കുട്ടികളും കിംവദന്തികളും

Posted on: February 10, 2018 6:45 am | Last updated: February 9, 2018 at 11:31 pm

സംസ്ഥാനത്ത് ഗുരുതരമായൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ ഭീതി. കുട്ടികളെ റാഞ്ചുന്ന മാഫിയാ സംഘങ്ങള്‍ സംസ്ഥാനത്തുടനീളം വലവിരിച്ചതായി വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. ഇതേതുടര്‍ന്ന് വീടുകളിലും നഗര ഗ്രാമാന്തരങ്ങളിലും ചുറ്റിക്കറങ്ങുന്ന ഭിക്ഷാടകരെയും വീടുകള്‍ കയറി കച്ചവടം നടത്തുന്നവരെയും സംശയത്തോടെയും ഭീതിയോടെയുമാണ് ജനം വീക്ഷിക്കുന്നത്. പലയിടങ്ങളിലും ഇത്തരക്കാര്‍ ആക്രമണങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും ഇരയാകുന്നു. ചൊവ്വാഴ്ച കൂത്തുപറമ്പിലെ മാനന്തേരിയില്‍ ബിഹാര്‍ സ്വദേശിയായ യുവാവിനെ ചിലര്‍ ക്രൂരമായി മര്‍ദിക്കുകയുണ്ടായി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒരു മാനസിക രോഗിയാണെന്നും കുട്ടികളെ തട്ടിക്കൊണ്ടു പൊകാന്‍ ശ്രമിച്ചതിന് ഒരു തെളിവുമില്ലെന്നുമാണ് കണ്ടെത്തിയത്. ഫെബ്രുവരി ഒന്നിന് പൊന്നാനി നഴ്‌സിംഗ് ഹോമിനടുത്ത് വെച്ചു ആന്ധ്രാ സ്വദേശിയായ വൃദ്ധനെ ആള്‍കൂട്ടം നിലത്തിട്ടു ചവിട്ടിയും നഗ്‌നനാക്കി കെട്ടിയിട്ടു മര്‍ദിച്ചും അവശനാക്കിയിരുന്നു. ഇയാളില്‍ നിന്നും കുട്ടികളെ മയക്കാനുള്ള ക്ലോറോഫോമും മിഠായിയും കിട്ടിയെന്നാണ് ചിലര്‍ പ്രചരിപ്പിച്ചിരുന്നത്. പോലീസ് ഇത് നിഷേധിക്കുന്നു. പൊന്നാനിയില്‍ തന്നെ ബീച്ചിനു സമീപം പെരുമ്പടപ്പ് സ്വദേശികളായ ഒരു അച്ഛനെയും മകനെയും നാട്ടുകാര്‍ മര്‍ദിച്ചതും അടുത്ത ദിവസമാണ്.

മുഖ്യമായും സോഷ്യല്‍ മീഡിയകളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. പെട്ടെന്ന് കുട്ടികളെ പിടിച്ചു കയറ്റാന്‍ സൗകര്യമുള്ള വാഹനമെന്ന നിലയില്‍ മാരുതിവാനുമായി ബന്ധപ്പെട്ടാണ് കഥകള്‍ ഏറെയും. റാഞ്ചാന്‍ വന്ന വാനിന്റെ ‘വിവരങ്ങളും’ ഭിക്ഷാടന മാഫിയക്കാരുടെ ‘ദൃശ്യങ്ങളും’ ഉള്‍പ്പെടുത്തിയും മേസ്സേജുകള്‍ പ്രചരിക്കുന്നു. സാധാരണക്കാര്‍ മുതല്‍ വിദ്യാസമ്പന്നര്‍ വരെ അതിന്റെ ആധികാരികത പരിശോധിക്കാതെ ഷെയര്‍ ചെയ്യുകയുമാണ്. ഇത് സമൂഹത്തില്‍; പ്രത്യേകിച്ചും വിദ്യാലയങ്ങളില്‍ പോകുന്ന കുട്ടികളിലും രക്ഷിതാക്കളിലും സൃഷ്ടിക്കുന്ന ഭീതിയും മാനസികവ്യഥയും കുറച്ചൊന്നുമല്ല. രാവിലെ വിദ്യാലയങ്ങളില്‍ പോകുന്ന കുട്ടികള്‍ വൈകുന്നേരം തിരിച്ചെത്തുന്നത് വരെ രക്ഷിതാക്കള്‍ക്ക് നെഞ്ചിടിപ്പാണ്. അതിനിടെ രാത്രിയുടെ മറവില്‍ വീടുകളിലെ ജനലുകളില്‍ പ്രത്യക്ഷപ്പെടുന്ന സ്റ്റിക്കറുകള്‍ സൃഷ്ടിക്കുന്ന പരിഭ്രാന്തി വേറെയും. കൊള്ളയടിക്കാന്‍ സൗകര്യപ്പെടുന്ന വീടുകള്‍ നോക്കി തസ്‌കര സംഘങ്ങളാണ് സ്റ്റിക്കര്‍ ഒട്ടിക്കുന്നതെന്നാണ് ഒരു പ്രചാരണം. സി സി ടി വിക്കാരാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് ഏറെയും കിംവദന്തികളോ കെട്ടുകഥകളോ ആണെന്നാണ് മുഖ്യമന്ത്രിയും പോലീസും പറയുന്നത്. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ ഉണ്ടെന്നു വരുത്താനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പക്ഷം. തട്ടിക്കൊണ്ടു പോകല്‍ കഥകളില്‍ 99 ശതമാനവും വ്യാജമാണെന്ന് ദക്ഷിണ മേഖലാ ഐ ജി മനോജ് ഏബ്രഹാം പറയുന്നു. പോലീസിന്റെ കണക്കില്‍ 14 വര്‍ഷം മുമ്പ് രാഹുല്‍ എന്ന കുട്ടിയെ തട്ടികൊണ്ടുപോയത് മാത്രമാണ് സ്ഥിരീകരണമുള്ളതെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറയുന്നത്. പിന്നീട് ഉണ്ടായതെല്ലാം തുടക്കത്തില്‍ തന്നെ പിടികൂടുകയോ കുട്ടികള്‍ രക്ഷപ്പെട്ട സംഭവങ്ങളോ ആണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതേസമയം പോലീസ് പ്രസ്താവനകളില്‍ വൈരുധ്യങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം 1774 കുട്ടികളെ കാണാതായതായി പോലീസ് സമ്മതിക്കുന്നുണ്ട്. ഇവരില്‍ 1725 പേരെയും കണ്ടെത്താനായിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസകരം. എന്നാലും 49 കുട്ടികളെ ഇനിയും തിരിച്ചു കിട്ടാനുണ്ടെന്നത് അത്ര ലാഘവത്തോടെ കാണാമോ? ഇവരുടെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന മനോവ്യഥ എത്ര വലുതായിരിക്കും? കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഔദ്യോഗിക കണക്ക് പരിശോധിക്കുമ്പോള്‍ തട്ടിക്കൊണ്ടുപോകലിന്റെ എണ്ണം ഭീമമായി വര്‍ധിച്ചതായി പോലീസ് വെളിപ്പെടുത്തിയതാണ്. ഇതിന്റെ പിന്നില്‍ ഭിക്ഷാടന മാഫിയ അല്ലെന്നാണ് നിഗമനം. എന്നാല്‍ റാഞ്ചുന്ന കുട്ടികളെ എന്ത് ചെയ്യുന്നുവെന്ന് വ്യക്തമായി കണ്ടെത്താനുള്ള ശ്രമത്തില്‍ അധികൃതര്‍ പരാജയപ്പെടുന്നു. അത്രയും ആസൂത്രിതമാണ് മാഫിയകളുടെ പ്രവര്‍ത്തനം. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര, സാമൂഹിക വകുപ്പുകളുടെ നേതൃത്വത്തില്‍ 2015ല്‍ ‘ഓപറേഷന്‍ വാത്സല്യ’ പദ്ധതിക്ക് രൂപം നല്‍കിയിരുന്നെങ്കിലും ഏകോപനമില്ലായ്മ കാരണം ആഴ്ചകള്‍ക്കകം അതിന്റെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു.

തട്ടിക്കൊണ്ടുപോകല്‍ കഥകള്‍ ഏറെയും വ്യാജമാണെന്നത് ശരിയാണ്. എന്നാല്‍ പൂര്‍ണമായും അങ്ങനെയല്ലതാനും. ഈ സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും മറ്റും സഹകരണത്തോടെ അധികൃതര്‍ കര്‍ശന നിരീക്ഷണങ്ങളും പട്രോളിംഗും ഏര്‍പ്പെടുത്തേണ്ടതുണ്ട്്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം വാര്‍ത്തകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണം. കിട്ടുന്ന മെസേജുകളെല്ലാം തെറ്റും ശരിയും ഭവിഷ്യത്തും നോക്കാതെ ഫോര്‍വേഡ് ചെയ്യുന്നത് ഓരോരുത്തരും സ്വയം നിയന്ത്രിക്കേണ്ടതുമുണ്ട്.