റാക്കിലേക്ക് ദുബൈയില്‍ നിന്ന് ആഢംബര ബസ് സര്‍വീസുകള്‍

Posted on: February 13, 2018 8:11 pm | Last updated: February 13, 2018 at 8:11 pm

റാസ് അല്‍ ഖൈമ: എമിറേറ്റിസിലെ വിനോദ സഞ്ചാര മേഖലയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അത്യാഢംബര ബസ് സര്‍വീസുകളൊരുക്കി റാക് ടൂറിസം ഡിപാര്‍ട്‌മെന്റ്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന്, മൂന്ന് എന്നിവിടങ്ങളില്‍ നിന്നാണ് 45 മിനിറ്റുകള്‍ കൊണ്ടെത്തുന്ന വിധത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുക. 2018 അവസാനത്തോടെ പത്തു ലക്ഷം സന്ദര്‍ശകരെന്ന റാക് ഭരണകൂടത്തിന്റെ ആശയങ്ങളുടെ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിന് കരുത്തുപകരുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

യു എ ഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വത നിരകള്‍, 64 കിലോമീറ്ററിലുള്ള അത്യാകര്‍ഷണ കടലോരം, സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് റാസ് അല്‍ ഖൈമ.
www.rakshuttle.com എന്ന വെബ് സൈറ്റില്‍ യാത്രാ ടിക്കറ്റുകള്‍ ബുക്ക്‌ചെയ്യാനുള്ള അവസരമുണ്ട്. ടെര്‍മിനല്‍ 1, 3 എന്നിവിടങ്ങളില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ബസുകളില്‍ സൗജന്യ വൈഫൈ, കുടിവെള്ളം, റാക് എമിറേറ്റിലെ സവിശേഷതകള്‍ വിവരിക്കുന്ന മാപ് എന്നിവ വിതരണംചെയ്യും. 20 ദിര്‍ഹം നിരക്കില്‍ യാത്ര ഒരുക്കിയിട്ടുള്ള ബസുകളില്‍ വിനോദ സഞ്ചാരികള്‍ക്കും യു എ ഇയിലെ താമസക്കാര്‍ക്കും യാത്ര ചെയ്യാമെന്ന് റാസ് അല്‍ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി സി ഇ ഒ ഹൈതം മതര്‍ പറഞ്ഞു.