Connect with us

International

ജേക്കബ് സുമക്ക് പാര്‍ട്ടിയുടെ അന്ത്യശാസനം

Published

|

Last Updated

ജോഹന്നസ്ബര്‍ഗ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയോട് സ്ഥാനം ഒഴിയാന്‍ പാര്‍ട്ടിയുടെ അന്ത്യശാസനം. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രാജിവെച്ച് പുറത്തു പോകാന്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. പാര്‍ട്ടി പ്രസിഡന്റ് സിറില്‍ രാമഫോസയുടെ നേതൃത്വത്തില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട യോഗത്തിലാണ് പ്രസിഡന്റിനുള്ള അന്ത്യശാസന. രാജിവെക്കാനുള്ള സമയപരിധി യോഗത്തില്‍ നിശ്ചയിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍, 48 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും നേതാക്കള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ സുമ രാജിവെക്കുമെന്നാണ് പാര്‍ട്ടി വൃത്ത
ങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയുടെ ആവശ്യത്തെ കുറിച്ച് സുമ ഇന്ന് പ്രതികരിക്കും.
നിരവധി അഴിമതിക്കേസുകളില്‍ കുറ്റാരോപിതനായ സുമ ഇനിയും അധികാരത്തില്‍ തുടര്‍ന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കുമെന്നാണ് വിലിയിരുത്തല്‍. അടിയന്തരമായി തന്നെ സുമയെ പുറത്താക്കണമെന്ന് ദേശീയ എക്‌സിക്യൂട്ടീവ് സമിതിയില്‍ സെക്രട്ടറി ജനറല്‍ എസി മഗാഷെലു ആവശ്യപ്പെട്ടു. സുമക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് യോഗത്തില്‍ ഉന്നയിക്കപ്പെട്ടത്.

ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തെ കാലാവധി ബാക്കി നില്‍ക്കെ സുമയോട് രാജിവെച്ച് പുറത്തുപോകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. 2009ല്‍ അധികാരത്തിലേറിയ സുമ കോടിക്കണക്കിന് ഡോളറിന്റെ അഴിമതി നടത്തിയെന്നാണ് ആരോപണം. 1999ലെ ആയുധ ഇടപാടു മുതല്‍ 783 കേസുകള്‍ ജേക്കബ് സുമക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ജേക്കബ് സുമക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയായിരുന്നു.
സുമക്കെതിരായ ആരോപണത്തെ തുടര്‍ന്ന് 2016ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത ആഘാതമുണ്ടായതായി പാര്‍ട്ടി വിലയിരുത്തി. 1994ല്‍ നെല്‍സണ്‍ മണ്ടേല അധികാരത്തിലേറിയതിന് ശേഷം പാര്‍ട്ടിക്കുണ്ടായ ഏറ്റവും കുറഞ്ഞ വോട്ടുവിഹിതമായിരുന്നു 2016ലേത്.