രാഹുല്‍ കര്‍ണാടകയില്‍ എത്തുന്നു; കോണ്‍ഗ്രസ് ക്യാമ്പില്‍ ആവേശം

Posted on: February 10, 2018 10:19 am | Last updated: February 10, 2018 at 6:48 pm

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആദ്യഘട്ട പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിരാഹുല്‍ എത്തുന്നു.

ഇന്ന് മുതല്‍ 13 വരെയാണ് രാഹുല്‍ ഗാന്ധിയുടെ പര്യടനം. ഇന്ന് ഉച്ചക്ക് ഒന്നിന് ബെല്ലാരി ഹൊസല്‍പേട്ട് മുന്‍സിപ്പല്‍ മൈതാനിയില്‍ ഫഌഗ് ഓഫ് കര്‍മം നടക്കും. തുടര്‍ന്ന് ഹുളിഗമ്മ ക്ഷേത്രം സന്ദര്‍ശിക്കും. 4.40ന് ഗവി സിദ്ധേശ്വര മഠത്തിലെത്തി അഭിനവ ഗവി സിദ്ധേശ്വര സ്വാമിയെ സന്ദര്‍ശിക്കും. വൈകീട്ട് അഞ്ചിന് കൊപ്പല്‍ കോര്‍പ്പറേഷന്‍ മൈതാനിയിലും തുടര്‍ന്ന് കുക്കനൂര്‍ വിദ്യാനന്ദ് കോളജ് മൈതാനിയിലും നടക്കുന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കും. 11ന് വൈകീട്ട് മൂന്നിന് കൊപ്പല്‍ ജില്ലയിലെ കററ്റഗിയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കും. ആറ് മണിക്ക് കര്‍ഷക സംഘടനാ പ്രതിനിധികളുമായി സംവാദമുണ്ടാകും.

റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിച്ച് സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനാണ് കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതോടൊപ്പം ബി ജെ പിയുടെ വര്‍ഗീയതയും തുറന്നുകാട്ടും. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന് ഇതേ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ രംഗത്തിറക്കി പ്രചാരണം നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.