കേരളം തന്നെ മുന്നില്‍

Posted on: February 13, 2018 6:30 am | Last updated: February 12, 2018 at 11:31 pm

കുമ്മനം രാജശേഖരന്റെ ജാഥക്കെത്തിയപ്പോള്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ സംസ്ഥാനത്തെ കണ്ടു പഠിക്കണമെന്ന് കേരള സര്‍ക്കാറിനെ ഉപദേശിച്ചത് മറക്കാനായിട്ടില്ല. എന്നാല്‍, ആരോഗ്യ രംഗത്ത് കേരളത്തെ കണ്ടുപഠിക്കാനാണ് മോദി സര്‍ക്കാറിന്റെ നിതി ആയോഗ് യു പി സര്‍ക്കാറിനോടാവശ്യപ്പെടുന്നത്. ആരോഗ്യ സുരക്ഷയില്‍ കേരളമാണ് രാജ്യത്ത് മുന്‍പന്തിയിലെന്നാണ് ലോകബേങ്ക് സഹായത്തോടെ നിതി ആയോഗ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 76.55 മുതല്‍ 80 വരെ സ്‌കോര്‍ നേടിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. പഞ്ചാബിനാണ് രണ്ടാം സ്ഥാനം. ഉത്തര്‍ പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ഏറ്റവം മോശം സംസ്ഥാനങ്ങളില്‍ ബി ജെ പി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളുമുണ്ട്. ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ നല്‍കുന്നതില്‍ കേരളം ഒന്നാമതെങ്കിലും ചില മേഖലകളില്‍ കേരളം പിന്നിലാണെന്ന് റിപ്പോര്‍ട്ട് ഉണര്‍ത്തുന്നു. നവജാതശിശു മരണനിരക്ക്, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് തുടങ്ങിയവയില്‍ കേരളം ഇനിയുംമെച്ചപ്പെടാനുണ്ട്.

ആരോഗ്യ മേഖലയില്‍ മാത്രമല്ല, സ്ത്രീസുരക്ഷ, ക്രമസമാധാനം, സാമൂഹിക സുരക്ഷാ പദ്ധതികള്‍, ഭരണ നിര്‍വഹണം തുടങ്ങിയ കാര്യങ്ങളിലും കേരളം ദേശീയ തലത്തില്‍ മുന്‍പന്തിയിലാണെന്ന് വിവിധ പഠനങ്ങളും സര്‍വേകളും വ്യക്തമാക്കിയതാണ്. ബി ജെ പി ഇതര സംസ്ഥാനങ്ങളോട് പൊതുവെ ചിറ്റമ്മനയമാണ് മോദി സര്‍ക്കാറിന്. ബി ജെ പിയുടെ കൊടിയ ശത്രുവായ സി പി എം അധികാരത്തിലിരിക്കുന്ന കേരളത്തോട് പ്രത്യേകിച്ചും. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചു കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരമാവധി തടസ്സപ്പെടുത്തുകയും അതേസമയം യു പി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങി ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു വാരിക്കോരി നല്‍കുകയുമാണ് കേന്ദ്രം. ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കേരളത്തിന്റെ മുന്നേറ്റം.

കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിനു വേണ്ടി പ്ലാന്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍ക്കു സുരക്ഷിതമായി ജീവിക്കാനും സഞ്ചരിക്കാനും കഴിയുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമുണ്ട് കേരളത്തിന്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, ആക്രമണത്തില്‍ നിന്നുള്ള സംരക്ഷണം എന്നീ നാലു മാനദണ്ഡങ്ങളെ ആധാരമാക്കി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഗോവയാണ് മുന്‍പന്തിയില്‍. ഗോവ 0.656 പോയിന്റ്‌നേടിയപ്പോള്‍ കേരളത്തിനു 0.634 പോയിന്റ് കിട്ടി.്യുജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളാണ് ഇതില്‍ ഏറ്റവും പിന്നിലെന്ന് ശിശുക്ഷേമ വകുപ്പ് കഴിഞ്ഞ നവംബര്‍ അവസാനത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. സ്വച്ഛ് ഭാരതും സാമൂഹിക സുരക്ഷാ പദ്ധതികളും നടപ്പാക്കുന്നതിലും കേരളത്തിന് പ്രഥമ സ്ഥാനമുണ്ട്. ഉത്തര്‍ പ്രദേശും ബീഹാറുമാണ് ഏറ്റവും പിറകില്‍. കേരളത്തിലെ 82 ശതമാനം വീടുകള്‍ക്കും കക്കൂസും കുളിമുറിയും ഉണ്ടെന്നിരിക്കെ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ 83 ശതമാനം വീടുകള്‍ക്കും ശുചിമുറികള്‍ ഇല്ലെന്നാണ് മൂന്ന് മാസം മുമ്പ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പുറത്തുവിട്ട പഠനം പറയുന്നത്. ഉത്തരേന്ത്യയില്‍ നിര്‍മിച്ച പല ശുചി മുറികളും ഉപയോഗശൂന്യമാണെന്നും പഠനം വെളിപ്പെടുത്തുന്നു.

2017ല്‍ മികച്ച ഭരണ നിര്‍വഹണം നിര്‍വഹിച്ച സംസ്ഥാനങ്ങളുടെ പട്ടിക ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ തയാറാക്കിയപ്പോഴും കേരളമായിരുന്നു ഒന്നാമത്. ഇക്കാര്യത്തിലും ബി ജെ പി ഭരിക്കുന്ന ഉത്തര്‍ പ്രദേശും മധ്യപ്രദേശും ഏറ്റവും പിന്നിലായിരുന്നു. അതേസമയം കുറ്റകൃത്യങ്ങളിലും വര്‍ഗീയ കലാപങ്ങളിലും ബി ജെ പി ബഹുഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ യു പിയാണ് മുന്നില്‍. 2016ല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കുറ്റകൃത്യങ്ങളില്‍ 09.5 ശതമാനവും യു പിയിലാണെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് വെളിപ്പെടുത്തുമ്പോള്‍, 2017ല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങളുണ്ടായതും യു പിയിലാണെന്ന് അഭ്യന്തര സഹമന്ത്രി ഹാന്‍സ് രാജ് ആഹിര്‍ പാര്‍ലിമെന്റില്‍ വെളിപ്പെടുത്തുകയുണ്ടായി. 2017ല്‍ 822 സാമുദായിക സംഘട്ടനങ്ങളിലായി 111 ആളുകള്‍ മരിച്ചു. ഇതില്‍ 199 കലാപങ്ങള്‍ നടന്നതും 44 പേര്‍ കൊല്ലപ്പെട്ടതും യു പിയിലാണ്. ഇതിലെങ്കിലും തങ്ങള്‍ മുന്‍പന്തിയിലാണല്ലോ എന്ന് യോഗി ആദിത്യനാഥിന് ആശ്വസിക്കാം.!

കേരളം കൈവരിച്ച നേട്ടങ്ങളുടെ ക്രെഡിറ്റ് ഇരുമുന്നണികളും അവകാശപ്പെടുന്നുണ്ട്. ആരോഗ്യ രംഗത്ത് പിണറായി സര്‍ക്കാര്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് നിതി ആയോഗ് റിപ്പോര്‍ട്ടെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ പറയുമ്പോള്‍, 2014-15 വര്‍ഷത്തെ അടിസ്ഥാന വര്‍ഷമായി എടുത്താണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവകാശപ്പെടുന്നു. എന്നാല്‍, ഒന്നോ രണ്ടോ വര്‍ഷത്തെ ഭരണത്തിലൂടെ ഉണ്ടായതല്ല ഈ പുരോഗതി. വര്‍ഷങ്ങള്‍ കൊണ്ട് കൈവരിച്ചതാണ്. ഏതെങ്കിലും മുന്നണിക്ക് സ്വന്തമായി അവകാശപ്പെട്ടതല്ല ഈ അംഗീകാരങ്ങള്‍. മുന്നണികള്‍ക്കും വികസന കാര്യത്തില്‍ അവര്‍ക്ക് പിന്തുണയും സഹകരണവും നല്‍കി വന്ന പൗരസമൂഹത്തിനുമുണ്ട് ഈ നേട്ടത്തില്‍ പങ്ക്. പ്രവാസ കേരളത്തിന്റെ സാമ്പത്തിക പിന്തുണയും വിവിധ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക, മതസംഘടനകളുടെ പ്രവര്‍ത്തനവും ഇതിന് സഹായകമായിട്ടുണ്ടെന്നതും വിസ്മരിക്കാവതല്ല. ഈ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കക്ഷി രാഷ്ട്രീയ സങ്കുചിത്വം വെടിഞ്ഞ് കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.