ചരിത്രം കുറിച്ച് പ്രധാനമന്ത്രി ഫലസ്തീനിലെത്തി

Posted on: February 10, 2018 2:48 pm | Last updated: February 10, 2018 at 8:07 pm

റാമല്ല: ചരിത്രപരമായ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിലെത്തി. ജോര്‍ദാന്‍ രാജാവിന്റെ ഹെലികോപ്റ്ററില്‍ ഇസ്‌റാഈല്‍ ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് മോദി റാമല്ലയിലെത്തിയത്. ഫലസ്തീന്‍ ഭരണകൂടം അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി ഫലസ്തീന്‍ സന്ദര്‍ശിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഫലസ്തീനില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

വെള്ളിയാഴ്ച ജോര്‍ദാനിലെത്തിയ മോദി ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്നാണ് ഇന്ന് ഫലസ്തീനിലേക്ക് എത്തിയത്.പ്രസിഡന്റ് മെഹമൂദ് അബ്ബാസുമായി മോദി കൂടിക്കാഴ്ച്ച നടത്തും. ഫലസ്തീന്‍ ജനതക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഇന്ത്യയുടെ പിന്തുണ അറിയിക്കും. റമല്ലയില്‍ നടക്കുന്ന കൂടിക്കാഴ്ചക്കു ശേഷം നിരവധി കരാറുകളില്‍ ഇന്ത്യയും ഫലസ്തീനും ഒപ്പു വയ്ക്കും.ഫലസ്തീന്‍ രാഷ്ട്രത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഇന്ത്യശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു.

വൈകിട്ട് ആറരക്ക് യു.എ.ഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന മോദിയെ കിരീടവകാശി വിമാനത്താവളത്തില്‍ സ്വീകരിക്കും. മോദിയെ സ്വീകരിക്കാന്‍ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. യുഎഇ ബുര്‍ജ് ഖലീഫ, ദുബായ് ഫ്രൈം, എഡിഎന്‍ഒസി ആസ്ഥാനം എന്നിവ ഇന്ത്യന്‍ പതാകയുടെ നിറമുള്ള ലൈറ്റുകളാല്‍ അലങ്കരിച്ചുകഴിഞ്ഞു.

യുഎഇയില്‍ ആറാമത് ലോക ഗവണ്‍മെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യും. യുഎഇയില്‍ നിന്ന് ഒമാനിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ സുല്‍ത്താനുമായും മറ്റു നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.  തിങ്കളാഴ്ച മോദി ഇന്ത്യയിലേക്ക് മടങ്ങും.