ഇല്ലായ്മയുടെ തീയിലാണ് ഞാന്‍ വളര്‍ന്നത് സുഹൃത്തേ, നടന്നതും

ദുബൈ
Posted on: February 9, 2018 9:16 pm | Last updated: February 9, 2018 at 9:16 pm

വി എം സതീഷ്, ഓരോ ചുവടുവെപ്പിലും നെറികേടിനെതിരെയുള്ള തീ പന്തം കൈയില്‍ പിടിച്ചു. അതിന്റെ ജ്വാലകള്‍ ചിലരെ പൊള്ളിച്ചു.

മുന്നില്‍ നില്‍ക്കുന്നവരോട് വലിപ്പ ചെറുപ്പം നോക്കാതെ സംവദിച്ചു. അവരില്‍ ചിലരെ അഗാധമായി ഇഷ്ടപ്പെട്ടു. മറ്റു ചിലരോട് നിരന്തരമായി കലഹിച്ചു. തന്റെ ശരികളെ പക്ഷേ ഒരിക്കലും അവസാന വാക്കായി കണ്ടില്ല. വാഗ്വാദങ്ങളുടെ ഓരോ വാര്‍ത്താസമ്മേളനം കഴിയുമ്പോഴും ചോദ്യശരങ്ങളേറ്റവരോട് സതീഷ് സഹതാപാര്‍ദ്രനായി. തന്റെ നിലപാടിലെ കാര്‍ക്കശ്യം തനിക്കു വേണ്ടിയല്ലെന്നും സമൂഹത്തിനു വേണ്ടിയാണെന്നും പറഞ്ഞു.

ഓരത്തേക്കു വലിച്ചെറിയപ്പടുന്നവരോട് ഐക്യപ്പെട്ടു. ഫാസിസത്തോട് തര്‍ക്കിച്ചു. പൊട്ടിത്തെറിച്ചു. ബാല്യത്തിലെ തിക്താനുഭവങ്ങളാണ് തന്നെ ഇങ്ങനെ പരുവപ്പെടുത്തിയതെന്നു അടുപ്പമുള്ളവരോട് ഉള്ളു തുറന്നു.
ഒന്നിച്ചുള്ള യാത്രക്കിടയില്‍ പലപ്പോഴായി പങ്കുവെച്ച കാര്യങ്ങള്‍ പറയട്ടെ… ”ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. അമ്മ പാടത്തു പണിയെടുത്താണ് എന്നെ വളര്‍ത്തിയത്. പലപ്പോഴും പട്ടിണിയായിരുന്നു. സ്‌കൂളില്‍ പോകാന്‍ എല്ലാ വര്‍ഷവും ബാഗ് തന്ന ഒരു കമ്മ്യൂണിസ്റ്റു നേതാവുണ്ട്. അയാളെയും മറക്കാന്‍ വയ്യ. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ അയാളെ ഒരിക്കല്‍ കൂടി കണ്ടു. അമ്മയും അയാളുമാണ് മനസ്സിലെ വിഗ്രഹങ്ങള്‍. ഇതൊക്കെ നിന്നോട് പറയുന്നത് താനൊരു മോശം ജേണലിസ്റ്റ് ആയതു കൊണ്ടാണ്. ഒത്തുതീര്‍പ്പിനു വഴങ്ങുന്നതു കൊണ്ടാണ്. സാമൂഹിക നിലപാട് ഒരിക്കലും മാറ്റരുത്. ഓ ക്കെ”

”നീ കഥയെഴുതുന്നതൊക്കെ കൊള്ളാം. പക്ഷേ ജീവിത ഗാന്ധിയായിരിക്കണം. ചുമ്മാ ജാഡ കാണിക്കരുത്. ഞാനും എഴുതുന്നത് സ്റ്റോറിയാണെന്നു അറിയാമല്ലോ? ഞാനും പുസ്തകമിറക്കും”എന്ത് പുസ്തകം?
‘ആയിരക്കണക്കിന് ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറീസ് ഞാന്‍ ചെയ്തിട്ടുണ്ട്. ഒക്കെ ഒന്ന് സമാഹരിക്കണം. ആളാകാനല്ല. ഞാന്‍ കാരണം, എന്റെ എഴുത്തു കാരണം രക്ഷപ്പെട്ടവര്‍ക്ക് കൊടുക്കാനാണ്’
‘ഡിസ്ട്രസ്സിങ് എന്‍കൗണ്ടര്‍’ എന്ന, സതീഷിന്റെ പുസ്തകം ജനിക്കുന്നത് അങ്ങിനെയാണ്. അതിന്റെ ആമുഖത്തില്‍ ഈയുള്ളവനും ജലീല്‍ പട്ടാമ്പിക്കും ഷിനോജ് ശംസുദ്ധീനും ഡോ. ആസാദ് മൂപ്പനും ബി ആര്‍ ഷെട്ടിക്കും പി കെ സജിത്കുമാറിനും മറ്റും പ്രത്യേകം നന്ദി പറയാന്‍ സതീഷ് മറന്നില്ല.

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് എം എ ക്കു റാങ്ക് ലഭിച്ചതിന്റെ അഭിമാന ബോധം എപ്പോഴും പ്രകടിപ്പിച്ചിരുന്നു. ‘എന്റെ നാട്ടിലെ ആദ്യ റാങ്കുകാരനാണ് ഞാന്‍. എം ഫിലും ചെയ്തിട്ടുണ്ട്. മുംബൈയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജോലി ചെയ്ത എനിക്ക് ലോകത്തെവിടെയും പയറ്റാം, കേട്ടാ”
രോഷാകുലനാകുമ്പോള്‍ ശബ്ദം ഉച്ചസ്ഥായിയിലെത്തും.

ഒമാനില്‍ ആറു വര്‍ഷം ഡെയ്ലി ഒബ്‌സര്‍വറില്‍ ജോലി ചെയ്ത ശേഷമാണ് യു എ ഇ യില്‍ എത്തുന്നത്. ദുബൈ മീഡിയ സിറ്റിയില്‍ ഫ്രീലാന്‍സ് ചെയ്തു വരുമ്പോഴാണ് ദുബൈയിലെ മലയാളീ മാധ്യമ കൂട്ടായ്മയില്‍ വന്നുപെടുന്നത്. അലക്ഷ്യമായ താടിയും മുടിയും കൗതുകത്തോടെ നോക്കുന്നത് കണ്ടപ്പോള്‍ ‘ഞാന്‍ ഇങ്ങനെയാണ്, അധികം നോക്കി സമയം കളയണ്ടാ’ എന്ന് മുഖത്തടിച്ചു. സതീഷ് ഒരിക്കലും ആ വേഷം മാറാന്‍ തയ്യാറായില്ല. ഒടുവില്‍ തിരുവന്തപുരത്തു ലോക കേരള സഭ റിപ്പോര്‍ട് ചെയ്യാന്‍ രണ്ടു ദിവസം ഒന്നിച്ചു കൂടിയപ്പോള്‍ നിഷേധത്തിന്റെ ആ താടിയും മുടിയും പിന്നെയും നീണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം അജ്മാന്‍ ഖലീഫാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അനക്കമറ്റ് കിടക്കുമ്പോള്‍ സതീഷ് ഞങ്ങളോട് പറയാതെ പറഞ്ഞത് ഇതാണ്:
പി വി വിവേകാനന്ദിന്റെ വഴിയേ ഞാനും പോകുന്നു. ചെറിയ ജീവിതമാണ് കിട്ടിയതെങ്കിലും ഇക്കാലത്തു നട്ടെല്ല് വളയാതെ മുന്നോട്ടു പോകാന്‍ കഴിഞ്ഞല്ലോ, അതു മതി.

 

പ്രിയമിത്രത്തിന് പ്രവാസ ലോകത്ത്‌നിന്ന് കണ്ണീരില്‍ കുതിര്‍ന്ന വിട

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വി എം സതീഷിന് പ്രവാസ ലോകത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അജ്മാന്‍ ഖലീഫ ഹോസ്പിറ്റലില്‍ നിന്ന് ഉച്ചക്ക് രണ്ടുമണിയോടെ മൃതദേഹം ദുബൈ ഖിസൈസ് മുഹൈസിന എംബാം കേന്ദ്രത്തില്‍ എത്തിച്ചത് മുതല്‍ സുഹൃദ് വലയത്തില്‍പെട്ട മാധ്യമ പ്രവര്‍ത്തകരും മറ്റ് മേഖലകളില്‍ നിന്നുള്ളവരുമായ നൂറ് കണക്കിന് ആളുകളാണ് പ്രിയ മിത്രത്തെ അവസാനമൊരു നോക്ക് കാണുവാനായി എത്തിയത്. നടപടികള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതോടെ കടിച്ചമര്‍ത്തിയ ദുഃഖം കൂടി നിന്നവരുടെ കണ്ണുകളില്‍ ബാഷ്പാശ്രുക്കളായി.

പൊതുദര്‍ശനത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകരായ കെ പി കെ വേങ്ങര, എം സി എ നാസര്‍, കെ എം അബ്ബാസ്, എല്‍വിസ് ചുമ്മാര്‍, ജലീല്‍ പട്ടാമ്പി, ചന്ദ്ര സേനന്‍ സാംസ്‌കാരിക-രാഷ്ട്രീയ രംഗത്ത് നിന്ന് കെ എല്‍ ഗോപി, ഇബ്രാഹിം എളേറ്റില്‍, ബഷീര്‍ തിക്കോടി, പുന്നക്കന്‍ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.

നടപടികള്‍ പൂര്‍ത്തീകരിച്ചു ഇന്ന് വെളുപ്പിന് മൂന്നിനുള്ള ഷാര്‍ജ-കൊച്ചി വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്കയച്ചത്. രാവിലെ 8.25ന് കൊച്ചിയിലെത്തുന്ന മൃതദേഹം കോട്ടയം പ്രസ് ക്ലബില്‍ ഉച്ചക്ക് 12 മണി മുതല്‍ പൊതു ദര്‍ശനത്തിന് വെക്കും. സാമൂഹിക-സാംകാരിക-മാധ്യമ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പിക്കാന്‍ പ്രസ് ക്ലബ്ബിലെത്തും. ഉച്ചക്ക് ഒരു മണിക്ക് ശേഷം ചങ്ങനാശ്ശേരി കുറിച്ചിയിലെ വസതിയിലെത്തിച്ചു സംസ്‌കാര ചടങ്ങുകള്‍ നടത്തും. യു എ ഇയിലെ മാധ്യമ പ്രവര്‍ത്തകരെ പ്രതിനിധീകരിച്ചു എല്‍വിസ് ചുമ്മാര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. സാമൂഹിക പ്രവത്തകന്‍ അഷ്റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

ലുലു ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി നന്ദകുമാര്‍, കെ എം ട്രേഡിംഗ് മാര്‍കറ്റിംഗ് മാനേജര്‍ ഷെല്ലി ഫ്രാന്‍സിസ്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം, അഡ്വ. സാജിദ് അബൂബക്കര്‍, മാധ്യമ പ്രവര്‍ത്തകരായ പി പി ശശീന്ദ്രന്‍, ഇ എം അഷ്റഫ്, രമേശ് പയ്യന്നൂര്‍,സജില ശശീന്ദ്രന്‍, ധനുഷ ഗോകുലന്‍, തന്‍സി ഹഷീര്‍, രശ്മി രഞ്ചന്‍, ജയ്‌മോന്‍ ജോര്‍ജ്, സവാദ് റഹ്മാന്‍, കെ ടി അബ്ദുര്‍റബ്ബ്, മസ്ഹറുദ്ധീന്‍, യൂസഫലി, ശ്രീരാജ്, ജോജി, ശ്രീജിത്ത്, സാംസ്‌കാരിക രംഗത്തെ മഹാദേവന്‍ വാഴശേരില്‍, മായിന്‍ നാലകത്ത്, ബിജു സോമന്‍, നന്തി നാസര്‍, നസീര്‍ വാടാനപ്പള്ളി, ഷാജി ഹനീഫ്, റോയ് നെല്ലിക്കോട്, അഡ്വ. ഹാഷിഖ്, ദീപ അനില്‍, സര്‍ഗ റോയ്, വെള്ളിയോടന്‍, സുഭാഷ് ദാസ്, പി എ ജലീല്‍, ബശീര്‍ പടിയത്ത് തുടങ്ങി നാനാ തുറകളില്‍ നിന്നുള്ളവര്‍ അന്തിമോപചാരം അര്‍പിക്കാന്‍ എത്തിയിരുന്നു.