ദുബൈയെ പത്ത് വര്‍ഷം മുന്നേ നടത്താന്‍ 10 എക്‌സ് 2.0 പദ്ധതി പ്രഖ്യാപിച്ചു

Posted on: February 13, 2018 7:34 pm | Last updated: February 13, 2018 at 7:38 pm
10 എക്‌സ് പദ്ധതി സംബന്ധിച്ച് സ്മാര്‍ട് ദുബൈ ഡയറക്ടര്‍ ജനറല്‍ ഡോ. ആഇശ ബിന്‍ ബിശ്ര്‍ സംസാരിക്കുന്നു

ദുബൈ: ദുബൈയുടെ ഭാവി കൂടുതല്‍ കരുത്തുറ്റതാക്കാന്‍ തയ്യാറാക്കിയ 10 എക്‌സിന്റെ രണ്ടാം ഘട്ടം 10 എക്‌സ് 2.0 പദ്ധതി ദുബൈ കിരീടാവകാശിയും സുപ്രീം കൗണ്‍സില്‍, ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ദുബൈയില്‍ ലോക ഭരണകൂട ഉച്ചകോടിയിലാണ് പ്രഖ്യാപനം നടന്നത്. കഴിഞ്ഞ വര്‍ഷം ലോക ഭരണകൂട ഉച്ചകോടിയില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പദ്ധതിയുടെ ആദ്യ ഘട്ടം പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ ദുബൈ നഗരത്തെ മറ്റുള്ള നഗരങ്ങളുടെ വികസന വേഗതയില്‍ നിന്ന് പത്തുവര്‍ഷം മുന്നിലെത്തിക്കുക എന്ന ആശയത്തിലൂന്നിയതാണ് 10 എക്‌സ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

ശൈഖ് ഹംദാന്റെ നേതൃത്വത്തില്‍ പ്രമുഖമായ 36 സംരംഭങ്ങളാണ് 160 ആശയങ്ങള്‍ പദ്ധതിയുടെ ഭാഗമായി സമര്‍പിച്ചത്. ഇതില്‍ നിന്നും സുപ്രധാനമായ 26 ആശയങ്ങളാണ് പുതിയ ഘട്ടത്തിന്റെ പ്രയോഗവല്‍കരണത്തിനായി കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ലോക ഭരണകൂട ഉച്ചകോടി വേദിയില്‍ ഒരുക്കിയിട്ടുള്ള 10 എക്‌സ് സ്റ്റാളില്‍ പ്രസ്തുത ആശയങ്ങളുടെ പ്രായോഗിക തലങ്ങളെ വിശദീകരിക്കുന്ന പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്.
ശൈഖ് ഹംദാന്‍ 26 സുപ്രധാന ആശയങ്ങളാണ് പദ്ധതിയിലേക്കായി അംഗീകരിച്ചിട്ടുള്ളത്. ലോക നഗരങ്ങളില്‍ 10 വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയേക്കാവുന്ന വികസന പ്രവര്‍ത്തികള്‍ നിശ്ചിത സമയക്രമത്തിനുള്ളില്‍ ദുബൈ നഗരം അതി ശീഘ്രം നടപ്പിലാക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ ദുബൈ നഗരത്തിന്റെ പുരോഗതി ലോക രാജ്യങ്ങള്‍ക്കിടയില്‍ 10 വര്‍ഷത്തിനും മുന്നേ എത്തുന്ന വിധത്തിലാകുമെന്ന് ദുബൈ 10 എക്‌സ് ഡയറക്ടര്‍ ആമിര്‍ അബ്ദുല്‍ റഊഫ് പറഞ്ഞു. ദുബൈയിലെ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ 10 മടങ്ങ് ഗുണമേന്മയിലും വേഗതയിലും കാര്യക്ഷമതയിലും പദ്ധതി പ്രവര്‍ത്തിപഥത്തിലെത്തിക്കുന്നതോടെ ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷത്തിനുള്ളിലാണ് പദ്ധതിയനുസരിച്ചുള്ള സുപ്രധാന ആശയങ്ങള്‍ പ്രയോഗവല്‍കരിക്കുക. ലോകത്തു ആദ്യമായി സ്വയം നിയന്ത്രിത സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന പുനഃരുപയുക്ത ഊര്‍ജ മേഖലയോടെയുള്ള ഡിജിറ്റല്‍ ദിവ, നിര്‍മിത ബുദ്ധി വൈഭവത്തിന്റെ സഹായത്തോടെ ചികിത്സാ രംഗത്ത് സമൂലമായ മാറ്റത്തിന് തിരികൊളുത്തുന്ന നവീന പദ്ധതികള്‍, ‘പോലീസിംഗ് വിതൗട്ട് പോലീസ്‌മെന്‍’ എന്ന ആശയം നടപ്പിലാക്കുന്നതിന് അതിനൂതന സ്മാര്‍ട് സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ദുബൈ പോലീസ് സേവനങ്ങള്‍, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വിദ്യാഭ്യാസ സംരംഭങ്ങളുടെ വിജ്ഞാന ശേഖരങ്ങളെ നിഷ്പ്രയാസം സ്വായത്തമാക്കുന്നതിന് ഏതു സമയത്തും ഉപയോഗിക്കാവുന്ന സംവിധാനങ്ങള്‍, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ട്രാന്‍സിറ്റ് സമയം നാല് മണിക്കൂറില്‍ കൂടുതലുള്ള വിദേശ യാത്രക്കാര്‍ക്ക് ദുബൈ നഗരത്തിന്റെ സവിശേഷതകള്‍ മികവുറ്റ രീതിയില്‍ ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കുന്നതോടൊപ്പം ദുബൈ നഗരത്തിന്റെ വിര്‍ച്വല്‍ ടൂറും ഒരുക്കുന്ന പദ്ധതി എന്നിവയാണ് 10 എക്‌സ് 2.0യുടെ ഭാഗമായുള്ള സുപ്രധാന ആശയങ്ങള്‍.