ഇസ്‌റാഈല്‍ വിരുദ്ധ ഡോക്യുമെന്ററിക്ക് അല്‍ ജസീറയില്‍ വിലക്കില്ലെന്ന് ഖത്വര്‍

Posted on: February 9, 2018 11:51 pm | Last updated: February 9, 2018 at 11:51 pm

ദോഹ: ഇസ്രാഈലിന്റെ ലോബിയിംഗ് പ്രവര്‍ത്തനം വിവരിക്കുന്ന അന്വേഷണ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തി വെക്കാന്‍ അല്‍ ജസീറ ചാനലിനു നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത ഖത്വര്‍ സര്‍ക്കാര്‍ നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാമാണ്.

മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യമാണ് ഖത്വര്‍. അല്‍ ജസീറയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ കൈകടത്താറില്ല. ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണ് ഇസ്രാഈലി മാധ്യമങ്ങള്‍ പടച്ചു വിടുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ലൗല അല്‍ ഖാതിര്‍ പറഞ്ഞു. ഗള്‍ഫ് ടൈംസ് എഡിറ്റര്‍ക്ക് നല്‍കിയ മറുപടിയിസാണ് അവര്‍ ഇക്കാര്യം വ്യക്മാക്കിയത്.

ഇസ്‌റാഈലി ലോബി ഇന്‍ വാഷിംഗ്ടണ്‍ എന്ന അന്വേഷണ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് ഖത്വര്‍ ഗവണ്‍മെന്റ് അല്‍ ജസീറക്ക് വിലക്കേര്‍പ്പെടുത്തിയെന്നാണ് വാര്‍ത്ത വന്നത്. ഡോക്യുമെന്ററി ഇനി പ്രദര്‍ശിപ്പിക്കില്ലെന്ന് അമേരിക്കന്‍ ജൂത നേതാക്കള്‍ക്ക് ഖത്വര്‍ ഗവണ്‍മെന്റ് വാക്കു കൊടുത്തുവെന്നായിരന്നു വാര്‍ത്തകളിലെ വാദം.

നിര്‍മാണാത്മകമായ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി ക്രിയാത്മക നിലപാട് സ്വീകരിക്കുന്ന ഖത്വറിന് സ്വന്തം രാജ്യത്തെ മാധ്യമത്തില്‍ ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. നിലവിലെ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്. ഖത്വറിന്റെ തുറന്ന സമീപനങ്ങളുടെ നിറം കെടുത്തുകയാണ് ലക്ഷ്യം. അല്‍ ജസീറ അടച്ചു പൂട്ടണമെന്ന് ഉപരോധ രാജ്യങ്ങളുടെ ആവശ്യമായിരുന്നു.

അതു സ്ഥാപിച്ചെടുക്കാനുള്ള നീക്കങ്ങളുണ്ടാകും. അല്‍ ജസീറ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട രാജ്യങ്ങള്‍ക്ക നിരവധി മാധ്യമങ്ങളുണ്ട്. എന്നാല്‍ അല്‍ ജസീറയോട് കിടപിടിക്കാന്‍ അവക്ക് ആകുന്നില്ല. മാധ്യമ ആധികാരികത സ്ഥാപിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ തകര്‍ക്കുക എന്നത് ലക്ഷ്യമാക്കുകയാണ്. മാധ്യമ പ്രവര്‍ത്തനം അതിന്റെ സ്വതന്ത്രവും നീതിയുക്തവുമായ നിലപാടില്‍ തന്നെ മുന്നോട്ടു പോകും. രാജ്യാന്തര വും ദേശീയവുമായ നിയമങ്ങളും നിബന്ധനകളും മാധ്യമങ്ങള്‍ക്കും ബാധകമാണ്.
നിയമം ലംഘിച്ചു പ്രവര്‍ത്തിക്കുന്നതായി ഉത്കണ്ഠകള്‍ ഉയരുമ്പോള്‍ നിയമനടപടി സ്വീകരിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു.