍ കൊറിയന്‍ വണ്ണും സിയൂള്‍ കോടതി പിഴ ചുമത്തിയിട്ടുണ്ട്. അഴിമതിയില്‍ ചൊയ്‌യുമായി രഹസ്യബന്ധമുണ്ടായിരുന്ന പാര്‍കിനെതിരായ വിധി ഈ വര്‍ഷാവസാനം ഉണ്ടാകും.

അതിനിടെ, ചൊയ്ക്ക് കൈക്കൂലി നല്‍കിയ കേസില്‍ ലോട്ടെ ഗ്രൂപ് ചെയര്‍മാന്‍ ശിന്‍ ഡംഗ് ബിന്നിനെ രണ്ടര വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചു.