നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല; പ്രവാസികളോട് മോദി

Posted on: February 11, 2018 3:36 pm | Last updated: February 11, 2018 at 7:24 pm

ദുബായ്: നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഒരു പ്രതിസന്ധിയും വരുത്തിയിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബൈയില്‍. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇന്ത്യയെ നാലുവര്‍ഷം കൊണ്ടു കാര്യക്ഷമതയും പുരോഗതിയും പ്രതീക്ഷയും ഉള്ള രാജ്യമാക്കി മാറ്റാന്‍ കഴിഞ്ഞു. വ്യവസായ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും ഇന്ത്യ ഏറെ മുന്നേറിയെന്നും ദുബായില്‍ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു

 

യോഗത്തിനു പിന്നാലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മോദി കൂടിക്കാഴ്ച നടത്തും. ജുമൈറ അല്‍ നസീം ഹോട്ടലിലാണു കൂടിക്കാഴ്ച. ഫ്രഞ്ച് പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തി.

ഇന്നു രാവിലെ അബുദാബിയിലെ സൈനിക രക്തസാക്ഷി സ്മാരകമായ വാഹത് അല്‍ കരാമയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണു പ്രധാനമന്ത്രി ദുബായിലെത്തിയത്.