ആഗോള ഗ്രാമത്തില്‍ സെക്കന്റ് ഹാന്‍ഡ് ഉത്പന്നങ്ങള്‍

Posted on: February 12, 2018 11:11 pm | Last updated: February 12, 2018 at 11:11 pm

ദുബൈ: ലോകോത്തരമായ സവിശേഷ വ്യാപാര അനുഭവങ്ങള്‍ പങ്കുവെക്കുന്ന ആഗോള ഗ്രാമത്തില്‍ സെക്കന്റ് ഹാന്‍ഡ് വസ്തുക്കളുടെ ശേഖരവും വിപണനത്തിനൊരുക്കി അധികൃതര്‍. ഉപയോഗിച്ച പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് നേരിട്ടെത്തി ആഗോള ഗ്രാമത്തിന്റെ പാര്‍കിംഗ് ഏരിയ എയില്‍ വെച്ച് വില്‍ക്കുന്നതിനും വാങ്ങുന്നതിനുമാണ് അധികൃതര്‍ അവസരമൊരുക്കിയിട്ടുള്ളത്. വസ്തുക്കള്‍ തങ്ങളുടെ കാറുകളില്‍വെച്ച് തന്നെ വിപണനം നടത്തുന്നതിന് കഴിയും. പ്രതിദിന വാടകയായി 150 ദിര്‍ഹം അധികൃതര്‍ക്ക് നല്‍കേണ്ടതുണ്ട്. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ഒരുമണി മുതല്‍ അഞ്ച് മണി വരെയാണ് വിപണനത്തിനുള്ള സൗകര്യമുണ്ടാകുക. പൊതുജനങ്ങള്‍ക്ക് ഈ ഭാഗത്തേക്ക് പ്രവേശനം സൗജന്യമായിരിക്കും.

കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഫെയ്സ് പെയിന്റിംഗ്, ഭക്ഷ്യ-പാനീയങ്ങളുടെ വിപണന കേന്ദ്രങ്ങള്‍, ശുചിമുറികള്‍, എ ടി എം എന്നിവ ഇതോടൊപ്പമൊരുക്കിയിട്ടുണ്ട്.