സിപിഎം ഭീകരതക്ക് മുന്നില്‍ പോലീസ് നിഷ്‌ക്രിയരാകുന്നു:എ.കെ ആന്റണി

Posted on: February 13, 2018 12:39 pm | Last updated: February 13, 2018 at 12:39 pm

ന്യൂഡല്‍ഹി: സി.പി.എമ്മിന്റെ ഭീകരതക്ക് മുമ്പില്‍ പൊലീസ് നിഷ്‌ക്രീയരായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവം സി.പി.എം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

അധികാരത്തിന്റെ തണലിലാണ് സിപിഎം ഇതെല്ലാം ചെയ്തുകൂട്ടുന്നത്. കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അവര്‍ തയാറല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഷുഹൈബ് വധം. സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ അക്രമത്തെ പ്രോത്സാഹിക്കുന്നു. സ്വന്തം ജില്ലയിലെ ക്രമസമാധാനം പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത തരത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദയനീയ പരാജയമായി മാറിയിരിക്കുകയാണ്.

ക്രമസമാധാനം സംരക്ഷിക്കാന്‍ കഴിയാത്ത ഈ പൊലീസ് കീഴില്‍ ഷുഹൈബ് വധകേസിലെ പ്രതികളെ കണ്ടത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്നകാര്യത്തില്‍ സംശയമുണ്ട്,ആന്റണി പറഞ്ഞു.