Connect with us

International

ഇസ്‌റാഈല്‍ വിമാനം വെടിവെച്ചിട്ട സംഭവം; സിറിയയില്‍ പുതിയ പോര്‍മുഖം തീര്‍ക്കും

Published

|

Last Updated

ജറൂസലം: ഇസ്‌റാഈല്‍ യുദ്ധവിമാനം സിറിയന്‍ സേന വെടിവെച്ചിട്ടത് മിഡില്‍ ഈസ്റ്റ് മേഖലയില്‍ പുതിയ സംഘര്‍ഷത്തിന് വഴിവെക്കുമെന്ന് വിലയിരുത്തല്‍. യുദ്ധവിമാനം വെടിവെപ്പില്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് സിറിയയില്‍ ഇസ്‌റാഈല്‍ ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. സിറിയന്‍ വെടിവെപ്പില്‍ ഇസ്‌റാഈല്‍ യുദ്ധവിമാനം തകര്‍ന്നുവെന്ന് പറയുന്നെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

സിറിയ, ഇസ്‌റാഈല്‍, ഇറാന്‍, ഇറാന്‍ പിന്തുണയുള്ള സൈനിക സംഘങ്ങള്‍ എന്നിവക്കിടയില്‍ പോര്‍മുഖം തുറക്കാനാണ് ഇത് ഇടവരുത്തുക. ഇറാന്‍ പിന്തുണയുള്ള സായുധ സംഘം സിറിയയില്‍ വലിയ സ്വാധീനമാണുണ്ടാക്കിയത്. പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പിന്തുണച്ചാണ് ഇവര്‍ പോരാടുന്നത്. സിറിയയില്‍ ഇറാനിയന്‍ ഡ്രോണ്‍ കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ചുള്ള നടപടിക്കിടെയാണ് ഇസ്‌റാഈലിന്റെ എഫ് 16 വിമാനം തകര്‍ന്നുവീണത്. ഇസ്‌റാഈലി അതിര്‍ത്തിയില്‍ ഇറാനിയന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതിന് ശേഷമാണ് സിറിയയിലെ ഇറാനിയന്‍ ഡ്രോണ്‍ കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് അവിടേക്ക് ജെറ്റ് അയച്ചതെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. ഇസ്‌റാഈല്‍ വ്യോമാതിര്‍ത്തിയിലേക്ക് ഡ്രോണുകള്‍ പ്രവേശിച്ചിട്ടില്ലെന്നാണ് അസദിനെ പിന്തുണച്ച് പോരാടുന്ന സഖ്യസൈന്യം വ്യക്തമാക്കുന്നത്. ഐ എസിനെതിരെ ഡ്രോണ്‍ ആക്രമണം നടത്തുന്നതിന് ഹോംസ് മരുഭൂമിയില്‍ സംവിധാനിച്ച വ്യോമതാവളം ഇസ്‌റാഈല്‍ ലക്ഷ്യംവെക്കുകയായിരുന്നുവെന്ന് സഖ്യസൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇസ്‌റാഈലിന്റെ ഇത്തരം തീവ്രവാദ നടപടികള്‍ക്കെതിരെ ശക്തവും ഗൗരവതരവുമായ പ്രതികരണമുണ്ടാകുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഏഴ് വര്‍ഷമായി നീളുന്ന സിറിയന്‍ ആഭ്യന്തര പ്രശ്‌നത്തില്‍ ഇറാന്റെ സ്വാധീനം ശക്തമാകുന്നതും ഇറാന്‍ പിന്തുണയുള്ള സൈന്യത്തെ ഗോലാന്‍ പോര്‍മുഖത്ത് വിന്യസിച്ചതും ഇസ്‌റാഈലിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇറാന്‍ സൈന്യവും ഇറാന്റെ പിന്തുണയുള്ള ലെബനോനിലെ ഹിസ്ബുല്ല അടക്കമുള്ള ശിഈ സായുധ സംഘങ്ങളും അസദിനെ പിന്തുണച്ച് സിറിയയില്‍ വ്യാപകമായി പോരാട്ടത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഇറാന്‍ വിരുദ്ധ ഇസ്‌റാഈല്‍ അക്രമണോത്സുക നിലപാടിന് അമേരിക്കയുടെ പിന്തുണയുമുണ്ട്.