മാലദ്വീപിലെ ഇന്ത്യ

അടിയന്തരാവസ്ഥയിലേക്ക് നാല് ലക്ഷത്തിലധികം മാത്രം ജനസംഖ്യയുള്ള ദ്വീപ് സമൂഹം കൂപ്പുകുത്തുകയും ഭരണം നിശ്ചലമാകുകയും ജനാധിപത്യം ബന്ദിയാകുകയും പ്രസിഡന്റിനെതിരെ സംസാരിക്കുന്ന ആരും എപ്പോള്‍ വേണമെങ്കിലും അഴിക്കകത്താകാമെന്ന സ്ഥിതി വിശേഷം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഈ ചോദ്യങ്ങള്‍ മാത്രമാണ് പ്രസക്തമായിട്ടുള്ളത്. ഇന്ത്യയുടെ നിലപാട് എന്താണ്? ചൈനയുടെ സ്വാധീനമുറപ്പിക്കലിനെ വകവെച്ച് കൊടുത്ത് കാത്തിരുന്ന് കാണുകയാണോ ഇന്ത്യ? ഇസ്‌റാഈലിനും അമേരിക്കക്കും മുന്നില്‍ അടിയറവെച്ച ചേരിചേരായ്മ ഈ അയല്‍ക്കാരുടെ കാര്യത്തില്‍ മാത്രം എടുത്തു കൊണ്ടു വരാനാണോ പദ്ധതി?
Posted on: February 11, 2018 7:00 am | Last updated: February 10, 2018 at 10:57 pm

അടുപ്പം തന്നെയാണ് മാലദ്വീപിലെ വാര്‍ത്തകളിലേക്ക് കണ്ണയക്കാന്‍ പ്രേരിപ്പിക്കുന്ന ആദ്യ ഘടകം. ദ്വീപുകാര്‍ ഉന്നത പഠനത്തിനും മെച്ചപ്പെട്ട ചികിത്സക്കും എത്തുന്നത് കേരളത്തിലാണ്. തിരുവനന്തപുരം അവരുടെ ‘രണ്ടാം തലസ്ഥാന’മാണ്. അടുപ്പം ഭൂമിശാസ്ത്രപരവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും മാത്രമല്ല. രാഷ്ട്രീയമായി കൂടി മാലദ്വീപ് ഇന്ത്യയോട് ബന്ധിതമാണ്. മാലദ്വീപിന്റെ എല്ലാ രാഷ്ട്രീയ തിരിവുകളിലും ഇന്ത്യയുടെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് പുതിയ പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ ആ രാജ്യത്തെ സുപ്രീം കോടതി തന്നെ ഇന്ത്യയുടെ സഹായം തേടുന്നത്, പ്രതിപക്ഷ കക്ഷികള്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നത്, അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിളിക്കുന്നത്. ഇടപെടരുതെന്ന് ചൈന ഇന്ത്യക്ക് താക്കീത് നല്‍കുന്നതും അതുകൊണ്ട് തന്നെയാണ്. 15 ദിവസത്തെ അടിയന്തരാവസ്ഥയിലേക്ക് നാല് ലക്ഷത്തിലധികം മാത്രം ജനസംഖ്യയുള്ള ഈ പ്രദേശം കൂപ്പുകുത്തുകയും ഭരണം നിശ്ചലമാകുകയും ജനാധിപത്യം ബന്ദിയാകുകയും പ്രസിഡന്റിനെതിരെ സംസാരിക്കുന്ന ആരും എപ്പോള്‍ വേണമെങ്കിലും അഴിക്കകത്താകാമെന്ന സ്ഥിതി വിശേഷം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഈ ചോദ്യങ്ങള്‍ മാത്രമാണ് പ്രസക്തമായിട്ടുള്ളത്. ഇന്ത്യയുടെ നിലപാട് എന്താണ്? ചൈനയുടെ സ്വാധീനമുറപ്പിക്കലിനെ വകവെച്ച് കൊടുത്ത് കാത്തിരുന്ന് കാണുകയാണോ ഇന്ത്യ? ഇസ്‌റാഈലിനും അമേരിക്കക്കും മുന്നില്‍ അടിയറവെച്ച ചേരിചേരായ്മ ഈ അയല്‍ക്കാരുടെ കാര്യത്തില്‍ മാത്രം എടുത്തു കൊണ്ടു വരനാണോ പദ്ധതി?

അല്‍പ്പം ചരിത്രം
അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന ചെറു ദ്വീപുകളുടെ സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാല്‍ദീവ്‌സ്്. ഇവയില്‍ 210 ദ്വീപുകളിലാണ് ജനവാസമുള്ളത്. ഇവയെ വിവിധ അറ്റോളുകളായി തിരിച്ചിരിക്കുന്നു. പുരാതന ഇന്തോ ആര്യന്‍ ഭാഷയായ ദിവേഹിയാണ് പ്രധാന ഭാഷ. 1887 മുതല്‍ 1965 വരെ ബ്രിട്ടീഷ് കോളനിയായിരുന്നു ഈ ദ്വീപ് സമൂഹം. 1965ല്‍ സ്വതന്ത്രമാകുകയും 1968ല്‍ റിപ്പബ്ലിക്ക് ആകുകയും ചെയ്തു. 1965 ജൂലൈ 25ന് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്രമായി. 1968ല്‍ ആദ്യ പ്രസിഡന്റായി ഇബ്‌റാഹിം നസീര്‍ സ്ഥാനമേറ്റു. 1973ല്‍ അദ്ദേഹം വീണ്ടും പ്രസിഡന്റായെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അദ്ദേഹത്തിന് ഭരണം ദുഷ്‌കരമായി. വന്‍ സമ്പത്തുമായി അദ്ദേഹം പലായനം ചെയ്തു. ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം ഇന്ത്യന്‍ കാര്‍മികത്വത്തില്‍ സ്ഥാനമേല്‍ക്കുന്നത് ഈ ഘട്ടത്തിലാണ്. 1978 മുതല്‍ തുടര്‍ച്ചയായി അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ ജയിച്ചു വന്നു. പക്ഷേ മഅ്മൂന്റെ ഭരണത്തിനെതിരെ പല കോണില്‍ നിന്ന് ഭീഷണിയുയരുന്നുണ്ടായിരുന്നു. 1988 നവംബറില്‍ പ്ലോട്ട് എന്ന ശ്രീലങ്കന്‍ ഭീകരസംഘടനയിലെ അംഗങ്ങളായ തമിഴ് ആയുധധാരികള്‍ കപ്പലിലെത്തി മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമം ഇന്ത്യ ഇടപെട്ടാണ് പരാജയപ്പെടുത്തിയത്. ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്ല ലുത്ഫി എന്ന മാലദ്വീപുകാരനായ വ്യവസായിയായിരുന്നു ഈ അട്ടിമറി ശ്രമത്തിനു പിന്നില്‍. ഖയ്യൂമിന്റെ സഹായാഭ്യര്‍ഥനയെതുടര്‍ന്ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1600 സൈനികരെ വിമാനമാര്‍ഗം മാലദ്വീപിലെത്തിച്ചു. ഇന്ത്യന്‍ പട്ടാളത്തിന്റെ വരവോടെ തന്നെ അക്രമികള്‍ പലായനം ചെയ്തു. കടല്‍യാത്രകളുടെ പുരാതന കാലം മുതല്‍ വംശീയമായി തന്നെ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്ന ഭൂവിഭാഗങ്ങള്‍ക്കിടയില്‍ ആധുനിക കാലത്തെ ഏറ്റവും ശക്തമായ ബന്ധ സംസ്ഥാപനമായിരുന്നു ആ സൈനിക സഹായം. ഖയ്യൂമിനെ സംരക്ഷിച്ചു എന്നതല്ല, രാജ്യം ശിഥിലമാകുന്നത് തടഞ്ഞുവെന്നാണ് ആ നീക്കത്തെ വായിക്കേണ്ടത്.
2008ല്‍ മാത്രമാണ് ദ്വീപില്‍ വ്യവസ്ഥാപിതമായ തിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത് മനുഷ്യാവകാശ പ്രവര്‍ത്തകനായ മുഹമ്മദ് നശീദായിരുന്നു. ഇന്ത്യയുമായി ഏറെ അടുപ്പം പുലര്‍ത്തിയ നശീദിന് പക്ഷേ രണ്ടാമൂഴത്തിലെത്താനായില്ല. അദ്ദേഹത്തിന്റെ രണ്ടാം വരവിന് തടയിടാനായി ഖയ്യൂമിന്റെ അര്‍ധ സഹോദരനായ അബ്ദുല്ല യമീന്‍ നടത്തിയ കരുനീക്കങ്ങളിലാണ് ഇന്നത്തെ പ്രതിസന്ധിയുടെ വേര് കിടക്കുന്നത്. ബര്‍മാ കാസ്സിം പോലുള്ള വന്‍ വ്യവസായികളും ചൈനയിലെ ചില കേന്ദ്രങ്ങളും ചേര്‍ന്ന് നടത്തിയ ഗൂഢശ്രമങ്ങള്‍ നശീദിന്റെ വിജയം തടയുകയായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ അമ്പത് ശതമാനത്തിലധികം വോട്ട് കിട്ടണം. ഒന്നാം ഘട്ടത്തില്‍ മുന്നിലെത്തിയ നശീദിന് പക്ഷേ ഈ കടമ്പ കടക്കാനൊത്തില്ല. അതോടെ മുന്നിലെത്തിയ യമീനും നശീദുമായി മത്സരം. ഇന്നും സംശയത്തിന്റെ നിഴലിലിരിക്കുന്ന ആ തിരഞ്ഞെടുപ്പില്‍ നശീദ് തോറ്റു. തുടര്‍ന്ന് രാഷ്ട്രീയ പകപോക്കലിന്റെ ഭാഷയായിരുന്നു യമീന്‍ പുറത്തെടുത്തത്. അതിന്റെ തുടര്‍ച്ചയായിരുന്നു നശീദിനെതിരായ കേസും ശിക്ഷയും. ചികിത്സക്കായി വിദേശത്തേക്ക് പോയ നശീദ് മടങ്ങി വന്നിട്ടില്ല. ബ്രിട്ടന്റെ അഭയം നേടിയ അദ്ദേഹം ഇപ്പോള്‍ കൊളംബോയിലാണ് ഉള്ളത്.

പുതിയ സംഭവങ്ങള്‍
ജനാധിപത്യ സംവിധാനത്തെ മുഴുവന്‍ നിശ്ചലമാക്കി പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. അതിന് പിറകേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം രണ്ട് ഉന്നത ന്യായാധിപന്‍മാരെയും മുന്‍ പ്രസിഡന്റിനെയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. പ്രതിപക്ഷ എം പിമാരും നേതാക്കളും ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടാവുന്ന സ്ഥിതിയാണ്. സംശയം തോന്നുന്ന ആര്‍ക്കെതിരെയും എന്ത് കടുത്ത നടപടിയെടുക്കാനും സൈന്യത്തിനും പോലീസിനും അധികാരം നല്‍കുന്നതാണ് അടിയന്തരാവസ്ഥ. ഇത്തരം പ്രഖ്യാപനത്തിന് പാര്‍ലിമെന്റിന്റെ അംഗീകാരം വാങ്ങണമെന്നാണ് മാലദ്വീപിലെ കീഴ്‌വഴക്കം. എന്നാല്‍ പാര്‍ലിമെന്റ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്.
നീതിന്യായ വിഭാഗവും എക്‌സിക്യൂട്ടീവും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്ന് ഉടലെടുത്ത പ്രതിസന്ധിയായി പ്രത്യക്ഷത്തില്‍ ഇതിനെ വിലയിരുത്താമെങ്കിലും ദ്വീപ് രാഷ്ട്രത്തിനകത്തും പുറത്തും പല അടരുകളുള്ള ശാക്തിക ചേരി തിരിയലിന്റെ ഫലമാണ് ഈ കൂട്ടക്കുഴപ്പമെന്ന് ആഴത്തില്‍ പരിശോധിച്ചാല്‍ വ്യക്തമാകും. തീവ്രവാദം, അഴിമതി, രാജ്യദ്രോഹം തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ച മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദടക്കം ഒന്‍പത് പ്രതിപക്ഷ പാര്‍ലിമെന്റംഗങ്ങളെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. മുഹമ്മദ് നശീദിനെതിരെ രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തിട്ടുള്ളതെന്നും ശരിയായ വിചാരണ നടന്നിട്ടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഈ കേസുകളിലെല്ലാം പുനര്‍ വിചാരണക്കും കോടതി ഉത്തരവിട്ടു. നേരത്തേ പ്രതിപക്ഷത്തേക്ക് കൂറുമാറിയതിന് അയോഗ്യരായ 12 എം പിമാരുടെ അംഗത്വം കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെ പ്രസിഡന്റ് അബ്ദുല്ല യമീന്‍ കടുത്ത പ്രതിരോധത്തിലായി. ഈ അംഗങ്ങളെല്ലാം സഭയിലെത്തിയാല്‍ അബ്ദുല്ല യമീന്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകുമായിരുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കാന്‍ പ്രസിഡന്റ് കൂട്ടാക്കിയില്ല. ഇതോടെ യമീനെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് സുപ്രീം കോടതി നീങ്ങി.
ഈ സാഹചര്യം മറികടക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും പാര്‍ലിമെന്റ് അടച്ചു പൂട്ടിയതും ന്യായാധിപരെയടക്കം അറസ്റ്റ് ചെയ്തതും. കൊളോണിയല്‍ അധിനിവേശത്തിന് ശേഷം ഈ കൊച്ചു ദ്വീപ് രാഷ്ട്രം കടന്ന് വന്ന കുടുംബാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും നാളുകളിലേക്കാണ് രാജ്യം തിരിച്ചു പോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവ വികാസങ്ങള്‍. ഇരു ചേരികളും ശക്തമാണ്. നശീദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിരയില്‍ യമീനോട് എതിര്‍പ്പുള്ള എല്ലാവരും അണി ചേര്‍ന്നിരിക്കുന്നു. അതില്‍ മൂന്ന് പതിറ്റാണ്ട് രാജ്യം ഭരിച്ച ഇപ്പോള്‍ 85 വയസ്സുള്ള സക്ഷാല്‍ ഖയ്യൂം വരെയുണ്ട്. യമീന്റെ കൂടെ ചൈനയുണ്ട്.

ചൈന, ഇന്ത്യ
2011ല്‍ മാത്രമാണ് ചൈന മാലദ്വീപില്‍ എംബസി സ്ഥാപിച്ചത്. അതിന് ശേഷം അതിവേഗമാണ് ചൈന തന്ത്രപ്രധാനമായ മണ്ണില്‍ കാലുറപ്പിച്ചത്. ഇന്ത്യ പതിറ്റാണ്ടുകള്‍ കൊണ്ട് സൃഷ്ടിച്ചെടുത്ത സ്വാധീനത്തെ ചുവപ്പന്‍ രാഷ്ട്രം നിഷ്പ്രയാസം മറികടന്നിരിക്കുന്നു. സ്വതന്ത്ര വ്യാപാര കരാര്‍ മുതല്‍ ദ്വീപിന്റെ രാഷ്ട്രീയ ക്രമം രൂപപ്പെടുത്തുന്നതില്‍ വരെ അത് കാണാം. ജി എം ആര്‍ അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ ഒന്നൊന്നായി ദ്വീപ് വിടേണ്ടി വന്നു. നശീദിലൂടെ സാധ്യമായ ജനാധിപത്യം അതിവേഗം സര്‍വാധിപത്യത്തിലേക്ക് വീണു. നാല് ലക്ഷം മാത്രം ജനസംഖ്യയുള്ള, ഒറ്റ കമ്പോളമായി കാണാന്‍ പോലുമാകാത്ത ഈ നാട്ടില്‍ ചൈനക്കുള്ളത് വ്യാപാര താത്പര്യമല്ലെന്നത് വ്യക്തം. തന്ത്രപരവും സൈനികവുമായ താത്പര്യങ്ങളാണ് ചൈനക്കുള്ളത്. ചൈനയുടെ വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയില്‍ പാക്കിസ്ഥാനെ പോലെ മാലദ്വീപുമുണ്ട്. ഒരു വലിയ ദ്വീപ് വാടകക്കെടുത്ത് അവിടെ സൈനിക താവളമൊരുക്കാന്‍ ചൈന പദ്ധതി തയ്യാറാക്കിക്കഴിഞ്ഞിരിക്കുന്നു. പാര്‍ലിമെന്റില്‍ വെക്കുക കൂടി ചെയ്യാതെയാണ് ഡിസംബറില്‍ ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ യമീന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. ദ്വീപ് സമൂഹ രാഷ്ട്രത്തിന്റെ 70 ശതമാനം കടമെടുപ്പും ചൈനയില്‍ നിന്നാണ്. വിനോദ സഞ്ചാര മേഖലയില്‍ ഒരു നിയന്ത്രണവുമില്ലാതെ മുതല്‍ മുടക്കാനുള്ള അവസരമാണ് ഈ കടപ്പാടിന് പകരമായി നല്‍കിയിരിക്കുന്നത്. മാലദ്വീപിന്റെ ഭാഗധേയം അവര്‍ തന്നെ നിര്‍ണയിക്കട്ടെയെന്ന തത്വാധിഷ്ഠിതമെന്ന് തോന്നാവുന്ന നിലപാടാണ് ചൈന പുതുതായി മുന്നോട്ട് വെച്ചിട്ടുള്ളത്. പുറത്ത് നിന്ന് ഇടപെട്ട് ഉണ്ടാക്കിയിട്ടുള്ള സമാധാനത്തിനും ജനാധിപത്യത്തിനും അല്‍പ്പായുസ്സാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, എല്ലാ നിലയിലും ഒരു ഭൂവിഭാഗത്തെ വരുതിലാക്കി കഴിഞ്ഞ ശേഷം ഇനിയാരും ഇടപെടരുതെന്ന് പറയുന്ന ചൈനയുടെ നിലപാട് ആര്‍ക്കും അംഗീകരിക്കാനാകില്ല. ഇന്ത്യ പെസഫിക് മേഖലയില്‍ സുസ്ഥിരത വേണമെന്ന് പറയുന്ന ഡൊണാള്‍ഡ് ട്രംപിനെയും വിശ്വസിക്കാനാകില്ല.
സാര്‍ക്കിന്റെ സാധ്യത ഉപയോഗിച്ച് ഇന്ത്യന്‍ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടായ പരിഹാരമാകും ഏറ്റവും കരണീയം. സലഫീ പശ്ചാത്തലമുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ ദ്വീപുസമൂഹത്തില്‍ ചുവടുറപ്പിക്കുന്നുവെന്നും അവരില്‍ ചിലര്‍ ഇസിലില്‍ ചേര്‍ന്ന് കഴിഞ്ഞുവെന്നുമുള്ള വാര്‍ത്ത കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അസ്ഥിര ജനപഥങ്ങളിലാണല്ലോ എല്ലാ വിധ്വംസക ശക്തികളും വേരാഴ്ത്തുന്നത്.