കുട്ടിഞ്ഞോക്ക് ആദ്യഗോള്‍; ബാഴ്‌സയും സെവിയ്യയും കോപ ഡെല്‍റെ ഫൈനലില്‍

Posted on: February 9, 2018 9:31 am | Last updated: February 9, 2018 at 12:10 pm

വലന്‍ഷ്യ/ മാഡ്രിഡ്: ബാഴ്‌സലോണയും സെവിയ്യയും കോപ ഡെല്‍റെ ഫൈനലില്‍. രണ്ടാം പാദ മത്സരത്തില്‍ വലന്‍ഷ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ പരാജയപ്പെടുത്തിയാണ് ബാഴ്‌സ ഫൈനലില്‍ കടന്നത്. നൗകൗമ്പില്‍ നടന്ന ആദ്യപാദത്തില്‍ ബാഴ്‌സ ഒരു ഗോളിന് ജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 3-0ത്തിന്റെ ജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്.

വലന്‍ഷ്യയുടെ തടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. കളിയുടെ 49ാം മിനുട്ടില്‍ കുട്ടിഞ്ഞോ ബാഴ്‌സയെ മുന്നിലെത്തിച്ചു. ലൂയി സുവാരസിന്റെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ബാഴ്‌സ ജേഴ്‌സിയില്‍ കുട്ടിഞ്ഞോയുടെ ആദ്യ ഗോളായിരുന്നു ഇത്. 82ാം മിനുട്ടില്‍ റാക്കിടിച്ച് രണ്ടാം ഗോള്‍ സ്വന്തമാക്കി.

ലാ ലിഗ എതിരാളികളായ ലെഗാനെസിനെ ഇരുപകുതികളിലുമായി 3-1ന് തോല്‍പ്പിച്ചാണ് സെവിയ്യയുടെ മുന്നേറ്റം. ആദ്യ പാദം 1-1; രണ്ടാം പാദം 2-0. തുടരെ മൂന്നാം സീസണിലും ഫൈനലിലെത്തിയ സെവിയ്യ 2000 ത്തിന് ശേഷം നാലാം തവണയാണ് കലാശപ്പോരിന് യോഗ്യത നേടിയത്. രണ്ടാം പാദ മത്സരത്തില്‍ സെവിയ്യ ഹോംഗ്രൗണ്ട് ആനുകൂല്യം മുതലെടുക്കുകയായിരുന്നു.

പതിനഞ്ചാം മിനുട്ടില്‍ ജോക്വുന്‍ കോറിയയുടെ ഗോളില്‍ സെവിയ്യ മുന്നിലെത്തി. എണ്‍പത്തൊമ്പതാം മിനുട്ടില്‍ ഫ്രാങ്കോ വാസ്‌ക്വുസ് നേടിയ ഗോളില്‍ സെവിയ്യ ഫൈനല്‍ ഉറപ്പിച്ചു.