കൊച്ചിയിലെ കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; മരിച്ച അഞ്ചുപേരും മലയാളികള്‍

Posted on: February 13, 2018 2:52 pm | Last updated: February 14, 2018 at 9:58 am

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റു. കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച സാഗര്‍ ഭൂഷണെന്ന ഒഎന്‍ജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്.

കാച്ചി മൈനാഞ്ചി മുക്ക് കുറുപ്പശേരി പുത്തന്‍വീട്ടില്‍ കെ.ബി. ജയന്‍, പത്തനംതിട്ട ഏനാത്ത് ചാരുവിള വടക്കേതില്‍ ജെവിന്‍ റെജി, തൃപ്പൂണിത്തുറ എരൂര്‍ ചെമ്പനേഴത്ത് വീട്ടില്‍ സി.എസ്. ഉണ്ണിക്കൃഷ്ണന്‍, എരൂര്‍ വെളിയില്‍ മഠത്തിപ്പറമ്പില്‍ എം.വി. കണ്ണന്‍, വൈപ്പിന്‍ മാലിപ്പുറം പള്ളിപ്പറമ്പില്‍ എം.എം. റംഷാദ് എന്നിവരാണു മരിച്ചത്. രാജീവ്,അഭിലാഷ്, ജയ്‌സണ്‍, സച്ചു, ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു എന്നിവര്‍ക്കു പരുക്കേറ്റു. ഇവരില്‍ ശ്രീരൂപിന്റെ നില അതീവ ഗുരുതരമാണ്.

ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലെ സ്റ്റീല്‍ ബല്ലാസ്റ്റ് ടാങ്കറിനുള്ളിലായിരുന്നു പൊട്ടിത്തെറി. രാവിലെ പത്തിനു ഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് തൊഴിലാളികള്‍ പോകുന്നതിനു മുന്‍പ് ഒന്‍പതേകാലോടെ കപ്പല്‍ശാലയിലെ ഡ്രൈഡോക്കിലായിരുന്നു അപകടം.

അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍.പി.ദിനേശ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു കൊച്ചി ഷിപ്‌യാര്‍ഡ് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാചെലവുകളും വഹിക്കും.

പൊട്ടിത്തെറിയെ കുറിച്ച് ത്രിതല അന്വേഷണം നടത്തുമെന്നും കപ്പല്‍ശാല സിഎംഡി മധു എസ്. നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഷിപ്‌യാര്‍ഡ് ഓപറേഷന്‍സ് ഡയറക്ടര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ കപ്പല്‍ശാല ആഭ്യന്തര അന്വേഷണം നടത്തും. പുറമേ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അറ്റകുറ്റപ്പണിക്കായി ഡിസംബര്‍ ഏഴിനാണു കപ്പല്‍ എത്തിച്ചത്. ജനുവരി 12 മുതല്‍ ഡ്രൈഡോക്കിലായിരുന്നു ജോലികള്‍. 28 ന് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി മടങ്ങാനാണ് നിശ്ചയിച്ചിരുന്നതെന്നും സിഎംഡി അറിയിച്ചു.
1994 ലാണ് ഇതിനു മുന്‍പ് കപ്പല്‍ അറ്റകുറ്റപ്പണിക്കിടെ കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ അപകടമുണ്ടായത്.

പൊട്ടിത്തെറിയെത്തുടര്‍ന്നുണ്ടായ പുക കാരണമാണു മരണസംഖ്യ കൂടിയതെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരിര്‍ ഒരാള്‍ മാനേജ്‌മെന്റ് നേരിട്ട് രണ്ടു വര്‍ഷത്തേക്കെടുക്കുന്ന ഓണ്‍ കോണ്‍ട്രാക്ട് തൊഴിലാളിയാണ്, മറ്റൊരാള്‍ കരാര്‍ തൊഴിലാളിയും. മൂന്നു പേര്‍ അഗ്നിശമന വിഭാഗത്തിലെ തൊഴിലാളികളാണ്.

തൊഴിലാളികളുടെ മരണത്തില്‍ കേന്ദ്ര ഷിപ്പിംഗ്് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു.