പിന്നോട്ട് നോക്കി വണ്ടിയോടിക്കല്ലേ; കുഴികളില്‍ വീഴും; മോദിയെ കണക്കറ്റ് വിമര്‍ശിച്ച് രാഹുല്‍

Posted on: February 10, 2018 9:09 pm | Last updated: February 11, 2018 at 12:21 am

ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
‘റിയര്‍ വ്യൂ മിറര്‍’ നോക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ നയിക്കുന്നതെന്നും അതുകൊണ്ടാണ് രാജ്യം പിന്നോട്ടുമാത്രം പോകുന്നതെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയെ നേരായി നയിക്കണമെങ്കില്‍ പിറകോട്ടു നോക്കുന്നതു നിര്‍ത്തി പ്രധാനമന്ത്രി നേരെ നോക്കണമെന്നും റിയര്‍ വ്യൂ മിററില്‍ മാത്രം നോക്കി ഓടിച്ചാല്‍ കുഴികളില്‍ വീഴുമെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ ഹോസ്‌പെട്ടില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ പിന്നോട്ടുനോക്കി സമീപനം കാരണമാണ് നോട്ട് അസാധുവാക്കലും ജിഎസ്ടിയും രാജ്യത്ത് ഉണ്ടായത്. രാജ്യത്തിന്റെ ചോദ്യങ്ങള്‍ക്കു മറുപടിയില്ലാതെ പാര്‍ലിമെന്റില്‍ പ്രധാനമന്ത്രി ഒളിച്ചുകളിക്കുകയാണ്. ലോക്‌സഭയില്‍ 90 മിനുട്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. പൊതുപരിപാടികളെ പോലെ മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കുന്നതിലായിരുന്നു സഭയിലും പ്രധാനമന്ത്രിയുടെ ശ്രദ്ധ. ലോക്‌സഭയില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അദ്ദേഹം തയാറായില്ല. ഭാവിയിലേക്ക് നോക്കി ഭരണം നടത്തുന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് പഠിക്കണമെന്ന് രാഹുല്‍ മോദിയെ ഉപദേശിച്ചു. അഴിമതിക്കേസില്‍ പുറത്താക്കപ്പെട്ട ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന ബി.എസ്.യെദ്യൂരപ്പക്ക് ഇക്കാര്യത്തില്‍ ലോക റെക്കാഡുണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തു കൂട്ടിയ വികസന പ്രവര്‍ത്തനങ്ങളുടെ ഇരട്ടിയായിരിക്കും ഇനി അടുത്ത തവണ കര്‍ണാടകയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങള്‍ മോദിയുടെ കള്ള വാഗ്ദാനങ്ങളില്‍ വീഴരുത്. പ്രധാനമന്ത്രിയുടെ വാക്കുകളെല്ലാം പൊള്ളയാണ്. തന്റെ അമ്മയായ സോണിയ ഗാന്ധിയോടൊപ്പം നിന്നിട്ടുള്ളവരാണ് ബെല്ലാരിയിലെ ജനത. ഇതു തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്തതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.