‘ഗുജറാത്ത് മോഡലു’മായി രാഹുല്‍; കര്‍ണാടകയില്‍ ആവേശത്തിരയിളക്കം

Posted on: February 11, 2018 12:03 am | Last updated: February 11, 2018 at 12:03 am

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസിന്റെ ആദ്യഘട്ട പ്രചാരണത്തിന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പര്യടനത്തോടെ ഔദ്യോഗിക തുടക്കം. സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലാണ് രാഹുല്‍ നാല് ദിവസത്തെ പര്യടനം ആരംഭിച്ചത്. ഇന്നലെ മൂന്ന് കേന്ദ്രങ്ങളില്‍ രാഹുല്‍ പ്രസംഗിച്ചു. ബെല്ലാരിയിലെ ഹൊസല്‍പേട്ടില്‍ നടന്ന ദളിത്- പിന്നാക്ക റാലിയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. തുടര്‍ന്ന് മുന്‍സിപ്പല്‍ മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്തു. ലോക്‌സഭയിലേക്ക് സോണിയാ ഗാന്ധി ആദ്യമായി ജനവിധി തേടിയ മണ്ഡലങ്ങളിലൊന്നാണ് ബെല്ലാരി. 1999ല്‍ സുഷമാ സ്വരാജിനെ പരാജയപ്പെടുത്തിയാണ് സോണിയ ഇവിടെ നിന്ന് ലോക്‌സഭയിലെത്തിയത്.

പരമ്പരാഗതമായി പാര്‍ട്ടിയെ പിന്തുണക്കുന്ന ദളിത്- പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുകയാണ് റാലികളിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഗുജറാത്തിലേതിന് സമാനമായി ക്ഷേത്രങ്ങളിലും ഹൈന്ദവ മഠങ്ങളിലും ദര്‍ശനം നടത്തുന്നതോടൊപ്പം മുസ്‌ലിം ദര്‍ഗകളും രാഹുല്‍ സന്ദര്‍ശിക്കും. കൊപ്പാളിലെ ഹുളിങ്കമ്മ ക്ഷേത്രവും ഗവി സിദ്ധേശ്വര മഠവും രാഹുല്‍ ഇന്നലെ സന്ദര്‍ശിച്ചു.
കോണ്‍ഗ്രസ് ഹിന്ദുവിരോധികളാണെന്ന ബി ജെ പിയുടെ പ്രചാരണം മറികടക്കാന്‍ രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്രബല സമുദായമായ ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളുടെ മഠങ്ങളും രാഹുല്‍ സന്ദര്‍ശിക്കുന്നുണ്ട്. ലിംഗായത്തിന് പ്രത്യേക മതം വേണമെന്ന ആവശ്യത്തിന് പിന്തുണ നല്‍കുന്നത് തിരഞ്ഞെടുപ്പില്‍ അനുകൂലമാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

ഇന്നലെ വൈകീട്ട് കൊപ്പല്‍ കോര്‍പറേഷന്‍ മൈതാനിയിലും കല്‍ബുര്‍ഗ മണ്ഡലത്തിലെ കുക്കനൂര്‍ വിദ്യാനന്ദ് കോളജ് മൈതാനിയിലും നടന്ന പൊതുസമ്മേളനങ്ങളില്‍ രാഹുല്‍ സംസാരിച്ചു. ഇന്ന് വൈകീട്ട് മൂന്നിന് കൊപ്പല്‍ കററ്റഗിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കും. വൈകുന്നേരം ആറിന് കര്‍ഷകരുമായി സംവദിക്കും. നാളെ ഉച്ചക്ക് 12ന് റായ്ച്ചൂര്‍ ദേവദുര്‍ഗയില്‍ പട്ടിക വിഭാഗത്തിന്റെ റാലിയിലും സംസാരിക്കും. തുടര്‍ന്ന് ഗുല്‍ബര്‍ഗ ജെവര്‍ഗി സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ പൊതുസമ്മേളനം. 6.30ന് ഖ്വാജ ബണ്ഡെ നവാസ് ദര്‍ഗയും രാഹുല്‍ സന്ദര്‍ശിക്കും.
ഉത്തര- ദക്ഷിണ കര്‍ണാടക ജില്ലകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് വീണ്ടും അധികാരത്തിലെത്താനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇവിടെയുള്ള 96 നിയമസഭാ മണ്ഡലങ്ങളില്‍ 56 എണ്ണവും കോണ്‍ഗ്രസിനൊപ്പമാണ്.