അവരെല്ലാം പറയുന്നു, ഇയാള്‍ വേറെ ലെവലാണ് !

Posted on: February 9, 2018 1:39 am | Last updated: February 9, 2018 at 12:41 am

വിരാട് കോഹ്ലി വേറെ ലെവലാണ്, എന്തൊരു താരം – ആസ്‌ത്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ട്വിറ്ററില്‍ എഴുതി. ആസ്‌ത്രേലിയയുടെ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് അടിവരയിടുന്നു : ഏക്കാലത്തേയും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ വിരാട് ആണ് !

ഇന്ത്യയെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും താരങ്ങളെയും ഏത് വേദിയിലും വിമര്‍ശിക്കുന്ന സാക്ഷാല്‍ ജാവേദ് മിയാന്‍ദാദ് പറയുന്നു : സാങ്കേതിക തികവുള്ള, ബുദ്ധിമാനായ ബാറ്റ്‌സ്മാന്‍. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. അയാളെ ഞാന്‍ ഗ്രേറ്റ് എന്ന് വിശേഷിപ്പിക്കും. പ്രതിസന്ധിഘട്ടങ്ങളിലാണ് അയാളുടെ ഇന്നിംഗ്‌സുകള്‍. സാങ്കേതികമായി ഉന്നത നിലവാരത്തിലുള്ള ബാറ്റ്‌സ്മാന് മാത്രമേ തുടര്‍ച്ചയായി സ്‌കോറിംഗ് സാധിക്കൂ.
ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായപ്പോള്‍ മിയാന്‍ദാദ് കോച്ച് രാഹുല്‍ദ്രാവിഡിനെയും പ്രശംസിച്ചിരുന്നു.
ക്യാപ്റ്റന്‍ സ്ഥാനത്ത് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി വിരാട് കോഹ് ലി. പന്ത്രണ്ടാം സെഞ്ച്വറി.

സൗരവ് ഗാംഗുലിയുടെ പതിനൊന്ന് സെഞ്ച്വറികളുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ആസ്‌ത്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് മാത്രമാണ് വിരാടിന് മുന്നിലുള്ളത്. 22 സെഞ്ച്വറികള്‍.
വിരാട് കരിയറിലെ മുപ്പത്തിനാലാം ഏകദിന സെഞ്ച്വറി നേടിയത് 205താം മത്സരത്തിലായിരുന്നു. ഇതിഹാസ താരംസച്ചിന്‍ ടെണ്ടുല്‍ക്കര്‍ 34 സെഞ്ച്വറികളിലെത്തിയത് 298താം മത്സരത്തില്‍.

ഏകദിനത്തില്‍ നൂറ് സിക്‌സറുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് വിരാട്. 216 സിക്‌സറുകളുമായി ധോണിയാണ് ഒന്നാം സ്ഥാനത്ത്. രോഹിത്ശര്‍മ (165) രണ്ടാം സ്ഥാനത്ത്.

ദക്ഷിണാഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ വിരാട് നേടിയ 160 നോട്ടൗട്ട് ആണ്. 2001 ല്‍ ജൊഹന്നസ്ബര്‍ഗില്‍ ഗാംഗുലി നേടിയ 127 റണ്‍സാണ് പഴങ്കഥയായത്.