പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതി ഇനി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും

Posted on: February 11, 2018 12:34 pm | Last updated: February 11, 2018 at 12:34 pm

കോഴിക്കോട്: 2014 മുതല്‍ വടകര വിദ്യാഭ്യാസ ജില്ലയില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് (സ്റ്റുഡന്റ് ആര്‍മി ഫോര്‍ വിവിഡ് എന്‍വയോണ്‍മെന്റ്) കോഴിക്കോട് റവന്യൂ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനം കോഴിക്കോട് സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ സിനിമാ നടനും സംവിധായകനുമായ ജോയ് മാത്യു നിര്‍വഹിച്ചു. ചെലവ് രഹിത പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം, മഴയാത്ര, പക്ഷിക്ക് കുടിനീര്‍, ജീവജലം, ഒരു ക്ലാസ് ഒരു മരം, ഒരു വിദ്യാലയം ഒരു കാവ്, ഔഷധസസ്യ പൂങ്കാവനം, പൂമ്പാറ്റ പൂങ്കാവനം, മഷിപ്പേനയിലേക്ക് മടക്കം, ഹരിത തീര്‍ഥാടനം, നക്ഷത്ര നിരീക്ഷണം, പക്ഷി നിരീക്ഷണം, പുഴ സംരക്ഷണം, നാട്ടറിവ് ശേഖരണം, ഹരിത പ്രദര്‍ശനം, ഹ്രസ്വ ചലച്ചിത്ര നിര്‍മാണം, പ്രകൃതി സഹവാസം, ജൈവകൃഷി, നാട്ടുമാ മഹോത്സവം, ജൈവവൈവിധ്യ കാമ്പസ് എന്നീ ഇരുപതിനങ്ങള്‍ അടങ്ങിയ പദ്ധതിയാണ് സേവ്. ഇവ സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ വീടുകളിലും പ്രാവര്‍ത്തികമാക്കാനാണ് സേവ് വിഭാവനം ചെയ്യുന്നത്.

ഔഷധ സസ്യങ്ങളും പൂച്ചെടികളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് സ്‌കൂളുകളെ ജൈവവൈവിധ്യ പാര്‍ക്കുകള്‍ ആക്കി മാറ്റണം. വടകര വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് ചെലവ് രഹിത പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി നാല് ഘട്ടങ്ങളിലായി 25 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരണത്തിന് അയച്ചിരുന്നു. നാലു വര്‍ഷമായി കുറ്റിയാടി ചുരത്തില്‍ മഴ യാത്ര നടത്തുന്നു. വേനലില്‍ വിദ്യാര്‍ഥികളും അധ്യാപകരും പക്ഷിക്ക് കുടിനീര്‍ നല്‍കുന്നുണ്ട്.

പ്രഖ്യാപന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. പ്രൊഫ. ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. സേവ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, കെ ഇക്ബാല്‍, സെഡ് എ അബ്ദുല്ല സല്‍മാന്‍. പ്രൊഫ. ശ്രീധരന്‍, ടി എന്‍ കെ നിഷ, സുമ പള്ളിപ്പുറം, കെ സില്‍വി സംസാരിച്ചു. ജൈവവൈവിധ്യ ശില്പശാല ആനന്ദ് പെക്കാടം നയിച്ചു. ‘ഗ്രീന്‍ ക്ലീന്‍ കോഴിക്കോടി’ന്റെ ഭാഗമായി ഏറ്റവും നല്ല പരിസ്ഥിതി പ്രവര്‍ത്തനം ചെയ്യുന്ന വിദ്യാര്‍ഥിക്ക് സ്വര്‍ണനാണയം ഉള്‍പ്പെടെ സമ്മാനങ്ങളും ഏറ്റവും നല്ല ജൈവ വൈവിധ്യ ക്യാമ്പസ് ഒരുക്കുന്ന വിദ്യാലയത്തിന് സ്മാര്‍ട്ട് ക്ലാസ്സ് റൂമും വാഗ്ദാനം ചെയ്തിട്ടുണ്ട്.